ജനസേവനത്തിനു മാതൃക കാട്ടി കിഴക്കമ്പലം
Tuesday, October 13, 2015 10:55 PM IST
ഈ വര്‍ഷത്തെ ഫോബ് പട്ടികയില്‍ ഏഷ്യ പസഫിക്കിലെ ഏറ്റവും മികച്ച 200 കമ്പനികളുടെ പട്ടികയില്‍ ഇടംനേടിയ കിറ്റെക്സ് ഗ്രൂപ്പ്, കിഴക്കമ്പലം എന്ന നാട്ടില്‍ സൃഷ്ടിക്കുന്നത് ഇന്ത്യയില്‍ത്തന്നെ ആദ്യത്തേതെന്നു പറയാവുന്ന ഒരു കോര്‍പറേറ്റ് മാതൃക.

കിഴക്കമ്പലം ഇപ്പോള്‍ ആരും കൊതിക്കുന്ന നാടാണ്. ഇതിനു പിന്നില്‍ എം.സി. ജേക്കബിന്റെ മക്കളായ സാബു എം. ജേക്കബിന്റെയും ബോബി എം. ജേക്കബിന്റെയും നേതൃത്വത്തിലുള്ള ട്വന്റി ട്വന്റി എന്ന ജനകീയ കൂട്ടായ്മയാണ്. വീടും വെള്ളവും വെളിച്ചവും റോഡും പാലവുമൊന്നും ഇന്നു കിഴക്കമ്പലത്തുകാര്‍ക്ക് അന്യമല്ല. മറിച്ചു സ്വന്തമാണ്.

44 വര്‍ഷം മുമ്പ് എം.സി. ജേക്കബ് പത്തു തൊഴിലാളികളുമായി അലുമിനിയം സ്പൂണും തവിയും മണ്‍ചൂളയില്‍ ചുട്ടെടുത്തു തുടങ്ങിവച്ച സംരഭം ഇപ്പോള്‍ അന്ന അലുമിനിയം, സാറാസ് കറി പൌഡര്‍, കിറ്റെക്സ് വസ്ത്രങ്ങള്‍ എന്നിവയില്‍ എത്തി കിഴക്കമ്പലത്തെ കേരളത്തിന്റെ വ്യാവസായിക ഹബ്ബാക്കി മാറ്റി. വിശപ്പിലും വസ്ത്രത്തിലും ഒരുപോലെ സ്വന്തം പേരെഴുതിവച്ച ഒരാളും ഒരു ദേശവും ഒരുപക്ഷേ ഇതുപോലെ വേറെയുണ്ടാകില്ല. അദ്ദേഹം ബാക്കിവച്ചുപോയ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ് ട്വന്റി ട്വന്റിയിലൂടെ സാബുവും ബോബിയും.

