ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Monday, August 3, 2015 11:24 PM IST
നികുതിലോകം / ബേബി ജോസഫ് (ചാര്‍ട്ടേഡ് അക്കൌണ്ടന്റ്)

2014-15 സാമ്പത്തിക വര്‍ഷത്തില്‍ ആദായനികുതി റിട്ടേണുകള്‍ പലപരിഷ്കാരങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. ആദ്യപരിഷ്കാരങ്ങള്‍ നികുതിദായകനെ വളരെയധികം കഷ്ടപ്പെടുത്തുന്നതാണ് എന്ന മുറവിളി വിവിധതലങ്ങളില്‍നിന്നും ഉയര്‍ന്നതോടെ ആ പരിഷ്കാരങ്ങള്‍ കുറേ ഇളവുചെയ്തു. ആദ്യ പരിഷ്കാരങ്ങളില്‍ വിദേശയാത്രകളെപറ്റിയും ഇടപാടുകള്‍ പോലും ഇല്ലെങ്കിലും പേരിലുള്ള വിവിധ ബാങ്ക് അക്കൌണ്ടുകളെപ്പറ്റിയും വിവരങ്ങള്‍ ഉള്‍പ്പെടുത്തണമായിരുന്നു. പല തലങ്ങളില്‍നിന്നുമുള്ള സമ്മര്‍ദങ്ങളെത്തുടര്‍ന്ന് വിദേശയാത്ര നടത്തിയിട്ടുള്ളവര്‍ പാസ്പോര്‍ട്ട് നമ്പര്‍ മാത്രം റിട്ടേണുകളില്‍ സൂചിപ്പിച്ചാല്‍ മതിയെന്നും ഇടപാടുകള്‍ ഉള്ള ബാങ്ക് അക്കൌണ്ടുകള്‍ മാത്രം റിട്ടേണുകളില്‍ കാണിച്ചാല്‍ മതിയെന്നും തീരുമാനമായി. റിട്ടേണുകളുടെ സമര്‍പ്പണത്തില്‍ പ്രധാനമായും വരുത്തിയ മാറ്റങ്ങള്‍ താഴെ വിവരിക്കുന്നു.

1. ഐടിആര്‍ 2 എ

2014-15 സാമ്പത്തികവര്‍ഷത്തില്‍ നിലവില്‍വന്നതാണ് ഈ ഫോം. ഇവ വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കൂട്ടുകുടുംബത്തിനുമാണ് ബാധകമായിട്ടുള്ളത്. താഴെ പറയുന്ന വരുമാനങ്ങള്‍ മാത്രം ഉള്ളവര്‍ക്ക് ഈ റിട്ടേണുകള്‍ ഉപയോഗിക്കാം.



എ. ശമ്പളത്തില്‍ നിന്നുള്ള വരുമാനം
ബി. പ്രോപ്പര്‍ട്ടികളില്‍ നിന്നുള്ള വാടക (ലിമിറ്റുകള്‍ ബാധകമല്ല)
സി. മറ്റു വരുമാനങ്ങള്‍ (ലോട്ടറി, കുതിര പ്പന്തയം ഉള്‍പ്പെടെ)
ഡി. മൈനര്‍/പങ്കാളിയുടെ വരുമാനം.

മേല്‍ റിട്ടേണുകള്‍ യാതൊരു കാരണവശാലും താഴെ പറയുന്ന വരുമാനങ്ങള്‍ ഉള്ളവരും വിദേശവരുമാനത്തില്‍ റിബേറ്റ് എടുക്കുന്നവരുമായ നികുതിദായകര്‍ ഉപയോഗിക്കുവാന്‍ പാടില്ല.

1. മൂലധനനേട്ടം.
2. ബിസിനസില്‍ നിന്നോ പ്രൊഫഷനില്‍ നിന്നോ ഉള്ള വരുമാനം.
3. വിദേശത്തെ വരുമാനത്തിന്‍മേല്‍ നികുതിക്ക് റിബേറ്റ് അവകാശപ്പെടുന്നവര്‍
4. വിദേശത്ത് നിന്ന് വരുമാനം ഉള്ളവരും വിദേശത്ത് സ്വത്തുക്കള്‍ സൂക്ഷിച്ചിട്ടുള്ളവരും വിദേശത്തുള്ള ഏതെങ്കിലും അക്കൌണ്ടുകളില്‍ ഒപ്പിടുന്നതിന് അധികാരമുള്ളവരുമായ നികുതിദായകര്‍.

