മത്സ്യ പഠനകേന്ദ്രവുമായി അബാദ് ഗ്രൂപ്പ്
Thursday, August 27, 2015 12:18 AM IST
കൊച്ചി: മത്സ്യവിപണിയുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമിട്ടു അബാദ് ഗ്രൂപ്പ് കൊച്ചിയില്‍ പഠനകേന്ദ്രം ആരംഭിക്കുന്നു. മത്സ്യവിപണന മേഖലയിലെ സവിശേഷ മാതൃകകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി തുടങ്ങുന്ന അബാദ് സ്കൂള്‍ ഓഫ് ഫിഷ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ടി വിവിധ കോഴ്സുകള്‍ നടത്തുമെന്നു അബാദ് ഫിഷറീസ് ഡയറക്ടര്‍ ഫറോസ് ജാവേദ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബില്ലിംഗ്സ് ഗേറ്റസിന്റെ ഫിഷ് മോംഗേഴ്സ് കമ്പനിയുടെ സഹകരണത്തോടെയാണ് കോഴ്സുകള്‍ നടത്തുന്നത്. മത്സ്യവിപണന മേഖലയിലെ ഗുണപരമായ മാറ്റങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കുക, പിന്തുടരാവുന്ന മാര്‍ഗങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കുക, ഉത്പന്നത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുക എന്നിവയാണ് അബാദ് സ്കൂള്‍ ഓഫ് ഫിഷിന്റെ പ്രധാന ഉദ്ദേശലക്ഷ്യങ്ങള്‍. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ തൊഴില്‍ പ്രാവീണ്യം വര്‍ധിപ്പിക്കുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, മത്സ്യവിപണന മേഖലയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുക എന്നിവയും സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളില്‍പ്പെടുന്നു.


വീട്ടമ്മമാരുള്‍പ്പെടെ പാചക കല ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. വിവിധ രാജ്യങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന ആധുനിക മത്സ്യബന്ധന ഉപാധികള്‍ പരിചയപ്പെടുത്തുന്നതോടൊപ്പം അവയുടെ ഉപയോഗ രീതികളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തൊഴില്‍ നേടുന്നതിന് ആവശ്യമായ പാഠ്യപദ്ധതിയാണ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്നത്.

ഏറ്റവും ആധുനിക മത്സ്യബന്ധന രീതികളും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് സ്വീകരിക്കേണ്ട നടപടികളും മറ്റുമാണ് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള കോഴ്സിന്റെ ഉള്ളടക്കം. നാമമാത്രമായ ഫീസാണ് വിദ്യാര്‍ഥികളില്‍ നിന്നും ഈടാക്കുന്നത്. ഫിഷ് മോംഗേഴ്സ് കമ്പനി ചീഫ് ഇന്‍സ്പ്കെടര്‍ സി.പി. ലെഫ്റ്റ് വിച്ച്, പീറ്റര്‍ വുഡ്വാര്‍ഡ്, സ്റീഫന്‍ പിനി, അഡ്വൈസര്‍ കെ.എ. ഫെലിക്സ് തുടങ്ങിയവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.