വിപണി വിശേഷം / കെ.ബി ഉദയഭാനു
കൊച്ചി: ഓണ വില്പനയില് പ്രതീക്ഷയര്‍പ്പിച്ച് മില്ലുകാര്‍ കൊപ്ര സംഭരണം ശക്തമാക്കി. റബറിന് തുടര്‍ച്ചയായ രണ്ടാം മാസവും തളര്‍ച്ച. കയറ്റുമതിക്കാര്‍ കുരുമുളകില്‍ പിടിമുറുക്കി. സ്വര്‍ണം ഇറക്കുമതി ഉയര്‍ന്നു, വിവാഹ സീസണ് മുന്‍ നിര്‍ത്തിയുള്ള വില്പനയും സജീവമായി.
സ്വര്‍ണം
വിവാഹ സീസണായ ചിങ്ങം അടുത്തതോടെ ആഭരണ വിപണികള്‍ സജീവമായി. പവന്റെ കുറഞ്ഞ വില നേട്ടമാക്കുന്ന തിരക്കിലാണ് വിവാഹ പാര്‍ട്ടികള്‍. കേരളത്തില്‍ സ്വര്‍ണ വില പവന് 19,000 ല്‍ നിന്ന് 18,800 വരെ ഇടിഞ്ഞ ശേഷം ശനിയാഴ്ച്ച 18,920 ലാണ്. മുന്‍വാരം സൂചിപ്പിച്ച 18,600 ലെ സപ്പോര്‍ട്ട് പവന് നിലനിര്‍ത്തി.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 1,078 ഡോളറിലേക്ക് ഒരവസരത്തില്‍ ഇടിഞ്ഞങ്കിലും തൊട്ട് മുന്‍വാരത്തിലെ താഴ്ന്ന നിലവാരമായ 1077 ലെ താങ്ങ് നിലനിര്‍ത്തി വിപണി വാരാന്ത്യം 1,095 ഡോളറിലാണ്. സാങ്കേതികമായി വിപണി ദുര്‍ബലമെങ്കിലും ഒരു പുള്‍ബാക്ക് റാലിക്കുള്ള സാധ്യതകള്‍ തെളിയുകയാണ്.
അതായത് ഒരു തിരിച്ചു വരവിന് അവസരം ലഭ്യമായാല്‍ സ്വര്‍ണം 1,200-1,220 റേഞ്ചിലേക്ക് അതിവേഗത്തില്‍ കുതിച്ചുചാട്ടത്തിന് ശ്രമിക്കാം. ഇന്ത്യയില്‍ ഫെസ്റ്റിവല്‍ ഡിമാന്‍ഡ് ഉയരുമെന്ന നിഗമനത്തിലാണ് വന്‍കിട ഇറക്കുമതിക്കാര്‍.
ഏപ്രില്‍-മേയ് കാലയളവില്‍ രാജ്യത്തേക്കുള്ള സ്വര്‍ണ ഇറക്കുമതി 61 ശതമാനം വര്‍ധിച്ച് 155 ടണ്ണായി. 2014-15 സാമ്പത്തിക വര്‍ഷം 915.54 ടണ്ണിന്റെ ഇറക്കുമതി നടന്നു. തൊട്ടു മുന്‍വര്‍ഷം ഇത് 661.71 ടണ്‍ മാത്രമായിരുന്നു.
ഇന്ത്യയുടെ പിന്തുണ ആഗോള വിപണിക്ക് ഈ അവസരത്തില്‍ ശക്തമായ താങ്ങ് സമ്മാനിക്കാം. മറുവശത്ത് തിടുക്കം കാണിക്കാതെ എന്നാല്‍ അതീവ ജാഗ്രതയോടെ വിവിധ കേന്ദ്രബാങ്കുകള്‍ അവരുടെ സ്വര്‍ണത്തിലെ കരുതല്‍ ശേഖരം ഉയര്‍ത്തുന്നതായും അനുമാനിക്കേണ്ടിയിരിക്കുന്നു.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് 1,000 ഡോളര്‍ റേഞ്ചില്‍ സ്വര്‍ണം ലഭിച്ചപ്പോള്‍ ഇന്ത്യയും വന്‍ നിക്ഷേപത്തിന് ഉത്സാഹിച്ചിരുന്നു. അവിടെ നിന്ന് സ്വര്‍ണം സര്‍വകാല റിക്കാര്‍ഡ് നിരക്കായ 1,922 ഡോളര്‍ വരെ കയറി.
