കേന്ദ്ര ബാങ്കിന്റെ നീക്കം ഓഹരിസൂചികയിലും പ്രതിഫലിച്ചു
കേന്ദ്ര ബാങ്കിന്റെ നീക്കം ഓഹരിസൂചികയിലും പ്രതിഫലിച്ചു
Monday, October 5, 2015 11:05 PM IST
ഓഹരി അവലോകനം / സോണിയ ഭാനു

മുംബൈ: സാമ്പത്തികവളര്‍ച്ചയ്ക്കു വേഗത പകരാന്‍ കേന്ദ്ര ബാങ്ക് നടത്തിയ ശക്തമായ നീക്കങ്ങള്‍ ഓഹരിസൂചികയ്ക്കും രൂപയുടെ മൂല്യത്തിനും തിളക്കം പകര്‍ന്നു. സെന്‍സെക്സും നിഫ്റ്റിയും ഒരു ശതമാനം മുന്നേറിയപ്പോള്‍ ബിഎസ്ഇ മിഡ് കാപ് ഇന്‍ഡക്സ് രണ്ടു ശതമാനം വര്‍ധിച്ചു.

ആര്‍ബിഐ പലിശനിരക്കില്‍ 50 ബേസിസ് പോയിന്റ് കുറച്ചത് ഫോറെക്സ് മാര്‍ക്കറ്റില്‍ ഡോളറിനു മുന്നില്‍ രൂപയുടെ കരുത്തുകൂട്ടി. 66.32ല്‍നിന്ന് രൂപയുടെ വിനിമയനിരക്ക് 65.21ലേക്കു മെച്ചപ്പെട്ടു. ചുരുങ്ങിയ ദിവസങ്ങള്‍ക്കിടയില്‍ രൂപയുടെ മൂല്യം 1.11 രൂപയാണ് ഉയര്‍ന്നത്. സാങ്കേതികമായി വിലയിരുത്തിയാല്‍ രൂപ ബുള്ളിഷാണ്. രൂപയുടെ മുല്യം 64.30 വരെ മെച്ചപ്പെടാന്‍ ഇടയുണ്ട്.

രൂപ മികവ് കാണിച്ചാല്‍ സ്വാഭാവികമായും ഓഹരിവിപണിയിലേക്കുള്ള പണ പ്രവാഹവും ഉയരും. സെപ്റ്റംബറില്‍ വിദേശ ഫണ്ടുകള്‍ 6,500 കോടി രൂപ പിന്‍വലിച്ചു. എന്നാല്‍, ഈ അവസരത്തില്‍ 7,070 കോടിയുടെ നിക്ഷേപമായി ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ താങ്ങു പകര്‍ന്നത് സൂചികയുടെ തകര്‍ച്ചയെ പിടിച്ചുനിര്‍ത്തി. അതേസമയം, ആര്‍ബിഐ പലിശനിരക്കില്‍ വരുത്തിയ ഭേദഗതി വിദേശ ഓപ്പറേറ്റര്‍മാരെ ആകര്‍ഷിച്ചതിനാല്‍ കഴിഞ്ഞവാരം അവര്‍ 692 കോടി രൂപ കടപ്പത്രത്തില്‍ നിക്ഷേപിച്ചു.

നാണയപ്പെരുപ്പം ആറു ശതമാനത്തില്‍ താഴെ പിടിച്ചുനിര്‍ത്താന്‍ കഴിയുന്ന സാഹചര്യത്തില്‍ 2016 ഫെബ്രുവരിയില്‍ ആര്‍ബിഐ പലിശയില്‍ 25 ബേസിസ് പോയിന്റ് കൂടി കുറയ്ക്കാന്‍ സാധ്യതയുണ്െടന്നു ബാങ്ക് ഓഫ് അമേരിക്ക വിലയിരുത്തുന്നു. അതായത് ഫെഡ് റിസര്‍വ് പലിശനിരക്ക് ഡിസംബര്‍ വരെ സ്റെഡിയായി നിലനിര്‍ത്തുമെന്ന സൂചനയാണ് ഇതു നല്‍കുന്നത്. ജനുവരിയില്‍ യുഎസ് ഫെഡ് പലിശനിരക്ക് ഉയര്‍ത്തിയാല്‍ ഫെബ്രുവരി യോഗത്തില്‍ ആര്‍ബിഐ പലിശ വീണ്ടും കുറയ്ക്കാം.


