സ്പൈസ് ജെറ്റിന് കൊച്ചിയില്‍നിന്നു കൂടുതല്‍ സര്‍വീസുകള്‍
സ്പൈസ് ജെറ്റിന് കൊച്ചിയില്‍നിന്നു കൂടുതല്‍ സര്‍വീസുകള്‍
Saturday, October 10, 2015 11:22 PM IST
കൊച്ചി: സ്പൈസ് ജെറ്റ് കൊച്ചി- മുംബൈ, കൊച്ചി-ഹൈദരാബാദ് റൂട്ടുകളില്‍ രണ്ടു പുതിയ ഫ്ളൈറ്റുകള്‍ കൂടി തുടങ്ങും. കൊച്ചിയില്‍നിന്ന് അഹമ്മദാബാദിലേക്കു കണക്ഷന്‍ ഫ്ളൈറ്റും തുടങ്ങും.

ഈ മാസം 25 മുതല്‍ ദിവസവും കൊച്ചിയില്‍നിന്നു മുംബൈയിലേക്കും തിരിച്ചും സര്‍വീസ് നടത്തും. ഉച്ചയ്ക്ക് 1.05ന് കൊച്ചിയില്‍നിന്നു പുറപ്പെടുന്ന ഫ്ളൈറ്റ് 3.05ന് മുംബൈയില്‍ എത്തും. മുംബൈയില്‍നിന്നു വൈകുന്നേരം 4.50ന് പുറപ്പെടുന്ന വിമാനം കൊച്ചിയില്‍ 6.50ന് എത്തും.

കൊച്ചി-ഹൈദരാബാദ് ഫ്ളൈറ്റ് ദിവസവും രാവിലെ 9.15ന് കൊച്ചിയില്‍നിന്നു പുറപ്പെട്ട് 11ന് ഹൈദരാബാദിലെത്തും. ഹൈദരാബാദില്‍നിന്നു ദിവസവും രാവിലെ 7.15നാണ് കൊച്ചിയിലേക്കു സര്‍വീസ്. കൊച്ചിയില്‍ 8.45ന് എത്തിച്ചേരും. കൊച്ചി-അഹമ്മദാബാദ് കണക്ഷന്‍ ഫ്ളൈറ്റ് ദിവസവും രാവിലെ 10.20ന് കൊച്ചിയില്‍നിന്നു പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 3.10ന് അഹമ്മദാബാദിലെത്തും. അഹമ്മദാബാദില്‍നിന്നു രാവിലെ 6.35ന് പുറപ്പെടുന്ന കണക്ഷന്‍ ഫ്ളൈറ്റ് 11.25ന് കൊച്ചിയിലെത്തും.


കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന സ്പൈസ് ജെറ്റ് പ്രതിദിന വിമാന സര്‍വീസുകളുടെ എണ്ണം ഈ മാസം 25 മുതല്‍ ഇപ്പോഴത്തെ 250 ഫ്ളൈറ്റുകളില്‍നിന്നു 291 ആയി ഉയര്‍ത്തും. പത്തു റൂട്ടുകളില്‍ പുതിയ സര്‍വീസും 30 റൂട്ടുകളില്‍ കൂടുതല്‍ സര്‍വീസും 22 കണക്ഷന്‍ സര്‍വീസുകളുമാണു പുതുതായി തുടങ്ങുന്നത്. പുതിയ ഫ്ളൈറ്റുകള്‍ക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. കൂടുതല്‍ സര്‍വീസിനായി കമ്പനി ഒരു മാസത്തിനകം ആറു പുതിയ വിമാനങ്ങള്‍കൂടി ലഭ്യമാക്കും. പുതിയ സര്‍വീസുകള്‍ തുടങ്ങുന്നതോടെ കമ്പനിയുടെ ശേഷിയില്‍ 16 ശതമാനം വര്‍ധനയുണ്ടാകും. യാത്രക്കാര്‍ക്കു മെച്ചപ്പെട്ട സേവനം നല്കാനും കഴിയുമെന്നു സെയില്‍സ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ തലവനും സീനിയര്‍ വൈസ് പ്രസിഡന്റുമായ ശില്പ ഭാട്ടിയ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.