അരിയും പഞ്ചസാരയും വെളിച്ചെണ്ണയും വില കുറച്ചു വില്‍ക്കും
അരിയും പഞ്ചസാരയും വെളിച്ചെണ്ണയും വില കുറച്ചു വില്‍ക്കും
Sunday, August 2, 2015 12:01 AM IST
കൊച്ചി: ഓണത്തോടനുബന്ധിച്ചു സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ (സപ്ളൈകോ) സംസ്ഥാനത്ത് 1500 ഓളം ഓണച്ചന്തകള്‍ തുടങ്ങുമെന്നു മന്ത്രി അനൂപ് ജേക്കബ്. കഴിഞ്ഞ തവണ ഉണ്ടായിരുന്ന അത്രയും തന്നെ ചന്തകള്‍ ഇക്കുറിയും ഉണ്ടായിരിക്കും. എല്ലാ പഞ്ചായത്തിലും സപ്ളൈകോയുടെ ഓണച്ചന്തയുണ്െടന്നു ഉറപ്പുവരുത്തുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം 10ന് രാവിലെ 9.30ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എറണാകുളം കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റഡിേയത്തില്‍ നിര്‍വഹിക്കും. 10 മുതല്‍ 27 വരെ ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കും. മട്ട അരി, പഞ്ചസാര, വെളിച്ചെണ്ണ എന്നിവ വില കുറച്ച് വില്‍ക്കാനും തീരുമാനമായിട്ടുണ്ട്.

സബ്സിഡി വെളിച്ചെണ്ണയുടെ വില ലിറ്ററിന് 130 രൂപയില്‍ നിന്ന് 110 രൂപയായും പഞ്ചസാര കിലോഗ്രാമിന് 24ല്‍ നിന്നു 22 രൂപയായും മട്ട അരി 25ല്‍ നിന്ന് 24 രൂപയായും കുറച്ചു. ശബരി സുപ്രീം തേയില കിലോഗ്രാമിന് 11 രൂപ കുറച്ച് 131 രൂപക്കും സപ്ളൈകോ ഹോട്ടല്‍ ബ്ളെന്‍ഡ് തേയില 12 രൂപ കുറച്ച് 150 രൂപയ്ക്കും ലഭ്യമാക്കും. ചെറുപയര്‍-74, ഉഴുന്ന്-66, കടല-43, വന്‍പയര്‍-45, തുവരപ്പരിപ്പ്-65, മുളക്-75, മല്ലി-100, ജയ അരി-25, കുറുവ അരി-25, മാവേലി പച്ചരി-23 എന്നിങ്ങനെയാണ് മറ്റ് അവശ്യസാധനങ്ങളുടെ വില.

തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ഈ മാസം 10 മുതലും കോട്ടയം, കൊല്ലം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ 17 മുതലും ഓണം മെട്രോഫെയര്‍ സംഘടിപ്പിക്കും. ഇതിനു പുറമെ 10 പ്രധാന നഗരങ്ങളില്‍ ഓണം ടൌണ്‍ ഫെയറുകള്‍ 17ന് ആരംഭിക്കും. 19 പ്രമുഖ സ്ഥലങ്ങളില്‍ 20 മുതല്‍ പ്രത്യേക ഓണച്ചന്തകളും സംഘടിപ്പിക്കും. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഈ മാസം 23 മുതല്‍ 27 വരെ ഒരു ഓണച്ചന്തയെങ്കിലും പ്രവര്‍ത്തിക്കുന്നുണ്െടന്ന് ഉറപ്പാക്കും. സപ്ളൈകോ വില്പനശാലകളില്‍ 23 മുതല്‍ അഞ്ചു ദിവസത്തെ ഓണച്ചന്ത സംഘടിപ്പിക്കും. 23-ാം തിയതി ഞായറാഴ്ചയും സപ്ളൈകോ വില്പനശാലകള്‍ തുറന്നു പ്രവര്‍ത്തിക്കും.


മാവേലി സ്റോറുകള്‍ ഇല്ലാത്ത 45 പഞ്ചായത്തുകളില്‍ 23 മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഓണം മിനി ഫെയറുകള്‍ സംഘടിപ്പിക്കും. 23 മുതല്‍ 27 വരെ എല്ലാ മാവേലി സ്റോറുകളും രാവിലെ 9.30 മുതല്‍ വൈകുന്നേരം ഏഴു വരെ ഇടവേളയില്ലാതെ പ്രവര്‍ത്തിക്കും. റേഷന്‍ കടകള്‍ വഴി എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ ഒരു കിലോ പഞ്ചസാര വീതം നല്‍കും. ഓണത്തോടനുബന്ധിച്ച് 20 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്കും ഒന്നര ലക്ഷം ആദിവാസി കുടുംബങ്ങള്‍ക്കും സൌജന്യ ഓണക്കിറ്റ് നല്കും. 25 ലക്ഷം സ്കൂള്‍ കുട്ടികള്‍ക്ക് അഞ്ചു കിലോഗ്രാം അരി വീതം വിതരണം ചെയ്യും.

ഓണക്കാലത്ത് ഉപഭോക്താക്കള്‍ക്കായി സമ്മാന പദ്ധതിയും സപ്ളൈകോ ഒരുക്കിയിട്ടുണ്ട്. 10 മുതല്‍ 27 വരെ സപ്ളൈകോ വില്പനശാലകളിലൂടെയും ഓണച്ചന്തകളിലൂടെയും 1,500 രൂപയിലധികം വില വരുന്ന സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കു 50 രൂപയുടെ ശബരി ഉത്പന്നങ്ങള്‍ സൌജന്യമായി നല്‍കും. കൂടാതെ ഇവര്‍ക്ക് നല്‍കുന്ന കൂപ്പണുകള്‍ നറുക്കെടുത്ത് ഓരോ ജില്ലയിലെയും വിജയികള്‍ക്ക് ഓരോ പവന്‍ സ്വര്‍ണനാണയം വീതവും സംസ്ഥാനതല വിജയിക്ക് അഞ്ചു പവന്‍ സ്വര്‍ണനാണയവും നല്‍കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.