സാബു എം. ജേക്കബിന്റെ ആശയമാണ് ട്വന്റി ട്വന്റി. 2020 ഓടെ കിഴക്കമ്പലത്തെ മാതൃകാ പഞ്ചായത്താക്കുകയെന്ന ലക്ഷ്യത്തോടെ 2013 മേയ് 19ന് എല്ലാ രാഷ്ട്രീയകക്ഷികളുടെയും പ്രവര്‍ത്തകരുടെയും സഹകരണത്തോടെ സംഘാടകസമിതി രൂപീകൃതമായി. കുടിവെള്ളത്തിനും ആരോഗ്യമേഖലയ്ക്കുമായിരുന്നു ആദ്യശ്രദ്ധ. രോഗനിര്‍ണയം, തുടര്‍ചികിത്സ, മെഗാ മെഡിക്കല്‍ ക്യാമ്പ്, നേത്രചികിത്സാക്യാമ്പ്, ശസ്ത്രക്രിയ എന്നിവയില്‍ എണ്ണായിരത്തിലധികം പേര്‍ പങ്കെടുത്തു. തുടര്‍ന്ന് ചെറുതും വലുതുമായ കുടിവെള്ളപദ്ധതിയിലൂടെ ആയിരത്തിലധികം പേര്‍ക്ക് കുടിവെള്ളമെന്ന സ്വപ്നം യാഥാര്‍ഥ്യമായി. അഞ്ഞൂറോളം വീടുകളാണു ട്വന്റി ട്വന്റിയിലൂടെ കിഴക്കമ്പലത്തുയര്‍ന്നത്. 1600 വീടുകള്‍ക്കുള്ള പ്രാരംഭ നടപടികളായി. 200 വീടുകളില്‍ കറന്റ് എത്തിച്ചു. അസുഖം വന്നാല്‍ ആംബുലന്‍സും ശസ്ത്രക്രിയയുമടക്കമുള്ള എല്ലാ ചെലവുകളും വഹിക്കാന്‍ ട്വന്റി ട്വന്റി ഉണ്ട്. രണ്ടായിരത്തില്‍പ്പരം ശസ്ത്രക്രിയകളാണ് വിവിധ ഭാഗങ്ങളിലായി ഇതുവരെ നടന്നത്. ഇവിടത്തെ ജനജീവിതമിപ്പോള്‍ നാലുനിറമുള്ള കാര്‍ഡുകളില്‍ കൈവെള്ളയിലൊതുങ്ങുന്നു. നിരാലംബരുടെ നിറം ചുവപ്പ്, ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മഞ്ഞയും ഐപിഎലുകാര്‍ക്ക് പച്ചയും. സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ളവര്‍ക്ക് നീല കാര്‍ഡ്. കുടുംബത്തിന്റെ ആരോഗ്യസ്ഥിതി ഉള്‍പ്പെടെയുള്ള സര്‍വ വിവരങ്ങളും കാര്‍ഡിന്റെ പിറകിലുണ്ട്. ഉപ്പുതൊട്ടു കര്‍പ്പൂരംവരെയുള്ള അവശ്യസാധനങ്ങള്‍ 50 ശതമാനംവരെ വിലക്കുറവില്‍ താമരച്ചാലിലെ ട്വന്റി ട്വന്റി നഗറില്‍ തിങ്കല്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം അഞ്ചു തൊട്ടുള്ള ഗ്രാമച്ചന്തയില്‍നിന്നു എല്ലാ കാര്‍ഡുകാര്‍ക്കും വാങ്ങാം. സ്വയംസന്നദ്ധരായി എത്തുന്ന നൂറ്റമ്പതോളം കിറ്റെക്സ് - അന്ന ഗ്രൂപ്പ് ജീവനക്കാരും ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും കണ്‍സ്ട്രക്ഷന്‍ മേഖലയില്‍നിന്നുള്ളവരുമുള്‍പ്പെടെ 160 പേരും സഹായത്തിനായി ഒപ്പമുണ്ടാകും.


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വരുന്ന തെരഞ്ഞെടുപ്പില്‍ കിഴക്കമ്പലം മറ്റൊരു ചരിത്രംകൂടി എഴുതും. കേരളത്തിലാദ്യമായി ഒരു ജനകീയ കൂട്ടായ്മ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും മത്സരിക്കാന്‍ പോകുന്നു എന്നതാണത്.

കിഴക്കമ്പലം പഞ്ചായത്തിനെ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ 480 ഏക്കറോളം സ്ഥലത്താണ് നെല്‍ക്കൃഷിയിറക്കിയത്. കൂടാതെ ജൈതിത്തൈകള്‍, തെങ്ങിന്‍തൈകള്‍, റമ്പുട്ടാന്‍, മാങ്കോസ്റിന്‍, മാവിന്‍തൈകള്‍, പേരത്തൈകള്‍, സപ്പോട്ടത്തൈകള്‍, ഞാലിപ്പൂവന്‍ വാഴ, ഏത്തവാഴ, അതോടൊപ്പം ഏഴു ലക്ഷം പച്ചക്കറിത്തൈകള്‍ എന്നിവയുടെ സൌജന്യ വിതരണം, വിവിധ ധനസാഹയം, 612 പേര്‍ക്ക് അന്ന - കിറ്റെക്സ് - സാറാസ് സ്ഥാപനങ്ങളില്‍ ജോലി നല്‍കിയതുമെല്ലാമായി ഈ സേവനപരമ്പര നീളുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.