ജിഡിപി കണക്കില്‍ കണ്ണുംനട്ട്
ജിഡിപി കണക്കില്‍ കണ്ണുംനട്ട്
Monday, August 31, 2015 11:34 PM IST
ന്യൂഡല്‍ഹി: ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തിലെ ഇന്ത്യന്‍ സാമ്പത്തികവളര്‍ച്ച സംബന്ധിച്ച കണക്ക് ഇന്നു പുറത്തുവിടുന്നു. സാമ്പത്തികമായും രാഷ്ട്രീയമായും സുപ്രധാനവും നിര്‍ണായകവുമാണു ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) സംബന്ധിച്ച കണക്ക്.

2015-16 ധനകാര്യവര്‍ഷത്തെ ഒന്നാംപാദ ജിഡിപി വളര്‍ച്ച 7.5 ശതമാനത്തിനു മുകളിലാകും എന്നാണ് കേന്ദ്ര ധനസെക്രട്ടറി രാജീവ് മഹര്‍ഷി വെള്ളിയാഴ്ച പറഞ്ഞത്. ഈ ധനകാര്യവര്‍ഷം എട്ടുമുതല്‍ എട്ടരവരെ ശതമാനം വളര്‍ച്ചയെപ്പറ്റി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും മറ്റും പ്രതീക്ഷ പ്രകടിപ്പിക്കുമ്പോള്‍ ധനസെക്രട്ടറിക്ക് അങ്ങനെ പറയാതെ പറ്റില്ലല്ലോ.

പ്രതീക്ഷകള്‍

ഈ ധനകാര്യവര്‍ഷത്തെ വളര്‍ച്ചയെപ്പറ്റി ഇനിയും ഏകകണ്ഠമായ അഭിപ്രായം ഉണ്ടായിട്ടില്ല. പല കാരണങ്ങളുണ്ട് അതിന്.

ഒന്നാമത്തേതു കാലാവസ്ഥതന്നെ. പസഫിക്കിലെ എല്‍നീനോ പ്രതിഭാസം ഇന്ത്യയുടെ മുഖ്യ മഴസീസണായ കാലവര്‍ഷത്തെ ബാധിച്ചിട്ടുണ്ട്. ജൂണ്‍-സെപ്റ്റംബര്‍ കാലവര്‍ഷം 12 ശതമാനം കുറവാകുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഓഗസ്റ് അവസാനവാരംതന്നെ മഴ 12 ശതമാനം കുറവായി. സെപ്റ്റംബറിലും മഴ കുറവായാല്‍ മഴക്കുറവ് 20 ശതമാനംവരെ ആയെന്നുവരാം.

മണ്‍സൂണിന്റെ തുടക്കം മെച്ചമായിരുന്നു. പതിവിലും നേരത്തേ എല്ലായിടത്തും മഴ കിട്ടി. തന്മൂലം കൂടുതല്‍ സ്ഥലത്ത് വിളവിറക്കി. എന്നാല്‍ ജൂലൈ പകുതിക്കു ശേഷം മഴ കുറഞ്ഞു. ഇതോടെ വിളവ് കുറയുമെന്ന ആശങ്ക പടര്‍ന്നിട്ടുണ്ട്.

പെട്രോളിയം, ചൈ
രണ്ടാമത്തേത് ആഗോള ചലനങ്ങളാണ്. പെട്രോളിയം വിലയിടിവ് ഇന്ത്യക്ക് അനുകൂല ഘടകമാണ്. പക്ഷേ പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് തിരിച്ചടിയുമാണ്. ചൈനീസ് വളര്‍ച്ച തീരെ കുറവാകുമെന്നാണു സൂചന. പുറത്തുവരുന്ന വളര്‍ച്ചാകണക്കുകള്‍ ശരിയല്ലെന്നു പലരും പറയുന്നു.

ചൈനീസ് കറന്‍സി യുവാന്റെ വില കുറച്ചിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ച് ഏഷ്യന്‍, ഓസ്ട്രേലിയന്‍, ലാറ്റിനമേരിക്കന്‍ കറന്‍സികളും വില താഴ്ത്തി. ഇതെല്ലാം കയറ്റുമതിയെ ബാധിക്കും. ഇറക്കുമതി കൂട്ടും. തുടര്‍ച്ചയായ എട്ടുമാസവും ഇന്ത്യക്ക് കയറ്റുമതി കുറവായി. ഇതാണ് ഭിന്ന ഏജന്‍സികള്‍ ഭിന്ന വളര്‍ച്ചാപ്രതീക്ഷ പ്രകടിപ്പിക്കുന്നത്. ഗവണ്‍മെന്റിന്റെ 8-8.5 ശതമാനം പ്രതീക്ഷയുടെ സ്ഥാനത്ത് റിസര്‍വ് ബാങ്കിനുള്ളത് 7.6 ശതമാനം വളര്‍ച്ചാപ്രതീക്ഷയാണ്. അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) 7.5 ശതമാനം പ്രതീക്ഷവയ്ക്കുന്നു. റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് നേരത്തേ 7.5 ശതമാനം പ്രതീക്ഷിച്ചത് ഏഴായി ഈയിടെ കുറച്ചു.