ബോംബെ സെന്‍സെക്സ് ബുള്ളിഷ് ട്രന്റില്‍ മുന്നേറുകയാണ്. ആര്‍ബിഐ പച്ചക്കൊടി വീശിയതിന്റെ പിന്‍ബലത്തില്‍ 357 പോയിന്റ് കഴിഞ്ഞവാരം ഉയര്‍ന്നു. ഗാന്ധിജയന്തി പ്രമാണിച്ച് ഒരു ദിവസം അവധിയായിരുന്നതിനാല്‍ ഇടപാടുകള്‍ നാലു ദിവസം മാത്രമായി ചുരുങ്ങി.

സെന്‍സെക്സ് താഴ്ന്ന നിലവാരമായ 25,296ല്‍നിന്ന് 26,425 വരെ കയറിയ ശേഷം ക്ളോസിംഗ് വേളയില്‍ 26,221ലാണ്. ഈ വാരം സൂചികയുടെ ആദ്യ പ്രതിരോധം 26,665ലാണ്. ഇതു മറികടക്കാനായാല്‍ ലക്ഷ്യം 27,109-27,794ലേയ്ക്കാവും. അതേസമയം വിദേശത്തുനിന്നുള്ള പ്രതികൂല വാര്‍ത്തകള്‍ ഓപ്പറേറ്റര്‍മാരെ സ്വാധീനിച്ചാല്‍ 25,536-24,851ത്തില്‍ താങ്ങ് പ്രതീക്ഷിക്കാം. 50,200 ഡെ മൂവിംഗ് ആവറേജിന് ഏറെ താഴെയാണു സൂചിക ചലിക്കുന്നത്. സൂചികയുടെ ചലനങ്ങള്‍ സാങ്കേതികമായി വിലയിരുത്തിയാല്‍ ഫാസ്റ് സ്റോക്കാസ്റിക്ക്, എംഎസിഡി, ആര്‍എസ്ഐ 14 എന്നിവ ബുള്ളിഷ് ട്രന്‍ഡിലാണ്. അതേ സമയം പാരാബോളിക് എസ്എആര്‍ സെല്ലിങ് മൂഡിലേക്കു തിരിഞ്ഞു.

നിഫ്റ്റിക്ക് മുന്‍വാരം സൂചിപ്പിച്ച 8018ലെ പ്രതിരോധം തകര്‍ക്കാനായില്ല. താഴ്ന്ന നിലവാരമായ 7696ല്‍ നിന്ന് 8008 വരെ കയറിയ നിഫ്റ്റി വാരാന്ത്യം 7951 ലാണ്. ഈവാരം 8072-8194ല്‍ പ്രതിരോധവും 7762-7574ല്‍ താങ്ങും പ്രതീക്ഷിക്കാം.

റിയാലിറ്റി, എഫ്എംസിജി വിഭാഗങ്ങള്‍ മികവു കാണിച്ചപ്പോള്‍ സ്റീല്‍, ബാങ്കിംഗ് ഓഹരികള്‍ തളര്‍ന്നു. ഏഷ്യയിലെ പ്രമുഖ ഇന്‍ഡക്സുകള്‍ പലതും മികവിലാണ് വ്യാപാരാന്ത്യം. യുറോപ്യന്‍ മാര്‍ക്കറ്റുകളും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. അമേരിക്കയില്‍ ഡൌ ജോണ്‍സ് സൂചിക 16,472ലും എസ് ആന്‍ഡ് പി 1,951ലും നാസ്ഡാക് 4,707 ലുമാണ്. ന്യൂയോര്‍ക്കില്‍ ക്രൂഡ് ഓയില്‍ ബാരലിന് 45.07ലും സ്വര്‍ണം ഔണ്‍സിന് 1,138 ഡോളറിലുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.