യുവ സംരംഭങ്ങള്‍ക്കു സഹായ വാഗ്ദാനവുമായി യുഎസ് അംബാസഡര്‍ സ്റാര്‍ട്ടപ് വില്ലേജില്‍
യുവ സംരംഭങ്ങള്‍ക്കു സഹായ വാഗ്ദാനവുമായി യുഎസ് അംബാസഡര്‍ സ്റാര്‍ട്ടപ് വില്ലേജില്‍
Sunday, April 19, 2015 11:54 PM IST
കൊച്ചി: ഇന്ത്യയിലെ സ്റാര്‍ട്ടപ് സംരംഭങ്ങള്‍ക്ക് മികച്ച പ്രവര്‍ത്തനാന്തരീക്ഷം സൃഷ്ടിക്കുന്നതിനു സാധ്യമായ ദീര്‍ഘകാല സഹകരണങ്ങളുടെ ഭാഗമായി ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ റിച്ചാര്‍ഡ് ആര്‍. വര്‍മ്മ സ്റാര്‍ട്ടപ് വില്ലേജ് സന്ദര്‍ശിച്ചു. വെള്ളിയാഴ്ച സ്റാര്‍ട്ടപ് വില്ലേജിലെത്തിയ അദ്ദേഹം യുവ സംരംഭകരോടും അധികൃതരോടും ആശയവിനിമയം നടത്തി.

യുവ സംരംഭകര്‍ക്ക് അമേരിക്കയിലെ സിലിക്കണ്‍ വാലി സന്ദര്‍ശിക്കാനുള്ള അവസരം ഒരുക്കണമെന്ന ആവശ്യം സ്റാര്‍ട്ടപ് വില്ലേജ് അധികൃതര്‍ അംബാസഡറുടെ മുന്നില്‍ വച്ചു. സിലിക്കണ്‍ വാലിയില്‍ തയാറാകുന്ന ലാന്‍ഡിംഗ് പാഡിന് എങ്ങനെ സഹായിക്കാനാകുമെന്ന് പരിശോധിക്കുമെന്ന് വര്‍മ്മ പറഞ്ഞു. ഇന്ത്യയിലെ സ്റാര്‍ട്ടപ്പുകള്‍ക്ക് സിലിക്കണ്‍ വാലിയിലെ സംരംഭക സംസ്കാരത്തെക്കുറിച്ച് നേരിട്ട് അറിവുപകരുന്നതിനുള്ള സംവിധാനമാണ് ലാന്‍ഡിംഗ് പാഡ്.

സംസ്ഥാന ഐടി, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍, സ്റാര്‍ട്ടപ് വില്ലേജ് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാര്‍, സിഇഒ പ്രണവ് കുമാര്‍ സുരേഷ് എന്നിവരും സ്റാര്‍ട്ടപ്പുകള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും കേരളത്തിലെ വിദഗ്ധരുടെ ലഭ്യതയെക്കുറിച്ചും വര്‍മ്മയെ ധരിപ്പിച്ചു. ഇന്ത്യയിലെയും അമേരിക്കയിലെയും സ്റാര്‍ട്ടപ് കമ്പനികള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുമെന്നു പറഞ്ഞ സ്ഥാനപതി പ്രസിഡന്‍ഷ്യല്‍ അംബാസഡേര്‍സ് ഫോര്‍ ഗ്ളോബല്‍ ഓണ്‍ട്രപ്രണര്‍ഷിപ്പിലെ (പേജ്) അംഗങ്ങളെ സ്റാര്‍ട്ടപ് വില്ലേജില്‍ എത്തിക്കുന്നതിനുള്ള സഹകരണവും വാഗ്ദാനം ചെയ്തു. അമേരിക്കന്‍ വാണിജ്യ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പേജ് രാജ്യത്തും പുറത്തുമുള്ള ഭാവിതലമുറ സംരംഭകരുടെ വികസനത്തിനായി അറിവും അനുഭവവും പങ്കുവയ്ക്കാന്‍ സന്നദ്ധരായ വിജയികളായ ബിസിനസുകാരുടെ കൂട്ടായ്മയാണ്.

വളര്‍ന്നു വരുന്ന സംരംഭകത്വ സംസ്കാരത്തിനും യുവസംരംഭകര്‍ക്കും ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൌകര്യവും നിക്ഷേപ സാധ്യതയും പൊതുസമൂഹത്തിന്റെ അനുകൂല സമീപനവുമാണ് വേണ്ടതെന്ന് പി.എച്ച്. കുര്യന്‍ പറഞ്ഞു. സംരംഭകര്‍ക്കായുള്ള എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുന്നുണ്െടങ്കിലും നിക്ഷേപകരില്‍ നിന്നും സിലിക്കണ്‍ വാലിയിലെ മാര്‍ഗനിര്‍ദേശകരില്‍ നിന്നും കൂടുതല്‍ സഹായവും സഹകരണവും ലഭ്യമായാല്‍ എല്ലാ വെല്ലുവിളികളെയും അഭിമുഖീകരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


മികച്ച ആദായമുണ്ടാക്കുന്ന സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ കമ്പനികള്‍ ജന്‍മം കൊണ്ട അമേരിക്കയിലെ സിലിക്കണ്‍ വാലിയുമായി ശക്തമായ സഹകരണം സ്ഥാപിക്കുന്നതിന് അംബാസഡറുടെ സന്ദര്‍ശനം വഴിതെളിക്കുമെന്ന് സഞ്ജയ് വിജയകുമാര്‍ പറഞ്ഞു. സിലിക്കണ്‍ വാലിയുമായി സഹകരണം സ്ഥാപിക്കുന്നതിലൂടെ ഇന്ത്യന്‍ സ്റാര്‍ട്ടപ്പുകളില്‍ മുതല്‍മുടക്കുന്നതിനു സന്നദ്ധരായ മാര്‍ഗനിര്‍ദേശകരിലേക്കും എയ്ഞ്ചല്‍ നിക്ഷേപകരിലേക്കും എത്താന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അനുഭവസമ്പന്നരായ ബിസിനസുകാരില്‍ നിന്ന് അറിവു നേടുന്നതിലൂടെയും വളര്‍ച്ചയ്ക്കു സഹായിക്കുന്ന നിക്ഷേപകരെ കണ്െടത്തുന്നതിലൂടെയും സ്റാര്‍ട്ടപ് വില്ലേജിലെ യുവ സംരംഭകര്‍ക്ക് പ്രവര്‍ത്തന, സാങ്കേതികവിദ്യ തലങ്ങളില്‍ ആഗോള ശ്രദ്ധനേടിക്കൊടുക്കുകയാണു ലക്ഷ്യമെന്ന് പ്രണവ് കുമാര്‍ സുരേഷ് പറഞ്ഞു.

ശാസ്ത്ര സാങ്കേതിക വകുപ്പ്, ടെക്നോപാര്‍ക്ക്, മോബ്മി വയര്‍ലെസ് എന്നിവയുടെ സഹകരണത്തോടെ 2012ല്‍ ഇന്ത്യയില്‍ ആരംഭിച്ച ആദ്യ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുളള ബിസിനസ് ഇന്‍കുബേറ്ററാണ് സ്റാര്‍ട്ടപ് വില്ലേജ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.