ഏറ്റെടുക്കല്‍ മേള: സാബ് മില്ലറിനെ എബി ഇന്‍ബെവും ഇഎംസിയെ ഡെല്ലും വാങ്ങുന്നു
ഏറ്റെടുക്കല്‍ മേള: സാബ് മില്ലറിനെ എബി ഇന്‍ബെവും ഇഎംസിയെ ഡെല്ലും വാങ്ങുന്നു
Wednesday, October 14, 2015 11:31 PM IST
ആഗോള വ്യവസായമേഖലയില്‍ ഏറ്റെടുക്കല്‍ കാലം. ബിയര്‍ വിപണിയില്‍ മുഖ്യ എതിരാളിയായ സാബ് മില്ലറിനെ ഏറ്റെടുത്ത് ആന്‍ഹ്യൂസര്‍-ബുഷ് (എബി) ഇന്‍ബെവ് കുത്തകനേടുന്നു. ടെക്നോളജിയില്‍ കംപ്യൂട്ടര്‍ നിര്‍മാതാക്കളായ ഡെല്‍ സ്റോറേജ് ടെക്നോളജി ഭീമനായ ഇഎംസിയെ കൈവശപ്പെടുത്തുന്നു.

എബി ഇന്‍ബെവ് 10400 കോടി ഡോളര്‍ (6.76 ലക്ഷം കോടി രൂപ) മുടക്കിയാണു ബ്രിട്ടീഷ് കമ്പനിയായ സാബ് മില്ലറിനെ കൈവശമാക്കുന്നത്. സാബ് മില്ലറിന്റെ ഓഹരി ഒന്നിന് 44 പൌണ്ട് വീതം ഇന്‍ബെവ് നല്‍കും. കമ്പനിലോകത്തെ അഞ്ചാമത്തെ വലുതും ബ്രിട്ടനിലെ ഏറ്റവും വലുതുമായ ഏറ്റെടുക്കലാണിത്. ലോകത്തിലെ ബിയര്‍ വിപണിയുടെ മൂന്നിലൊന്ന് ഇതോടെ എബി ഇന്‍ബെവിന്റേതാകും.

ബഡ്വൈസര്‍, സ്റെല്ലാ ആര്‍ത്വാ, കൊറോണ, ബെക്ക്സ് തുടങ്ങിയ ബ്രാന്‍ഡുകള്‍ ഇന്‍ബെവിന്റേതാണ്. 1.55 ലക്ഷം ജീവനക്കാരുള്ള കമ്പനി കഴിഞ്ഞവര്‍ഷം 4706 കോടി ഡോളര്‍ വിറ്റുവരവില്‍ 1130 കോടി ഡോളര്‍ അറ്റാദായമുണ്ടാക്കി. 1860-ലാരംഭിച്ച ബെല്‍ജിയന്‍ കമ്പനിയായ ആന്‍ഹ്യൂസര്‍-ബുഷ് മറ്റു ചില കമ്പനികളെ വാങ്ങിയാണ് ഈ നിലയിലെത്തിയത്.

ഫോസ്റേഴ്സ്, പെറോണി, ഗ്രോള്‍ഷ് തുടങ്ങിയ ബ്രാന്‍ഡുകള്‍ ഉള്ള സാബ് മില്ലറിന് 69,000 ജീവനക്കാരുണ്ട്. 2231 കോടി ഡോളര്‍ വിറ്റുവരവില്‍ 365 കോടി ഡോളര്‍ അറ്റാദായം കഴിഞ്ഞവര്‍ഷം ഉണ്ടാക്കി.


ടെക്നോളജി കമ്പനികള്‍ക്കിടയിലെ ഏറ്റവും വലിയ ഏറ്റെടുക്കലാണു ഡെല്‍ നടത്തുന്നത്. ഓഹരിവിപണിയില്‍ ലിസ്റ് ചെയ്യാത്ത കമ്പനിയായ ഡെല്‍ 6700 കോടി ഡോളര്‍ (4.355 ലക്ഷം കോടി രൂപ) മുടക്കിയാണ് ഇഎംസിയെ വാങ്ങുന്നത്.

ഡാറ്റാ വര്‍ച്വലൈസേഷന്‍, ഡാറ്റാ സ്റോറേജ്, സെക്യൂരിറ്റി ടെക്നോളജികളിലും ക്ളൌഡ് കംപ്യൂട്ടിംഗ് സര്‍വീസിലും മുന്‍നിരയിലുള്ളതാണ് ഇഎംസി. ഡെല്ലിനേക്കാള്‍ പലമടങ്ങ് വലുപ്പമുള്ളതാണ് ഇഎംസി.

ഡെല്‍ ചീഫ് എക്സിക്യൂട്ടീവ് മൈക്കള്‍ ഡെല്ലും ഇഎംസിയുടെ സിഇഒ ജോ തുച്ചിയും തമ്മിലുണ്ടാക്കിയ കരാറിന്റെ വിശദാംശങ്ങള്‍ അറിവായിട്ടില്ല. ഇഎംസിയുടെ ഏറ്റവും പ്രധാന ടെക്നോളജി കൈകാര്യംചെയ്യുന്നതു വിഎംവേര്‍ എന്ന സ്വകാര്യ കമ്പനിയാണ്. ഈ കമ്പനിയുടെ ഭൂരിപക്ഷ ഓഹരിയും ഡെല്‍ വാങ്ങും.

രണ്ടു കമ്പനികളും മത്സരത്തില്‍ പിന്തള്ളപ്പെടുന്നവയാണെന്നും പിടിച്ചുനില്‍ക്കാനുള്ള ശ്രമമാണ് ഈ ലയനമെന്നും വിമര്‍ശനമുണ്ട്. പല നിരീക്ഷകരും ഈ നീക്കത്തിന്റെ വിജയത്തില്‍ സംശയം പുലര്‍ത്തുന്നു.

70,000 ജോലിക്കാരുള്ള ഇഎംസി കഴിഞ്ഞവര്‍ഷം 2444 കോടി ഡോളര്‍ വിറ്റുവരവില്‍ 271 കോടി ഡോളര്‍ അറ്റാദായമുണ്ടാക്കി. പേഴ്സണല്‍ കംപ്യൂട്ടറുകളും സെര്‍വറുകളും ലാപ്ടോപ്പുകളും നിര്‍മിക്കുന്ന ഡെല്ലിന് 1.09 ലക്ഷം ജീവനക്കാരുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.