മൂന്നാര്‍ സമരം: ടൂറിസം മേഖല കടുത്ത പ്രതിസന്ധിയില്‍
Sunday, October 11, 2015 11:19 PM IST
കൊച്ചി: മൂന്നാറില്‍ തോട്ടം തൊഴിലാളികളുടെ ഉപരോധ സമരം തുടരുന്നതു വിനോദസഞ്ചാര മേഖലയ്ക്കു കനത്ത തിരിച്ചടിയാകുമെന്നു കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി (കെടിഎം) പ്രസിഡന്റ് ഏബ്രഹാം ജോര്‍ജ് പറഞ്ഞു. സമരവും റോഡ് ഉപരോധവും മൂലം വിനോദസഞ്ചാരികള്‍ ആശങ്കയിലാണ്. പൂജ അവധിക്കും ദീപാവലിക്കുമാണ് ഉത്തരേന്ത്യയില്‍നിന്ന് ഏറ്റവും അധികം വിനോദസഞ്ചാരികള്‍ എത്തുന്നത്. എന്നാല്‍, മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നവര്‍ തുടര്‍ച്ചയായ സമരം മൂലം ട്രിപ്പ് കാന്‍സല്‍ ചെയ്യുകയാണ്. ടൂറിസം മേഖലയുടെ സ്തംഭനത്തിന് ഇത് ഇടയാക്കും.

ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 15 ലക്ഷത്തോളം തൊഴിലാളികളെയും ടൂറിസത്തില്‍ മുതല്‍മുടക്കിയ സംരംഭകരെയും ഈ മേഖലയെ ആശ്രയിച്ചു കഴിയുന്ന സ്ഥലവാസികളെയും കേരളത്തിന്റെ ടൂറിസം സാധ്യതകളെയും ഇത്തരം സമരങ്ങള്‍ സാരമായി ബാധിക്കും.


കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകൊണ്ടു സര്‍ക്കാരും സംരംഭകരും ചേര്‍ന്ന് ആഗോള തലത്തില്‍ പടുത്തുയര്‍ത്തിയ ടൂറിസം ബ്രാന്‍ഡ് തുടരെയുള്ള ഹര്‍ത്താലുകളും സമരങ്ങളും മൂലം നഷ്ടപ്പെടും. അതിനാല്‍ തോട്ടം തൊഴിലാളികളുടെ സമരത്തിനു മാനുഷിക പരിഗണന നല്‍കി എത്രയും വേഗം ഒത്തുതീര്‍ക്കാന്‍ നടപടിയെടുക്കണം.

ഏറെ നാളത്തെ പ്രയത്നഫലമായി രൂപപ്പെടുത്തിയ ടൂറിസം മേഖലയെ സംരക്ഷിക്കണമെന്നും വിനോദ സഞ്ചാര മേഖലയെ ഹര്‍ത്താലുകളില്‍നിന്നും സമരങ്ങളില്‍നിന്നും ഒഴിവാക്കണമെന്നും ഏബ്രഹാം ജോര്‍ജ് അഭ്യര്‍ഥിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.