കേരകര്‍ഷകര്‍ക്ക് കല്പകശ്രീ ഡെബിറ്റ് കാര്‍ഡുമായി നാളികേര വികസന ബോര്‍ഡ്
Saturday, April 18, 2015 11:23 PM IST
കൊച്ചി: നാളികേര വികസന ബോര്‍ഡ് സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറുമായി ചേര്‍ന്ന് നാളികേര ഉത്പാദക സംഘങ്ങളില്‍ അംഗങ്ങളായ കര്‍ഷകര്‍ക്ക് കല്പകശ്രീ എന്ന പേരിലുള്ള ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കുന്നു. സംസ്ഥാന തലത്തില്‍ കേരകര്‍ഷകര്‍ക്കു നല്‍കുന്ന ഡെബിറ്റ് കാര്‍ഡുകളുടെ ആദ്യ വിതരണം ഇന്നു നെടുമ്പാശേരി ഫ്ളോറ എയര്‍പോര്‍ട്ട് ഹോട്ടലില്‍ നടക്കും. വൈകുന്നേരം 3.30നു ചേരുന്ന യോഗത്തില്‍ നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ. ജോസും സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എംഡി ജീവന്‍ദാസ് നാരായണും ചേര്‍ന്ന് ഡെബിറ്റ് കാര്‍ഡ് വിതരണോദ്ഘാടനം നിര്‍വഹിക്കും.

എറണാകുളം ജില്ലയിലെ അഞ്ചു ഫെഡറേഷനുകളില്‍ നിന്നുള്ള 65 കര്‍ഷകര്‍ക്കാണ് ആദ്യമായി കാര്‍ഡുകള്‍ നല്‍കുന്നത്. ഇതുവരെ 6,394 ഉത്പാദക സൊസൈറ്റികളും അവയുടെ അപെക്സ് ബോഡിയായ 361 ഉത്പാദക ഫെഡറേഷനുകളും 19 ഉത്പാദക കമ്പനികളുമാണ് സംസ്ഥാനത്ത് രൂപീകരിച്ചിട്ടുള്ളത്. കേരകര്‍ഷക കൂട്ടായ്മയില്‍ അംഗങ്ങളായ ഏഴുലക്ഷം കേരകര്‍ഷകര്‍ക്ക് ഭാവിയില്‍ ഡെബിറ്റ് കാര്‍ഡിന്റെ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താമെന്ന് ബോര്‍ഡ് പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. എടിഎമ്മുകളില്‍ നിന്നു പണം പിന്‍വലിക്കുന്നതിനോടൊപ്പം, വില്പനകേന്ദ്രങ്ങളിലെ ഇടപാടുകള്‍ക്കും ഇ-കോമേഴ്സ് ഇടപാടുകള്‍ക്കും ഈ കാര്‍ഡുകള്‍ ഉപയോഗിക്കാം.

കാര്‍ഡുടമകളുടെ പേര് കല്പകശ്രീ കോമ്പോ കാര്‍ഡില്‍ പ്രിന്റു ചെയ്തിരിക്കും. നാളികേര വികസന ബോര്‍ഡിനു കീഴില്‍ രജിസ്റര്‍ ചെയ്തിട്ടുള്ള കേരകര്‍ഷക കൂട്ടായ്മയില്‍ അംഗങ്ങളായ എല്ലാ എസ്ബി അക്കൌണ്ട് ഉടമകള്‍ക്കും കറന്റ് അക്കൌണ്ട് ഉടമകള്‍ക്കും ഡെബിറ്റ് കാര്‍ഡ് സൌകര്യം ലഭ്യമാക്കും.


കാര്‍ഡിന്റെ പ്രതിദിന എടിഎം പരിധി 40,000 രൂപയും വില്പനകേന്ദ്രങ്ങളില്‍ ചെലവഴിക്കാവുന്ന പരമാവധി പരിധി 50,000 രൂപയുമാണ്. കാര്‍ഡിന് ആദ്യ വര്‍ഷം കര്‍ഷകരില്‍ നിന്ന് ഫീസ് ഈടാക്കുന്നതല്ല. രണ്ടാം വര്‍ഷം മുതല്‍ 112 രൂപ ഫീസ് ഓരോ കാര്‍ഡുടമയും നല്‍കണം. വിതരണം ചെയ്യുന്ന ദിവസം മുതല്‍ 20 വര്‍ഷത്തേക്കാണ് മാഗ്നറ്റിക് സ്ട്രിപ്പോടുകൂടിയ കാര്‍ഡിന്റെ കാലാവധി. ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ എല്ലാ കാര്‍ഡുടമകള്‍ക്കും ഒരു ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് ആനുകൂല്യവും ലഭിക്കും. എസ്ബിടിയുടെ ശാഖകളില്‍ നിന്ന് അനുമതി നല്‍കുന്നതനുസരിച്ച് അര്‍ഹരായ കേരകര്‍ഷകര്‍ക്ക് കോമ്പോ കാര്‍ഡ് സ്കീമിലൂടെ വായ്പയും ലഭിക്കും.

അതനുസരിച്ച് തെങ്ങിന്‍ തോട്ടം വച്ചുപിടിപ്പിക്കുന്നതിനും പുനര്‍നടീലിനുമായി കര്‍ഷകര്‍ക്ക് 13 വര്‍ഷത്തെ കാലാവധിയോടെ വായ്പ ലഭ്യമാക്കും. ജലസേചനം നടത്തുന്ന തെങ്ങിന്‍തോട്ടങ്ങള്‍ക്ക് ഏക്കറിന് 1.50 ലക്ഷം രൂപയും നന ആവശ്യമില്ലാത്ത തോട്ടങ്ങള്‍ക്ക് 1.20 ലക്ഷം രൂപയുമാണു നല്‍കുന്നത്. ഇതോടൊപ്പം തോട്ടം പരിപാലനത്തിനും ഇടവിള കൃഷിക്കും കോമ്പോ കാര്‍ഡ് വഴി വായ്പ ലഭ്യമാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.