മുത്തൂറ്റ് ഫിനാന്‍സിന് 671 കോടി അറ്റാദായം
മുത്തൂറ്റ് ഫിനാന്‍സിന് 671 കോടി അറ്റാദായം
Thursday, May 7, 2015 10:51 PM IST
കൊച്ചി: പ്രമുഖ സ്വര്‍ണപ്പണയ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് 2015 മാര്‍ച്ച് 31ന് അവസാനിച്ച ത്രൈമാസത്തില്‍ 165 കോടി രൂപയും ഇതേ ദിവസം അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 671 കോടി രൂപയും അറ്റാദായമുണ്ടാക്കി. നാഷണല്‍ ഹൌസിംഗ് ബാങ്കില്‍ രജിസ്റര്‍ ചെയ്ത ഹൌസിംഗ് ഫിനാന്‍സ് കമ്പനിയായ മുത്തൂറ്റ് ഹോംഫിന്‍ ഇന്ത്യാ ലിമിറ്റഡില്‍ നിയന്ത്രണ സ്ഥാപനങ്ങളുടെ അനുമതിക്കു വിധേയമായി 50 കോടി രൂപ വരെയുള്ള നിക്ഷേപം നടത്താനും ബോര്‍ഡ് യോഗം തീരുമാനിച്ചതായി ചെയര്‍മാന്‍ എം.ജി. ജോര്‍ജ് മുത്തൂറ്റ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഭവനവായ്പാ രംഗത്തേക്കു കടക്കാനും അതിനെ സബ്സിഡിയറി ആക്കാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. സാമ്പത്തിക രംഗത്തെ തളര്‍ച്ചയ്ക്കിടയിലും 2015ന്റെ അവസാന ത്രൈമാസത്തില്‍ വായ്പകള്‍ 1,320 കോടി രൂപയോളം വളര്‍ത്തുന്ന രീതിയില്‍ മികച്ച പ്രവര്‍ത്തനങ്ങളാണു കമ്പനിക്കു കാഴ്ചവയ്ക്കാനായത്. വികസനത്തിന്റെ ഈ ഗതി പുതിയ സാമ്പത്തിക വര്‍ഷത്തിലും തുടരാനാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 23,408 കോടി രൂപയുടെ റീട്ടെയില്‍ വായ്പ നല്‍കി. ആകെ വരുമാനം 4,325 കോടി രൂപ. നികുതിക്കു ശേഷമുള്ള ലാഭം 671 കോടി രൂപ.

കടന്നുപോയ ഘട്ടത്തിലെ പ്രതികൂല സാഹചര്യങ്ങളുമായി തുലനം ചെയ്യുമ്പോള്‍ 671 കോടി രൂപയുടെ ലാഭം വളരെ മികച്ച നേട്ടമാണ്. ഇതോടൊപ്പം ത്രൈമാസത്തിലെ അറ്റാദായം ഏഴു ശതമാനത്തോളം ഉയര്‍ന്നിട്ടുമുണ്ട്. കഴിഞ്ഞ മൂന്നു ത്രൈമാസങ്ങളിലായി വായ്പകളിലുണ്ടായ തുടര്‍ച്ചയായ വളര്‍ച്ചയെ തുടര്‍ന്ന് ബിസിനസ് അതിന്റെ പതിവു പാതയിലേക്കു തിരിച്ചുവന്നിരിക്കുകയാണ്.

പുതിയ കമ്പനി നിയമത്തിലെ വ്യവസ്ഥകള്‍ മൂലം ഉയര്‍ന്ന ഡിപ്രീസിയേഷന്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയത് മുഴുവന്‍ വര്‍ഷത്തേക്കുള്ള ലാഭത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. നിയന്ത്രണ സ്ഥാപനങ്ങള്‍ നിര്‍ദേശിക്കുന്ന 0.25 ശതമാനത്തിനു പകരം 0.50 ശതമാനം ആസ്തി മാറ്റിവയ്ക്കലാണ് കമ്പനി തുടരുന്നത്. കമ്പനി ഇതിനകം 40 ശതമാനം ഇടക്കാല ലാഭ വിഹിതം നല്‍കിയിട്ടുണ്ട്. 20 ശതമാനം അന്തിമ ലാഭവിഹിതം നല്‍കാനും ശിപാര്‍ശ നല്‍കിയിട്ടുണ്ട്. ഇതോടെ ലാഭവിഹിതം 60 ശതമാനമായി ഉയരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 26 സംസ്ഥാനങ്ങളിലും നാലു കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 4,245 ശാഖകളാണ് മുത്തൂറ്റ് ഫിനാന്‍സിന് ഉള്ളത്. എക്സിക്യുട്ടീവ് ഡയറക്ടര്‍ കെ.പി. പത്മകുമാര്‍ അടക്കമുള്ള ഡയറക്ടര്‍മാരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.