ചൈനീസ് സൂചികയില്‍ തകര്‍ച്ച; അലയൊലികള്‍ ഏഷ്യന്‍ വിപണിയിലും
Friday, May 29, 2015 11:04 PM IST
കൊച്ചി: ചൈനീസ് ഓഹരി സൂചികയിലെ തകര്‍ച്ച ഏഷ്യന്‍ വിപണികളിലും അലയൊലികള്‍ തീര്‍ത്തു. ചൈനീസ് ഓഹരി ഇടപാടുകള്‍ക്കുള്ള മാര്‍ജിന്‍ മണി ഉയര്‍ത്തിയത് നിക്ഷേപകരെ വില്പനക്കാരാക്കി. ഷാങ്ഹായി ഓഹരി സൂചിക ആറര ശതമാനം ഇടിഞ്ഞു. ജനുവരിക്കു ശേഷമുള്ള ഏറ്റവും കനത്ത തകര്‍ച്ചയാണ് ചൈനീസ് നിക്ഷേപകര്‍ ഇന്നലെ ദര്‍ശിച്ചത്. കേന്ദ്ര ബാങ്ക് സാമ്പത്തിക മേഖലയുടെ വളര്‍ച്ചയ്ക്ക് ഊര്‍ജം പകരാന്‍ കടുത്ത നിലപാടുകളിലേക്ക് നീങ്ങുന്നതും ഓഹരി സൂചികയില്‍ പിരിമുറുക്കമുളവാക്കി. റിക്കാര്‍ഡ് ഇടപാടുകളാണ് ചൈനീസ് മാര്‍ക്കറ്റില്‍ നടന്നത്. മൊത്തം 1.2 ട്രില്യണ്‍ യുവാനിന്റെ ഓഹരി കൈമാറ്റം നടന്നു. അതായത് 193.57 ഡോളര്‍.

ചൈനയില്‍ ഷാങ്ഹായി സൂചിക 321 പോയിന്റ് ഇടിഞ്ഞ് 4620 ക്ളോസ് ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ സൂചിക 140 ശതമാനം മുന്നേറിയിരുന്നു. വന്‍ കുതിപ്പുകള്‍ക്കിടയിലെ കനത്ത തകര്‍ച്ചയുടെ ആഘാതം ഹോങ്കോംഗ് സൂചികയായ ഹാന്‍സെങിലും പ്രകമ്പനം ഉളവാക്കി. ചൈനയിലെ പുതിയ സംഭവ വികാസങ്ങള്‍ യു എസ് ഡോളര്‍ ഇന്‍ഡക്സിനു തിളക്കം പകര്‍ന്നു. എന്നാല്‍ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍, സ്വര്‍ണ വിലകളില്‍ ഇത് കാര്യമായ ചലനം ഉളവാക്കിയില്ല.


ഇന്ത്യന്‍ ഓഹരി വിപണി ഇന്നലെ അല്‍പം സമ്മര്‍ദത്തിലായിരുന്നു. ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സില്‍ മേയ് സീരീസ് സെറ്റില്‍മെന്റ് മുന്‍നിര്‍ത്തി ഓപ്പറേറ്റര്‍മാര്‍ കരുതലോടെയാണ് നീങ്ങിയത്. സെന്‍സെക്സ് 58 പോയിന്റ് കുറഞ്ഞ് 27,506 ലും നിഫ്റ്റി സൂചിക 15 പോയിന്റ് താഴ്ന്ന് 8,319 ലും ക്ളോസിംഗ് നടന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.