റബര്‍
ടോക്കോം എക്സ്ചേഞ്ചില്‍ റബര്‍ വില രണ്ടാം മാസവും ഇടിഞ്ഞു. ടോക്കോമില്‍ ജൂലൈയില്‍ റബറിന് ഏഴു ശതമാനം നഷ്ടം നേരിട്ടു. ജാപ്പാനീസ് മാര്‍ക്കറ്റിലെ തളര്‍ച്ച ചൈന, സിങ്കപ്പൂരിലും റബറിന് തിരിച്ചടിയായി. ചൈനീസ് വ്യവസായിക മേഖലയിലെ മാന്ദ്യവും ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില ഇടിഞ്ഞതും റബറിന്റെ കരുത്തു ചോര്‍ത്തി.
എല്‍നിനോ പ്രതിഭാസം വടക്കന്‍ ചൈനയില്‍ റബര്‍ കൃഷിയെ ബാധിച്ചു. ഇന്ത്യയിലും ഉത്പാദനം ചുരുങ്ങി. എന്നാല്‍ റബര്‍ ഉത്പാദനത്തില്‍ മുന്നിട്ട് നില്ക്കുന്ന ഇന്തോനേഷ്യയിലും തായ്ലാന്ഡിലും ഇക്കുറി മഴ സജീവമാണ്. വിദേശത്തെ തളര്‍ച്ച മറയാക്കി ഇന്ത്യന്‍ വ്യവസായികള്‍ ഷീറ്റ് സംഭരണത്തിന് മടിഞ്ഞു. ത്രിപുര ഉള്‍പ്പടെയുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് റബര്‍ ഷീറ്റ് ലഭ്യമാണെന്ന നിലപാടിലേക്ക് വ്യവസായികള്‍ കാര്യങ്ങള്‍ എത്തിക്കുകയാണ്.
സംസ്ഥാനത്ത് റബറിന് ഡിമാന്‍ഡ് മങ്ങിയത് മൂലം നാലാം ഗ്രേഡിന് 200 രൂപ കുറഞ്ഞ് 12,200 രൂപയായി. അഞ്ചാം ഗ്രേഡ് 11,900 രൂപയിലും ഒട്ടുപാല് 8,100 ലും ലാറ്റക്സ് കിലോ 9,700 രൂപയിലുമാണ്.
നാളികേരം
ഓണവിപണി മുന്നില്‍ കണ്ട് കൊപ്രയാട്ട് വ്യവസായികള്‍ വെളിച്ചെണ്ണ ഉത്പാദനം ഉയര്‍ത്തി. കാങ്കയത്തെ പല മില്ലുകളുടെയും പ്രവര്‍ത്തന സമയം പുരോഗമിക്കുന്നു. സംസ്ഥാനത്തെയും തമിഴ്നാട്ടിലെയും മില്ലുകാര്‍ ഉയര്‍ന്ന വിലയ്ക്കും കൊപ്ര സംഭരിക്കുന്ന നയത്തിലാണ്. കൊപ്രയാട്ട് വ്യവസായികളുടെ ചലനങ്ങള്‍ വിലയിരുത്തിയാല്‍ ചിങ്ങത്തില് നാളികേരോത്പന്നങ്ങളുടെ വില കുടുതല്‍ മെച്ചപ്പെടാം. കൊപ്ര മുന്നാഴ്ചക്കിടയില് 1,300 രൂപ ഉയര്‍ന്നു.
വെളിച്ചെണ്ണ വില ഈ കാലയളവില്‍ ഏതാണ്ട് 2,000 രൂപ കയറി. ഈ കുതിപ്പ് കണക്കിലെടുത്താല്‍ വിപണിയില്‍ ഒരു സാങ്കേതിക തിരുത്തലിനുള്ള സാധ്യതയുണ്ട്. വ്യവസായികള്‍ക്ക് വന്‍തോതില്‍ കൊപ്ര ആവശ്യമെങ്കിലും കര്‍ക്കടകത്തില്‍ തന്നെ വിപണിയെ കൂടുതല്‍ ചൂടുപിടിപ്പിക്കാന്‍ അവര്‍ തയാറാവില്ല.
