ഇന്‍ഫോസിസ് വരുമാനം കൂടി; സിഎഫ്ഒ രാജിവച്ചു
ഇന്‍ഫോസിസ് വരുമാനം കൂടി; സിഎഫ്ഒ രാജിവച്ചു
Tuesday, October 13, 2015 10:54 PM IST
ബംഗളൂരു: ഐടി ഭീമന്‍ ഇന്‍ഫോസിസ് ടെക്നോളജീസ് പ്രതീക്ഷയിലും മികച്ച വരുമാനവും ലാഭവും ഉണ്ടാക്കി. കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സിഎഫ്ഒ) മാറുകയും ചെയ്തു.

ജൂലൈ - സെപ്റ്റംബര്‍ പാദത്തിലെ കമ്പനിവരുമാനം 8.9 ശതമാനം കൂടി 15635 കോടി രൂപയായി. അറ്റാദായം 12.1 ശതമാനം വര്‍ധിച്ച് 3398 കോടി രൂപയിലെത്തി. ഡോളര്‍ കണക്കില്‍ നാലുവര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച പാദഫലമാണിത്. മികച്ച ഫലത്തെത്തുടര്‍ന്നു കമ്പനി പത്തുശതമാനം ഇടക്കാല ലാഭവീതം പ്രഖ്യാപിച്ചു.

15 വര്‍ഷമായി കമ്പനിയില്‍ പ്രവര്‍ത്തിക്കുന്ന സിഎഫ്ഒ രാജീവ് ബന്‍സാല്‍ രാജിവച്ചു. പകരം എം.ഡി. രംഗനാഥ് സിഎഫ്ഒ ആകും. 2013ലാണു ബന്‍സാല്‍ സിഎഫ്ഒ ആയത്. രാജിവച്ചെങ്കിലും ഡിസംബര്‍ അവസാനംവരെ അദ്ദേഹം ബോര്‍ഡില്‍ ഉപദേഷ്ടാവായി തുടരും.


കറന്‍സിവിനിമയ നിരക്കുകള്‍ ചാഞ്ചാടുന്നതിനാല്‍ വാര്‍ഷിക വരുമാനം സംബന്ധിച്ച പ്രതീക്ഷ കമ്പനി താഴ്ത്തി. നേരത്തേ 7.2 - 9.2 ശതമാനം പ്രതീക്ഷിച്ച സ്ഥാനത്ത് ഇനി 6.4 - 8.4 ശതമാനം വളര്‍ച്ചയാണു പ്രതീക്ഷ.

കഴിഞ്ഞ പാദത്തില്‍ കമ്പനിയിലെ ജോലിക്കാരുടെ സംഖ്യ 1,79,523ല്‍നിന്ന് 1,87,976 ആയി. ഈ വര്‍ഷം കാമ്പസ് റിക്രൂട്ട്മെന്റ് വഴി 20,000 പേരെ നിയമിക്കും. ഇന്റേണ്‍ഷിപ്പ് ചെയ്യുന്നവരുടെ സ്റൈപ്പന്‍ഡ് 4000 രൂപയില്‍നിന്നു 10,000 രൂപയാക്കുമെന്നു സിഇഒയും മാനേജിംഗ് ഡയറക്ടറുമായ വിശാല്‍ സിക്ക പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.