1600 കോടിയുടെ പദ്ധതികളുമായി സിയാല്‍ കുതിപ്പിലേക്ക്
1600 കോടിയുടെ പദ്ധതികളുമായി സിയാല്‍ കുതിപ്പിലേക്ക്
Tuesday, May 26, 2015 11:19 PM IST
നെടുമ്പാശേരി: സിവില്‍ ഏവിയേഷന്‍ മേഖലയില്‍ അടുത്ത 20 വര്‍ഷം ഉണ്ടാകാവുന്ന വെല്ലുവിളികള്‍ നേരിടാന്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനെ (സിയാല്‍) പ്രാപ്തമാക്കുമെന്നു മാനേജിംഗ് ഡയറക്ടര്‍ വി.ജെ.കുര്യന്‍ 16-ാം വാര്‍ഷികത്തോടനുബന്ധിച്ചു നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. ഇതിനായി 1,600 കോടി രൂപയുടെ പദ്ധതികള്‍ക്കു രൂപം നല്‍കിയിട്ടുണ്ട്. പുതിയ റെയില്‍വേ മേല്‍പാലത്തിന് 16 കോടി രൂപ മുടക്കും. എട്ടു നിലകളുള്ള വ്യാപാരസമുച്ചയം നിര്‍മിക്കും. ഇതിന് 37 കോടി രൂപയാണു പ്രതീക്ഷിക്കുന്ന ചെലവ്. സിയാലിനോടു ചേര്‍ന്നു കിടക്കുന്ന നാലു പഞ്ചായത്തുകളില്‍ കുടിവെള്ള പദ്ധതി നടപ്പാക്കും. ഇതിന് 80 കോടി രൂപയാണു മുതല്‍മുടക്ക്.

പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ 2016 ആരംഭത്തില്‍ ഉദ്ഘാടനംചെയ്യും. 1,000 കോടി രൂപ ചെലവഴിച്ചു നിര്‍മിക്കുന്ന ഈ ടെര്‍മിനലിന് 15 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുണ്ട്. സിയാല്‍ പൂര്‍ണമായും സൌരോര്‍ജത്തില്‍ പ്രവര്‍ത്തിപ്പിക്കും. 12 മെഗാവാട്ട് ശേഷിയുള്ള സോളാര്‍ പാനലുകളാണ് ഇതിനായി സ്ഥാപിക്കുന്നത്. 350 കോടി രൂപ ചെലവഴിച്ചു ചെറുകിട ജലസേചന പദ്ധതികള്‍ മുഖേന 42 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞു. ഈ വൈദ്യുതി കെഎസ്ഇബിയുടെ ഗ്രിഡിലേക്കു നല്‍കും. 21 കോടി രൂപ ചെലവഴിച്ചു വിമാനത്താവളത്തിലേക്കുള്ള വിഐപി റോഡ് നാലുവരി പാതയാക്കി. ഈ വഴിയുടെ വളവുകള്‍ പരമാവധി നിവര്‍ത്തിയാണു നിര്‍മാണം നടത്തിയിട്ടുള്ളത്.


2001ല്‍ സിയാല്‍ വഴി 8.33 ലക്ഷം യാത്രക്കാരാണു വന്നുപോയത്. 2015ല്‍ യാത്രക്കാരൂടെ എണ്ണം 64 ലക്ഷമായി വര്‍ധിച്ചു. 2016ല്‍ ഇത് 75 ലക്ഷമാകുമെന്നും കുര്യന്‍ പറഞ്ഞു. ഇപ്പോള്‍ ദിവസേന 130 ടണ്‍ ചരക്ക് കയറിപ്പോകുന്നുണ്ട്. സിയാലിനു ഹബ് പദവി ലഭിക്കുന്നതിനു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഓഹരിയുടമകള്‍ക്ക് നാലില്‍ ഒന്ന് ഓഹരി അടുത്ത ഒക്ടോബറില്‍ അവകാശ ഓഹരിയായി നല്‍കും. 1999 മേയ് 25ന് ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ പ്രഥമ ജനകീയ വിമാനത്താവളത്തിന് 32 രാജ്യങ്ങളിലായി 18,000 ഓഹരിയുടമകളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.