ഒരു തിരുത്തലിന് അവസരം ലഭിച്ചാല്‍ താഴ്ന്ന വിലയ്ക്ക് കൊപ്ര കൈക്കലാക്കാന്‍ ഇടപാടുകാര്‍ ശ്രമിക്കാം. 7,105 ല്‍ നിന്ന് വാരാന്ത്യം കൊപ്ര 7,805 രൂപയായി. 8,000-8,250 നിലവാരത്തിലെ തടസം ദേഭിച്ചാല് ചിങ്ങത്തില് കൂടുതല്‍ ആകര്‍ഷകമായ റേഞ്ചിലേക്ക് വിപണി നീങ്ങാം. കൊച്ചിയില്‍ വെളിച്ചെണ്ണ 11,800 രൂപയിലാണ്. കാങ്കയത്ത് 11,275 ലുമാണ്.
കുരുമുളക്
സുഗന്ധവ്യഞ്ജന കയറ്റുമതിക്കാര്‍ കുരുമുളകിനോട് കാണിച്ച ഉത്സാഹം ഉത്പന്നവില ഉയര്‍ത്തി. യൂറോപ്യന്‍ രാജ്യങ്ങളുമായി നേരത്തെ കച്ചവടങ്ങള്‍ ഉറപ്പിച്ച കയറ്റുമതിക്കാരാണ് ചരക്കില്‍ താത്പര്യം കാണിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ മലബാര്‍ മുളകിന് വെല്ലുവിളി ഉയര്‍ത്തി ഇന്തോനേഷ്യയും ബ്രസീലും താഴ്ന്ന വിലയ്ക്ക് പുതിയ ചരക്ക് വാഗ്ദാനം ചെയ്തു. വിയറ്റ്നാമില്‍ സ്റ്റോക്ക് നില കുറഞ്ഞതിനാല്‍ അവര്‍ കരുതലോടെയാണ് നീക്കങ്ങള്‍ നടത്തുന്നത്.
ഹൈറേഞ്ചില്‍ നിന്ന് കൊച്ചിയിലേക്കുള്ള ചരക്കുനീക്കം കുറഞ്ഞു. അടുത്ത രണ്ട് മാസക്കാലയളവില്‍ ഉത്തരേന്ത്യയില്‍ നിന്ന് ഉത്സവഡിമാന്ഡ് പ്രതീക്ഷിക്കാം. സാധാരണ ഓഗസ്റ്റിലാണ് ഓഫ് സീസണിലെ വിലക്കയറ്റത്തിന് തുടക്കം കുറിക്കുക. കര്‍ണാടകത്തിലും കേരളത്തിലും ലഭ്യത ചുരുങ്ങിയത് സ്റ്റോക്കിസ്റ്റുകള്‍ക്ക് പ്രതീക്ഷ പകരുന്നു. എന്നാല്‍ ഇതര ഉത്പാദന രാജ്യങ്ങളില്‍ നിന്നുള്ള വിലകുറഞ്ഞ കുരുമുളക് ഇറക്കുമതി നടന്നാല്‍ അത് മുന്നേറ്റത്തെ ബാധിക്കാം. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളകിന് 800 രൂപ വര്‍ധിച്ച് 66,300 രൂപയായി.
ചുക്ക്
ചുക്കിന് ഉത്തരേന്ത്യയില്‍ നിന്ന് ഡിമാന്‍ഡ് ഉയര്‍ന്നില്ല. കാലാവസ്ഥയിലെ മാറ്റമാണ് ആഭ്യന്തര ആവശ്യം കുറച്ചത്. അതേ സമയം അറബ് രാജ്യങ്ങളുമായി കച്ചവടങ്ങള്‍ ഉറപ്പിച്ചവര്‍ ചുക്ക് സംഭരിക്കുന്നുണ്ട്.
മീഡിയം ചുക്ക് 23,000 രൂപയിലും ബെസ്റ്റ് ചുക്ക് 24,000 രൂപയിലുമാണ്. സീസണ് കഴിഞ്ഞതിനാല്‍ കാര്‍ഷിക മേഖലകളില്‍ നിന്നുള്ള ചുക്കുനീക്കം ചുരുങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.