പണരഹിത ഇടപാടുകള്‍: നടപടികള്‍ പുരോഗമിക്കുന്നു
Friday, May 22, 2015 11:04 PM IST
മുംബൈ: സമ്പദ്വ്യവസ്ഥയില്‍ പണത്തിന്റെ ഉപയോഗം കുറയ്ക്കുന്നതു സംബന്ധിച്ച കാര്യങ്ങളില്‍ ആര്‍ബിഐ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും ഈ വിഷയത്തില്‍ ഉടന്‍ ചര്‍ച്ചകള്‍ക്കുള്ള കുറിപ്പ് പുറത്തിറക്കുമെന്നും ആര്‍ബിഐ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജി. പത്മനാഭന്‍ പറഞ്ഞു.

പണരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനു വിവിധ മാര്‍ഗങ്ങള്‍ തേടുകയാണ്. ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. കാര്‍ഡിലൂടെയുള്ള അടവുകള്‍ക്ക് ഈടാക്കുന്ന പ്രതിഫലം അടക്കമുള്ള ഘടകങ്ങളും പരിഗണിക്കുന്നുണ്ട്. നാഷണല്‍ പേയ്മെന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കള്ളപ്പണം സംബന്ധിച്ചുള്ള വാദപ്രതിവാദങ്ങള്‍ ശക്തമാകുന്നതിനിടയിലാണ് പത്മനാഭന്റെ പ്രതികരണം.


തദ്ദേശീയ സാഹചര്യങ്ങള്‍ കണക്കിലെടുത്തും പണ ഇടപാടുകള്‍ പോലെതന്നെ എളുപ്പമാണ് പണരഹിത ഇടപാടുകളും എന്ന കാഴ്ചപ്പാടോടെയും വേണം ഇതിനു പരിഹാരം തേടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കള്ളപ്പണം പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് പണരഹിത ഇടപാടുകളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിപ്രായപ്പെട്ടിരുന്നു. പണരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ചെയ്യാവുന്നതെല്ലാം തന്നെ സര്‍ക്കാരും ആര്‍ബിഐയും ചെയ്തുവരുന്നുണ്െടന്നും അദ്ദേഹം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.