സിയാല്‍ 7.65 ലക്ഷം അവകാശ ഓഹരികള്‍ നല്‍കും; നടപടികള്‍ തുടങ്ങി
സിയാല്‍ 7.65 ലക്ഷം അവകാശ ഓഹരികള്‍ നല്‍കും; നടപടികള്‍ തുടങ്ങി
Tuesday, June 30, 2015 11:15 PM IST
നെടുമ്പാശേരി: കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (സിയാല്‍) കമ്പനി 7.65 ലക്ഷം അവകാശ ഓഹരികള്‍ നല്‍കും. ഇതു സംബന്ധിച്ച കത്തുകള്‍ ഓഹരി ഉടമകള്‍ക്ക് അയച്ചുതുടങ്ങി. സിയാലിന്റെ 20-ാം വാര്‍ഷിക പൊതുയോഗ തീരുമാനമനുസരിച്ച് നിലവിലുള്ള ഓഹരി ഉടമകള്‍ക്ക് നാല് ഓഹരിക്ക് ഒരു ഓഹരി എന്ന അനുപാതത്തിലാണ് അവകാശ ഓഹരി കൊടുക്കുന്നത്.

ഓഹരിമുഖവിലയായി 10 രൂപയും പ്രീമിയം ഇനത്തില്‍ 40 രൂപയും ഉള്‍പ്പെടെ 50 രൂപ നിരക്കിലാണ് അവകാശ ഓഹരി കൊടുക്കുന്നത്. 2015 ജൂലൈ 24 മുതല്‍ ഓഗസ്റ്റ് 22 വരെയുള്ള കാലയളവിലാണ് ഓഹരി വിതരണം ചെയ്യുന്നത്.

30 രാജ്യങ്ങളിലായി താമസിക്കുന്ന 18,000 പേര്‍ക്ക് അവകാശ ഓഹരിക്ക് അര്‍ഹതയുണ്ട്. 138 കോടി രൂപ മുഖവിലയുള്ള 32 ശതമാനം ഓഹരി കേരള സര്‍ക്കാരിനുണ്ട്. 2014 മാര്‍ച്ച് 31ലെ കണക്കനുസരിച്ച് സിയാലിന് 30.61 കോടി ഓഹരിയുണ്ട്.

അവകാശ ഓഹരിവില്‍പനകൂടി പൂര്‍ത്തിയാകുമ്പോള്‍ സിയാലിന്റെ അടച്ചുതീര്‍ത്ത മൂലധനം 382.65 കോടി രൂപയാകും. ഹഡ്കോയുമായിട്ടുള്ള തര്‍ക്കം പരിഹരിച്ചതിനാല്‍ അവര്‍ക്കായി നീക്കിവച്ചിരുന്ന 9.4 കോടി ഓഹരി സിയാലിനു വിറ്റഴിക്കാന്‍ കൈവശമുണ്ട്. 10 രൂപ മുഖവിലയുള്ള സിയാല്‍ ഓഹരിക്ക് ഇപ്പോള്‍ 20 ഇരട്ടി മൂല്യമുണ്ട്.


1994ല്‍ 5,000 രൂപ ഓഹരിക്ക് മുടക്കിയവര്‍ക്ക് അന്നുതന്നെ 250 ഓഹരിയും 2,500 രൂപയുടെ ഇന്ദിരവികാസ്പത്രയും ഡോണര്‍പാസും നല്‍കിയിരുന്നു. അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ മുടക്കിയ 5,000 രൂപ ഇന്ദിരവികാസ്പത്രികയില്‍ നിന്നു കിട്ടി.

കിട്ടിയ 250 ഓഹരിക്ക് 2000ത്തില്‍ അത്രയും ഓഹരി 10 രൂപ മുഖവിലയ്ക്ക് അവകാശഓഹരിയായി കിട്ടി. ഈ 500 ഓഹരിക്ക് 2006ല്‍ 10 രൂപ മുഖവിലക്ക് 500 ഓഹരികൂടി അവകാശ ഓഹരിയായി കിട്ടി. ഇപ്പോള്‍ കൈവശമുള്ള 1,000 ഓഹരിക്ക് 250 ഓഹരി കൂടി കിട്ടുകയാണ്. ഇതിനു പുറമെ 153 ശതമാനം ഡിവിഡന്റായി കിട്ടി. 1,250 ഓഹരിക്ക് ഇപ്പോള്‍ 2.5 ലക്ഷം രൂപ കിട്ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.