ഓഹരികള്‍ ഇടിഞ്ഞു
ഓഹരികള്‍ ഇടിഞ്ഞു
Thursday, May 7, 2015 10:49 PM IST
മുംബൈ: ഓഹരിവിപണിയിലെ നിക്ഷേപകര്‍ക്കു മൂന്നു ലക്ഷം കോടി രൂപ നഷ്ടം. ഇന്ത്യന്‍ ഓഹരിവിപണിയില്‍ ഇന്നലെയുണ്ടായ കനത്ത ഇടിവിന്റെ ഫലമതാണ്. സെന്‍സെക്സ് 2.63 ശതമാനവും നിഫ്റ്റി 2.74 ശതമാനവും താണു.

സെന്‍സെക്സ് 722.77 പോയിന്റ് താണ് 26717.37ലും നിഫ്റ്റി 227.80 താണ് 8097ലും എത്തി. 2015ലെ ഏറ്റവും താണ നിലയിലായി സൂചികകള്‍. മോദിസര്‍ക്കാര്‍ അധികാരമേറ്റശേഷമുള്ള രണ്ടാമത്തെ വലിയ ഇടിവാണിത്.

എല്ലാ വ്യവസായ വിഭാഗങ്ങളിലും തകര്‍ച്ചയായിരുന്നു. ബാങ്കിംഗ്, ലോഹ, യന്ത്രനിര്‍മാണ വിഭാഗങ്ങള്‍ നാലു മുതല്‍ എട്ടുവരെ ശതമാനം താണു.വിദേശനിക്ഷേപസ്ഥാപനങ്ങളുടെ വില്പനയാണ് പ്രധാന കാരണമായി പറയുന്നത്. മിനിമം ആള്‍ട്ടര്‍നേറ്റ് ടാക്സ് (മാറ്റ്) സംബന്ധിച്ച ആശങ്ക അവര്‍ക്കിടയില്‍ പ്രകടമാണ്. എട്ടു ദിവസംകൊണ്ട് അവര്‍ 9000 കോടി രൂപ കമ്പോളത്തില്‍ നിന്നു പിന്‍വലിച്ചു. 2008 മുതലുള്ള നികുതി ബാധ്യതയായി 40,000 കോടി രൂപ അവര്‍ നല്‍കേണ്ടതുണ്െടന്നാണു ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറയുന്നത്. ഇതുവരെ 602 കോടി രൂപയുടെ നികുതി നോട്ടീസുകള്‍ വിദേശനിക്ഷേപകര്‍ക്കു നല്‍കിക്കഴിഞ്ഞു.

വിദേശികള്‍ ചൊവ്വാഴ്ച 757 കോടിയും ഇന്നലെ 1700 കോടിയും രൂപയുടെ ഓഹരികള്‍ വിറ്റൊഴിഞ്ഞു.

ഓഹരിവിലയില്‍ നിശ്ചിത ഇടിവുണ്ടായാല്‍ വില്‍ക്കാനായി ക്രമീകരിച്ചിരിക്കുന്ന അല്‍ഗോരിതങ്ങള്‍ ഉപയോഗിച്ചുള്ള വ്യാപാരവും വിലയിടിവിന് ആക്കംകൂട്ടി. പ്രധാനമായും ഡെറിവേറ്റീവുകളിലാണ് അല്‍ഗോരിതം ഉപയോഗിച്ചുള്ള വ്യാപാരം നടന്നത്. രാവിലെ 900 കോടി രൂപയുടെ നിഫ്റ്റി മേയ് അവധി കോണ്‍ട്രാക്റ്റുകള്‍ മൂന്നര മിനിറ്റുകൊണ്ടു വിറ്റത് ഈ അല്‍ഗോരിതം വ്യാപാരത്തിന്റെ സൂചനയായിരുന്നു.

ക്രൂഡ് ഓയില്‍ വില (ബ്രെന്റ് ഇനം) 70 ഡോളറിലേക്കു നീങ്ങുന്നതും കമ്പനികളുടെ നാലാം പാദ ഫലങ്ങള്‍ നിരാശാജനകമായതും ഏപ്രിലിലെ വ്യവസായ ഉത്പാദനം മോശമാകുമെന്ന സൂചനയും വിലയിടിവിനു വഴിതെളിച്ച ഘടകങ്ങളില്‍പ്പെടുന്നു.

ഇടിവ് ഇനിയും തുടരുമെന്നു പല നിക്ഷേപ വിദഗ്ധരും പറയുന്നു. വിദേശ നിക്ഷേപകനായ മാര്‍ക് ഫേബര്‍, സെന്‍സെക്സ് 24000ല്‍ എത്തുമെന്നു കരുതുന്നു. എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിന്റെ സിഇഒ അസിം ധ്രു, ദീപാവലി വരെ കമ്പോളം താഴ്ന്നു നില്‍ക്കുമെന്നാണു പറയുന്നത്.

നിഫ്റ്റി 200 ദിന ശരാശരിക്കും താഴെപ്പോയതു സൂചിക ഇനിയും താഴോട്ടു നീങ്ങുമെന്നു കാണിക്കുന്നതായി സാങ്കേതിക വിശകലനക്കാര്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.