2. വിവിധങ്ങളായ ബാങ്ക് അക്കൌണ്ടുകള്‍

പുതിയ റിട്ടേണുകളില്‍ നികുതിദായകനുള്ള വിവിധങ്ങളായ ബാങ്ക് അക്കൌണ്ടുകള്‍ സൂചിപ്പിക്കേണ്ടതാണ്. എന്നാല്‍ ഇടപാടുകള്‍ ഇല്ലാത്ത, മന്ദീഭവിച്ച അക്കൌണ്ടുകള്‍ കാണിക്കേണ്ടതില്ല. ബാങ്കിന്റെ പേരും, ഐഎഫ്എസ്സി കോഡും സമര്‍പ്പിക്കണം.
ഇവയ്ക്ക് കറന്റ് അക്കൌണ്ട് എന്നോ, സേവിംഗ്സ് അക്കൌണ്െടന്നോ വ്യത്യാസം ഇല്ല.

3. പാസ്പോര്‍ട്ട് നമ്പറും ആധാര്‍ നമ്പറും

വിദേശയാത്ര നടത്തിയിട്ടുള്ള നികുതിദായകര്‍ പാസ്പോര്‍ട്ട് നമ്പര്‍ റിട്ടേണുകളില്‍ കാണിക്കേണ്ടതാണ്. ആധാര്‍ നമ്പര്‍ ഉണ്െടങ്കില്‍ റിട്ടേണുകളില്‍ കാണിക്കുന്നത് ഇലക്ട്രോണിക് വെരിഫിക്കേഷന് സഹായകമാകും.

പാസ്പോര്‍ട്ട് നമ്പര്‍ ഉപയോഗിച്ച് നികുതിദായകന്‍ നടത്തിയിട്ടുള്ള വിദേശയാത്രകളെപറ്റിയും അവയ്ക്ക് വേണ്ടി ചെലവഴിച്ച പണത്തിന്റെ ഉറവിടത്തെപ്പറ്റിയും അന്വേഷണം ഉണ്ടാകുന്നതാണ്.

4. നികുതി റീഫണ്ടുകള്‍ക്ക് ഇലക്ട്രോണിക് ഫയലിംഗ്


നികുതി റീഫണ്ടുകള്‍ ലഭിക്കുവാന്‍ ഉണ്െടങ്കില്‍ നികുതിദായകന്‍ റിട്ടേണുകള്‍ ഇലക്ട്രോണിക് ആയി ഫയല്‍ ചെയ്യണമെന്ന് നിഷ്കര്‍ഷിക്കുന്നു. ഇവ റിട്ടേണുകളുടെ പ്രോസസ്സിംഗ് ത്വരിതപ്പെടുത്തുവാനും അതുവഴി ലഭിക്കുവാനുള്ള റീഫണ്ട് തുകകള്‍ വേഗത്തില്‍ ലഭിക്കുന്നതിനുമാണ്.

പുതിയ സാമ്പത്തികവര്‍ഷം മുതല്‍ റീഫണ്ട് തുകകള്‍ നികുതിദായകന്റെ ബാങ്ക് അക്കൌണ്ടുകളിലേക്ക് നേരിട്ട് നല്‍കുന്നതിനാണ് നീക്കം. ചെക്കുകള്‍ നല്‍കുന്നതുമൂലമുണ്ടാകുന്ന കാലതാമസം ഇങ്ങനെ ഇല്ലാതാക്കാം.

5. ഐടിആര്‍ ഢ ആവശ്യമില്ല

2014-15 സാമ്പത്തികവര്‍ഷം മുതല്‍ ആധാര്‍കാര്‍ഡ് ഉപയോഗിച്ച് വെരിഫിക്കേഷന്‍ നടത്തി റിട്ടേണുകള്‍ ഫയല്‍ ചെയ്യുവാന്‍ സാധിക്കുന്നതിനാല്‍ അങ്ങനെയുള്ള നികുതിദായകര്‍ പ്രോസസിംഗ് സെന്ററുകളിലേക്ക് ഐടിആര്‍ ഢഅയക്കേണ്ടതില്ല. ഇതുമൂലം ആദായ നികുതി റിട്ടേണുകള്‍ പൂര്‍ണമായും പേപ്പറുകള്‍ ഉപയോഗിക്കാതെതന്നെ ഫയല്‍ ചെയ്യാവുന്നതാണ്.

