സമുദ്രോത്പന്ന കയറ്റുമതി റിക്കാര്‍ഡില്‍
സമുദ്രോത്പന്ന കയറ്റുമതി റിക്കാര്‍ഡില്‍
Friday, July 3, 2015 11:26 PM IST
കൊച്ചി: സമുദ്രോത്പന്ന കയറ്റുമതിയിയിലുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യം നേടിയത് 551.11 കോടി ഡോളര്‍. സമുദ്രോത്പന്ന കയറ്റുമതിയുടെ അളവിലും വിദേശനാണ്യത്തിന്റെ മൂല്യത്തിലും ഇതു സര്‍വകാല റിക്കാര്‍ഡാണെന്നു സമുദ്രോത്പന്ന കയറ്റുമതി വികസന അഥോറിറ്റി (എംപിഇഡിഎ) ചെയര്‍പേഴ്സണ്‍ ലീന നായര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

33,441.61 കോടി രൂപ വിലമതിക്കുന്ന 10,51,243 ടണ്‍ കയറ്റുമതിയിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ സമുദ്രോത്പന്ന കയറ്റുമതിയുമായി താരതമ്യം ചെയ്യുമ്പോള്‍ തൂക്കത്തില്‍ 6.86 ശതമാനവും മൂല്യത്തില്‍ 10.05 ശതമാനവും വര്‍ധനവുണ്ടായി. അടുത്ത സാമ്പത്തികവര്‍ഷം 660 കോടി ഡോളര്‍ വരുമാനമാണ് ലക്ഷ്യമിടുന്നത്.

വിദേശ കറന്‍സികളുടെ മൂല്യശോഷണം ചൈനയുടെ കിതപ്പ് എന്നിവയ്ക്കൊപ്പം തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള വിതരണ ശൃംഖലയുടെ പുരോഗതിയും സമുദ്രോത്പന്നങ്ങളില്‍ പ്രധാനമായ ചെമ്മീനിന്റെ കയറ്റുമതിയെ സ്വാധീനിച്ചു. ശീതീകരിച്ച ചെമ്മീനിന്റെ കയറ്റുമതി വളര്‍ച്ച 18.60 ശതമാനവും ഇന്ത്യന്‍ രുപയില്‍ മൂല്യവര്‍ധന 16 ശതമാനവുമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ചെമ്മീന്‍ കയറ്റുമതി 3,57,505 ടണ്ണും മൂല്യം 3709.76 ദശലക്ഷം ഡോളറുമാണ്.


ശീതീകരിച്ച ചെമ്മീനിന്റെ പ്രധാന വിപണി അമേരിക്കയും (1,12,702 ടണ്‍), യൂറോപ്യന്‍ യൂണിയന്‍ (81,952 ടണ്‍), തെക്കുകിഴക്കന്‍ ഏഷ്യ (69,068 ടണ്‍), ജപ്പാന്‍ (30,434 ടണ്‍) എന്നിവയാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ ചെമ്മീന്‍ കൃഷി 30.64 ശതമാനം വളര്‍ച്ച നേടുകയും 4,34,558 ടണ്ണായി ഉത്പാദനം ഉയരുകയും ചെയ്തു. ഇതില്‍ 3,53,413 ടണ്‍ ഉത്പാദനവുമായി വനാമി 41 ശതമാനം വര്‍ധന നേടി. എന്നാല്‍ കാരചെമ്മീന്റെ ഉത്പാദനം 71,400 ടണ്ണായി കുറഞ്ഞു. ആറ്റുകൊഞ്ചിന്റെ ഉത്പാദനം 32 ശതമാനം വര്‍ധിച്ച് 7,989 ടണ്ണിലെത്തി.

അഥോറിറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ അക്വാകള്‍ച്ചറല്‍ ലാബിന് എന്‍എബിഎല്‍ അംഗീകാരം ലഭിച്ചു. രാജ്യത്ത് എന്‍എബിഎല്‍ അംഗീകാരം ലഭിച്ചിട്ടുള്ള ആദ്യത്തെ ജനറ്റിക് ലാബാണിത്. കഴിഞ്ഞ വര്‍ഷം പാത്തോളജി ലാബിനും ഈ അംഗീകാരം ലഭിച്ചിരുന്നു. ഗാര്‍ഹിക അടിസ്ഥാനത്തിലുള്ള അക്വാപോണിക്സ് പോലുള്ള സംവിധാനങ്ങള്‍ കൂടുതലായി നടപ്പാക്കാനും ലക്ഷ്യമിടുന്നതായും ലീന നായര്‍ പറഞ്ഞു. സീഫുഡ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് എ.ജെ. തരകന്‍, എംപിഇഡിഎ ഡയറക്ടര്‍ എന്‍. രമേശ്, സെക്രട്ടറി ബി. ശ്രീകുമാര്‍ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.