ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവലും കോ-ഓപ്ടെക്സും കൈകോര്‍ക്കുന്നു
Tuesday, July 28, 2015 11:28 PM IST
കൊച്ചി: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന കേരള ഷോപ്പിംഗ് ഫെസ്റിവലുമായി കൈകോര്‍ത്തു പ്രവര്‍ത്തിക്കാന്‍ കാഞ്ചീപുരം പട്ടിന്റെ ഉദ്പാദക സംഘങ്ങള്‍ ഉള്‍പ്പെടുന്ന കോ-ഓപ്ടെക്സ് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കോ ഓപ്ടെക്സിന്റെ ജൈവ വസ്ത്ര ഉല്‍പ്പന്നമായ ഓര്‍ഗാനിക്ക് കോട്ടണ്‍ സാരി കേരള വിപണിയില്‍ അവതരിപ്പിച്ചു. എറണാകുളം പ്രസ്ക്ളബില്‍ നടന്ന ചടങ്ങില്‍ കോ-ഓപ്ടെക്സ് എംഡി ടി.എന്‍. വെങ്കിടേഷ് ഓര്‍ഗാനിക്ക് കോട്ടണ്‍ സാരി പ്രസ്ക്ളബ് വൈസ് പ്രസിഡന്റ് ഗീതാകുമാരിക്ക് കൈമാറി.

ഇനി മുതല്‍ കോ-ഓപ്ടെക്സ് ഷോറൂമുകളിലൂടെ ഈ സാരി ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. ഓണക്കാലത്തും ഷോപ്പിംഗ് സീസണ്‍ കാലയളവിലും പ്രത്യേക ആനുകൂല്യങ്ങളും ഡിസ്കൌണ്ടും നല്‍കി കേരള വിപണിയില്‍ സജീവമാകാനാണ് കോ-ഓപ്ടെക്സിന്റെ ശ്രമം.

രാസവളങ്ങളും കീടനാശികളും ഉപയോഗിക്കാത്ത ജൈവ പരുത്തി കൃഷിയിലൂടെ മൂന്നു വര്‍ഷം പാകമാകുന്ന ചെടികളില്‍ നിന്നുള്ള പരുത്തിയാണ് ഓര്‍ഗാനിക്ക് കോട്ടണ്‍ സാരിയുടെ നിര്‍മാണത്തിനുപയോഗിക്കുന്നത്. കോയമ്പത്തൂര്‍ ജില്ലയിലെ വടമ്പച്ചേരിയിലെ നെയ്ത്തുകാരാണ് ഈ ഉത്പന്നം നിര്‍മിക്കുന്നത്. രാസവസ്തു ഉപയോഗിച്ചുള്ള ചായങ്ങള്‍ക്കു പകരം ചെടികളുടെ പൂവ്, ഇല, കായ, വിത്ത് എന്നിവയില്‍ നിന്നുള്ള പ്രകൃതിജന്യമായ നിറങ്ങളിലൂടെയാണ് ഇവയ്ക്ക് നിറം പകരുന്നത്. ഒരു സാരി നെയ്തെടുക്കാന്‍ ഒരു തൊഴിലാളിയുടെ രണ്ടു ദിവസത്തെ പൂര്‍ണമായ അധ്വാനം ആവശ്യമാണ്. 3000 രൂപ മുതലാണ് സാരിയുടെ വില.


ഓണക്കാലത്ത് ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 31 വരെയും ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവലില്‍ കോ-ഓപ്ടെക്സ് ഉത്പന്നങ്ങള്‍ 30 ശതമാനം വിലക്കിഴിവില്‍ ലഭിക്കും. സീസണ്‍ ഒന്‍പതിന്റെ ഭാഗമായി ഓണക്കാലത്ത് തിരുവനന്തപുരം, എറണാകുളം, കോഴിക്കാട് എന്നിവടങ്ങളില്‍ നടക്കുന്ന എക്സിബിഷന്‍ സ്റ്റാളുകളിലും ഈ ആനുകൂല്യം ലഭിക്കും. ഈ വര്‍ഷത്തെ ഉത്സവ സീസണില്‍ ആറു കോടി രൂപയുടെ ലാഭം ആണ് കോ-ഓപ്ടെക്സ് ലക്ഷ്യമിടുന്നതെന്ന് വെങ്കിടേഷ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.