പ്രതിസന്ധി മറികടക്കാന്‍ എച്ച്ഒസിഎല്‍ കരാര്‍ വ്യവസ്ഥയില്‍ ഉത്പന്നങ്ങള്‍ നിര്‍മിച്ചുനല്‍കുന്നു
പ്രതിസന്ധി മറികടക്കാന്‍ എച്ച്ഒസിഎല്‍ കരാര്‍ വ്യവസ്ഥയില്‍ ഉത്പന്നങ്ങള്‍ നിര്‍മിച്ചുനല്‍കുന്നു
Friday, September 4, 2015 11:21 PM IST
വി.ആര്‍. ശ്രീജിത്ത്

കൊച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ് ലിമിറ്റഡ് (എച്ച്ഒസിഎല്‍) പുറത്തു നിന്നുള്ള സ്ഥാപനങ്ങള്‍ക്ക് കരാര്‍ വ്യവസ്ഥയില്‍ ഉത്പന്നങ്ങള്‍ നിര്‍മിച്ചുനല്‍കും.

കഴിഞ്ഞ ജൂലൈയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ പഠനങ്ങള്‍ക്കു ശേഷം എച്ച്ഒസിഎലിന്റെ കൊച്ചിയിലെയും മഹാരാഷ്ട്രയിലെ രസായനിയിലെയും പ്ളാന്റുകളില്‍ ടോള്‍ ഉത്പാദനത്തിനായുള്ള താത്പര്യപത്രിക ക്ഷണിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഔദ്യോഗിക വെബ്സൈറ്റില്‍ അറിയിപ്പുണ്ടായി.

എച്ച്ഒസിഎല്‍ ആദ്യമായാണ് ഇത്തരത്തില്‍ പുറത്തേക്ക് ഉത്പന്നങ്ങള്‍ നിര്‍മിച്ചുനല്‍കാന്‍ ഒരുങ്ങുന്നത്. ഇന്ത്യയിലെയും വിദേശത്തെയും സാമ്പത്തികഭദ്രതയുള്ള സ്ഥാപനങ്ങള്‍ക്ക് എച്ച്ഒസിയെ സമീപിക്കാം. അസംസ്കൃത വസ്തുക്കള്‍ നല്‍കിക്കഴിഞ്ഞാല്‍ കമ്പനിയുടെ മാനവവിഭവശേഷിയും അത്യാധുനിക പ്ളാന്റുകളും ഉപയോഗിച്ച് ഉത്പന്നങ്ങള്‍ നിര്‍മിച്ചുകൊടുക്കും. ഫിനോള്‍, അസറ്റോള്‍ എന്നിവയാണ് കമ്പനി പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി ഒരു പരിധിവരെ മറികടക്കുന്നതിനാണ് ഇത്തരത്തിലൊരു തീരുമാനമുണ്ടായതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

അസംസ്കൃത വസ്തുക്കള്‍ ലഭ്യമാകാത്തതിനെ തുടര്‍ന്ന് കൊച്ചി എച്ച്ഒസിയില്‍ കഴിഞ്ഞ മാസം 29 മുതല്‍ ഉത്പാദനം നിര്‍ത്തിവച്ചിരിക്കുകയാണ്. കൊച്ചി ബിപിസിഎലാണ് എച്ച്ഒസിക്ക് അസംസ്കൃത വസ്തുകള്‍ നല്‍കിയിരുന്നത്. 60 കോടി രൂപയാണ് എച്ച്ഒസിക്ക് കടം നല്‍കുന്നതിന് റിഫൈനറി പരിധി നിശ്ചയിച്ചിരിക്കുന്നത്. ആ പരിധിയും കടന്നതിനെ തുടര്‍ന്നാണ് അസംസ്കൃത വസ്തുക്കള്‍ നല്‍കുന്നത് റിഫൈനറി നിര്‍ത്തിയത്. 600 കോടി രൂപയോളം ആസ്തിമൂല്യമുള്ള എച്ച്ഒസിക്ക് സുസജ്ജമായ പ്ളാന്റുകളും കാര്യക്ഷമതയുള്ള ജീവനക്കാരുമുണ്ട്. അതുകൊണ്ടുതന്നെ ലാഭകരമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുമുണ്ട്. എന്നാല്‍ പ്രവര്‍ത്തന മൂലധനമില്ലാത്തതിനാല്‍ പ്രവര്‍ത്തനം താറുമാറായിരിക്കുകയാണ്. അസംസ്കൃത വസ്തുക്കളായ ബെന്‍സീനും എല്‍പിജിയും ലഭ്യമാക്കിയിരുന്നത് ബിപിസിഎലായിരുന്നു.


പുതിയ തീരുമാനപ്രകാരം ഓര്‍ഡര്‍ ലഭിച്ച് ഉത്പാദനം നടന്നാല്‍ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി ഒരു പരിധിവരെ മറികടക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. ജീവനക്കാര്‍ ഇപ്പോള്‍ തന്നെ അഞ്ചുമാസത്തെ ശമ്പളം കുടിശിക നല്‍കാനുണ്ട്. ജൂലൈ മാസത്തില്‍ ശമ്പളം നല്‍കിയിരുന്നെങ്കിലും കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. കൂടാതെ ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍, മേയ് എന്നീ മാസങ്ങളിലെ ശമ്പളവും നല്‍കേണ്ടതുണ്ട്. ഓണത്തോടനുബന്ധിച്ച് 8000 രൂപയാണ് തൊഴിലാളികള്‍ക്ക് നല്‍കാനായത്. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് തൊഴിലാളികള്‍ പ്രക്ഷോഭത്തിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.