ഇലക്ട്രോണിക് വെരിഫിക്കേഷന്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാത്തവരും ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിക്കാത്തവരും മുന്‍കാലങ്ങളിലെ പോലെ ഐടിആര്‍ ഢ പരിശോധനക്കായി പ്രോസസിംഗ് സെന്ററുകളിലേക്ക്, നിര്‍ദിഷ്ടസമയത്തിനുള്ളില്‍ അയച്ചുകൊടുക്കേണ്ടതാണ്.

റിട്ടേണ്‍ഫയല്‍ചെയ്യുന്ന ദിവസം തുടങ്ങി 120 ദിവസത്തിനകം ഐടിആര്‍ ഢഅയച്ചുകൊടുക്കണമെന്നാണ് നിയമം.



6. വിദേശവരുമാനവും സ്വത്തുക്കളും

നികുതിദായകന് വിദേശത്ത് സ്വത്തുക്കള്‍ ഉണ്െടങ്കിലും വിദേശത്തുനിന്ന് വരുമാനം ലഭിക്കുന്നുണ്െടങ്കിലും അവ റിട്ടേണുകളില്‍ സൂചിപ്പിക്കേണ്ടതാണ്. ഡിടിഎഎ മുഖാന്തിരമുള്ള റിബേറ്റുകള്‍ വിദേശവരുമാനത്തിന്‍മേല്‍ എടുക്കുന്നുണ്െടങ്കില്‍ അവയുടെ വിശദാംശങ്ങളും ആര്‍ട്ടിക്കിളുകളുടെ വിവരങ്ങളും റിട്ടേണുകളില്‍ സമര്‍പ്പിക്കേണ്ടതാണ്.

വിദേശത്ത് സ്വത്തുക്കള്‍ ഉണ്െടങ്കില്‍ അവ സമ്പാദിച്ച തീയതിയും അവയില്‍നിന്നുള്ള വരുമാനങ്ങളും നികുതിക്ക്വേണ്ടി വെളിപ്പെടുത്തിയ വരുമാനങ്ങളും പ്രത്യേകം പ്രത്യേകം സൂചിപ്പിക്കേണ്ടതാണ്. കൂടാതെ നികുതിദായകന് വിദേശത്തുള്ള ഏതെങ്കിലും സ്ഥാപനത്തില്‍ സാമ്പത്തിക താത്പര്യം ഉണ്െടങ്കില്‍ അവ റിട്ടേണുകളില്‍ വിവരിക്കേണ്ടതാണ്.

7. റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിന് മുമ്പ് 26 എഎസുമായി താരതമ്യം ചെയ്യുക

റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിന് മുമ്പുതന്നെ ആദായനികുതിയുടെ വെബ്സൈറ്റില്‍ നിന്നും ഫോംനമ്പര്‍ 26എഎസ് ലഭ്യമാക്കാവുന്നതാണ്. ഇതില്‍ നിന്നും വിവിധമാര്‍ഗങ്ങളിലൂടെ അടച്ച നികുതികളുടെ വിവരങ്ങള്‍ ലഭ്യമാവുന്നതാണ്. അടച്ചിട്ടുള്ള നികുതികള്‍ (സ്രോതസില്‍ ഉള്ള നികുതികള്‍ ഉള്‍പ്പെടെ) പൂര്‍ണ്ണമായും 26എഎസ് ല്‍ വന്നിട്ടില്ലെങ്കില്‍ അതിന്റെ കാരണം മനസിലാക്കി ആവശ്യമായ നടപടികള്‍ സ്വീകരിച്ചതിനുശേഷം റിട്ടേണുകള്‍ ഫയല്‍ചെയ്യുക.

8. അനുവദിച്ചിരിക്കുന്ന കിഴിവുകള്‍ ലഭ്യമാക്കുക

റിട്ടേണുകള്‍ ഫയല്‍ചെയ്യുമ്പോള്‍ നിയമാനുസരണം അനുവദിക്കപ്പെട്ടിരിക്കുന്ന എല്ലാ കിഴിവുകളും ആനുകൂല്യങ്ങളും ലഭ്യമാക്കുവാന്‍ നികുതിദായകന്‍ ശ്രദ്ധിക്കേണ്ടതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.