ഫാക്ടും ചൈനീസ് കമ്പനിയും ധാരണാപത്രം ഒപ്പുവച്ചു
ഫാക്ടും ചൈനീസ് കമ്പനിയും ധാരണാപത്രം ഒപ്പുവച്ചു
Sunday, May 31, 2015 11:21 PM IST
കൊച്ചി: എഫ്എസിടിയുടെ എന്‍ജിനീയറിംഗ് ആന്‍ഡ് ഡിസൈന്‍ ഡിവിഷനായ ഫാക്ട് എന്‍ജിനീയറിംഗ് ആന്‍ഡ് ഡിസൈന്‍ ഓര്‍ഗനൈസേഷന്‍ (ഫെഡോ), ഫാക്ട് എന്‍ജിനീയറിംഗ് വര്‍ക്ക്സ് (ഫ്യൂ) എന്നിവ ചൈനീസ് കമ്പനിയായ ഹൌലു എന്‍ജിനീയറിംഗ് ടെക്നോളജി ലിമിറ്റഡുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

എന്‍ജിനീയറിംഗ് ഉപകരണങ്ങളുടെയും ഫാബ്രിക്കേഷന്‍, പരിശോധന, രാസവള ഉത്പാദന പ്ളാന്റുകളുടെ പുനഃക്രമീകരണം തുടങ്ങി വിവിധ മേഖലകളിലായിരിക്കും സഹകരണം. വളം, രാസവസ്തുകള്‍, ഹൈഡ്രോ കാര്‍ബണുകള്‍ എന്നീ മേഖലകളില്‍ സംയുക്ത പ്രവര്‍ത്തനം നടത്താനുള്ള അവസരമാണ് ഇതുവഴി സംജാതമാകുകയെന്ന് ഫാക്ട് പത്രക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യയിലും വിദേശത്തുമുള്ള സമാന പദ്ധതികളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതു സംബന്ധിച്ചുള്ള വിവരങ്ങള്‍ അന്യോന്യം കൈമാറും. സാങ്കേതിക സഹകരണവും ധാരണാപത്രത്തില്‍ ഉറപ്പാക്കുന്നുണ്ട്.


എഫ്എസിടിക്കു വേണ്ടി ഫെഡോ ജോയിന്റ് ജനറല്‍ മാനേജര്‍ മാനുവല്‍ സക്കറിയാസ്, ഫ്യൂ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ കുര്യന്‍ ഏബ്രഹാം എന്നിവരും, ഹൌലു എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജി ലിമിറ്റഡിനു വേണ്ടി ഓവര്‍സീസ് വിഭാഗം ഡയറക്ടര്‍ ജിന്‍ഷാന്‍, ഓവര്‍സീസ് വിഭാഗം മാനേജര്‍ നിയു ഫുസു എന്നിവരും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

എഫ്എസിടി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി ജയ്വീര്‍ ശ്രീവാസ്തവ അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.