നേട്ടങ്ങളുടെ കരുത്തില്‍ സിയാല്‍ 17-ാം വയസിലേക്ക്
നേട്ടങ്ങളുടെ കരുത്തില്‍ സിയാല്‍ 17-ാം വയസിലേക്ക്
Friday, May 22, 2015 11:01 PM IST
നെടുമ്പാശേരി: പൊതു - സ്വകാര്യ പങ്കാളിത്വം (പിപിപി മോഡല്‍) എന്ന നൂതന വികസന ഫോര്‍മുല ഇന്ത്യയില്‍ ആദ്യമായി വിജയകരമായി നടപ്പിലാക്കിയ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (സിയാല്‍) അഭിമാനകരമായ നേട്ടങ്ങളുടെ കരുത്തില്‍ 17-ാം വയസിലേക്ക്. 16-ാം വാര്‍ഷികം ആഘോഷിക്കുന്ന സിയാല്‍ സ്വപ്നതുല്യമായ വളര്‍ച്ചയിലൂടെ വ്യോമയാന മേഖലയ്ക്കു തന്നെ മാതൃകയായിരിക്കുന്നു.

1999 മേയ് 25ന് അന്നത്തെ രാഷ്ട്രപതി കെ.ആര്‍. നാരായണനാണ് കൊച്ചി വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. ജൂണ്‍ പത്തിന് ആദ്യത്തെ അന്താരാഷ്ട്ര ഫ്ളൈറ്റ് പറന്നുയര്‍ന്നു. ഉച്ചകഴിഞ്ഞ് 1.10 ന് ദമാമിലേക്ക് എയര്‍ ഇന്ത്യ പ്രഥമ സര്‍വീസ് ആരംഭിച്ചു.

പ്രതിവാരം 66 ഫ്ളൈറ്റുകളാണു തുടക്കത്തില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ പ്രതിവാര ഫ്ളൈറ്റുകള്‍ 1040ല്‍ പരമാണ്. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ സിയാല്‍ ഇന്ത്യയില്‍ നാലാം സ്ഥാനത്താണ്. കഴിഞ്ഞ പത്തു വര്‍ഷമായി തുടര്‍ച്ചയായി ഓഹരി ഉടമകള്‍ക്ക് ഡിവിഡന്റ് നല്കി വരുന്നു. ഓഹരി നിക്ഷേപത്തിന്റെ 135 ശതമാനം ഇതിനകം ഡിവിഡന്റായി നല്കിക്കഴിഞ്ഞു.


വ്യോമയാനേതര വരുമാനം സിയാലിന് വന്‍ സഹായമാണ്. വരുമാനത്തിന്റെ 30 ശതമാനത്തിലേറെ ഡ്യൂട്ടിഫ്രീ ഷോപ്പില്‍നിന്നാണ്. സിയാല്‍ ഇന്‍ഫ്രാസ്ട്രച്ചര്‍ ലിമിറ്റഡ് വൈദ്യുതി ഉത്പാദനം, വിമാനത്താവള നിര്‍മാണം തുടങ്ങിയ മേഖലകളിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. എയര്‍ കേരള മറ്റൊരു സഹസ്ഥാപനമാണ്. സോളാര്‍ വൈദ്യുതി ഉത്പാദനത്തിലും സിയാല്‍ മുന്നേറുകയാണ്. പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ വളര്‍ച്ചയുടെ മറ്റൊരു നാഴികക്കല്ലാണ്.

1000 കോടി രൂപ മുടക്കി 15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ടെര്‍മിനലാണ് നിര്‍മിക്കുന്നത്. 25ന് ട്രേഡ് ഫെയര്‍ എക്സിബിഷന്‍ ഹാളിലാണ് 16-ാം വാര്‍ഷികാഘോഷം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.