മറ്റു രാജ്യങ്ങളുടെ കണക്കുകള്‍ ഇന്ത്യക്ക് ഒട്ടും ആവേശം പകരുന്നതല്ല. ജനുവരി-മാര്‍ച്ചില്‍ ഏഴുശതമാനം വളര്‍ന്ന ചൈന ഏപ്രില്‍-ജൂണിലും അതേ നിരക്കാണ് കുറിച്ചത്. ജനുവരി-മാര്‍ച്ചില്‍ 3.9 ശതമാനം വളര്‍ന്ന ജപ്പാന് ഏപ്രില്‍-ജൂണില്‍ ഒരുശതമാനം ചുരുങ്ങലാണ് സംഭവിച്ചത്. സിംഗപ്പൂരിലും ജിഡിപി ചുരുങ്ങി. ദക്ഷിണകൊറിയയ്ക്ക് മൂന്നുവര്‍ഷത്തിനിടെയിലെ ഏറ്റവും മോശം വളര്‍ച്ചയാണ് ഈ ത്രൈമാസത്തില്‍. തായ്ലന്‍ഡിന്റേത് ആറുവര്‍ഷത്തെ ഏറ്റവും താണ നിലയിലായി.

ബ്രസീല്‍ തുടര്‍ച്ചയായ രണ്ടാം ത്രൈമാസത്തിലും ചുരുങ്ങിയതോടെ ഔപചാരികമായി മാന്ദ്യത്തിലായി. ഒന്നാം ത്രൈമാസത്തില്‍ 0.2 ശതമാനവും രണ്ടാമത്തേതില്‍ 1.9 ശതമാനവുമാണ് ബ്രസീലിന്റെ സമ്പദ്ഘടന ചുരുങ്ങിയത്.

ഓസ്ട്രേലിയയും കാനഡയും ഈയാഴ്ച കണക്കുകള്‍ പുറത്തുവിടുമ്പോള്‍ വളര്‍ച്ച നിരാശാജനകമാകുമെന്നാണു പ്രവചനം. കാനഡയുടെ ജിഡിപി ഒരുശതമാനം ചുരുങ്ങുമെന്നു കരുതുന്നവരാണ് ഏറെ. ഓസ്ട്രേലിയയുടെ വാര്‍ഷികവളര്‍ച്ച പ്രതീക്ഷ അവിടുത്തെ റിസര്‍വ് ബാങ്ക് 2.75-3.75 ശതമാനത്തില്‍ നിന്ന് 2.5-3.5 ശതമാനത്തിലേക്കു താഴ്ത്തി.

രാജ്യത്ത് ഖനിമേഖല മാന്ദ്യത്തിലായതോടെ ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം കുറഞ്ഞതാണ് വളര്‍ച്ചയെ താഴോട്ടു വലിക്കുന്ന ഘടകം. വളര്‍ച്ച മെച്ചപ്പെടണമെങ്കില്‍ ജനസംഖ്യ കൂടണമെന്നു റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് സൂചിപ്പിച്ചു.

അമേരിക്കയുടെ ഏപ്രില്‍-ജൂണ്‍ സാമ്പത്തികവളര്‍ച്ച അപ്രതീക്ഷിതമായി ഉയര്‍ന്നു. 3.7 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ഇത്തവണ കുറിച്ചത്. ഒന്നാം ത്രൈമാസത്തില്‍ 0.7 ശതമാനം കുറഞ്ഞ സ്ഥാനങ്ങളാണിത്. ഇതോടെ അര്‍ധവര്‍ഷ വളര്‍ച്ച 2.2 ശതമാനമായി.

യുഎസ് വളര്‍ച്ച പെട്രോളിയം വില 12 ശതമാനം കൂടാനിടയാക്കി. എന്നാല്‍ ചൈനയും കാനഡയും അടക്കമുള്ള പ്രമുഖ വ്യാപാര പങ്കാളികള്‍ക്കു ക്ഷീണംവരുമ്പോള്‍ അമേരിക്കന്‍ വളര്‍ച്ചയുടെ മുന്നോട്ടുള്ള ഗതിയെപ്പറ്റി ആശങ്ക ഉയരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.