ഡയറക്ടര്‍മാരുടെ പ്രതിഫലത്തിനു സേവനനികുതി ബാധകമോ?
ഡയറക്ടര്‍മാരുടെ പ്രതിഫലത്തിനു സേവനനികുതി ബാധകമോ?
Monday, November 30, 2015 11:56 PM IST
നികുതിലോകം / ബേബി ജോസഫ് (ചാര്‍ട്ടേഡ് അക്കൌണ്ടന്റ്)

ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥന്‍ തൊഴിലുടമയ്ക്കു നല്കുന്ന സേവനം സേവനനികുതിയുടെ പരിധിയില്‍ വരുന്നില്ല. സേവനനികുതി നിയമത്തിലെ വകുപ്പ് 65(ബി)44 അനുസരിച്ച് സേവനം എന്ന നിര്‍വചനത്തില്‍ ജോലിക്കാരന്‍-തൊഴിലുടമ ബന്ധമുള്ള സേവനങ്ങളില്‍ സേവനനികുതി ബാധകമല്ല. അങ്ങനെ വരുമ്പോള്‍ മാനേജിംഗ് ഡയറക്ടര്‍ക്കും എക്സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ക്കും കൊടുക്കുന്ന ശമ്പളം സര്‍വീസ് ടാക്സിനു വിധേയമല്ല. അവര്‍ക്കു കൊടുക്കുന്ന തുക ജോലിയുടെ പ്രതിഫലമായി മാത്രമാണു കണക്കാക്കുന്നത്.

എന്നാല്‍, മുഴുവന്‍സമയ ഡയറക്ടര്‍മാര്‍ അല്ലാത്തവര്‍ക്ക് കമ്പനി നല്കുന്ന പ്രതിഫലം സേവനനികുതിക്കു വിധേയമാണ്. റിവേഴ്സ് ചാര്‍ജ് മെക്കാനിസം പ്രകാരം കമ്പനിക്കു തന്നെയാണ് അതിന്റെ ബാധ്യതയും. മുഴുവന്‍ സമയം ഡയറക്ടര്‍മാരും മാനേജിംഗ് ഡയറക്ടറും സര്‍വീസ് ടാക്സിന്റെ നിര്‍വചനപ്രകാരം ജോലിക്കാര്‍ ആയതുകൊണ്ടാണ് അവരുടെ പ്രതിഫലത്തിനു സേവനനികുതി ബാധകമാകാത്തത.് ഇത് 2012 ജൂലൈ ഒന്നിനാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.

മാനേജിംഗ് ഡയറക്ടര്‍ക്കും മുഴുവന്‍സമയ ഡയറക്ടര്‍മാര്‍ക്കും കമ്പനിയില്‍നിന്നു ലഭിക്കുന്ന കമ്മീഷന്‍ സര്‍വീസ് ടാക്സിനു വിധേയമല്ല. ഇത് സിബിഇസിയുടെ 324/2008 നമ്പറിലുള്ള സര്‍ക്കുലര്‍ പ്രകാരം വിശദീകരിക്കപ്പെട്ടിട്ടുള്ളതാണ്.

മറ്റു ഡയറക്ടര്‍മാര്‍ക്കു നല്കുന്ന സിറ്റിംഗ് ഫീസ്, യാത്രക്കൂലി, മറ്റു ചെലവുകള്‍ക്കായി നല്കപ്പെടുന്ന അധികതുക എന്നിവയ്ക്ക് സേവനനികുതി ബാധകമാണ്. വിജ്ഞാപനം 115/09/2009 എസ്.ടി. തീയതി 31-07-2009. ഇത് 1-07-2012നു ശേഷവും തുടരുന്നു.

മാനേജിംഗ് ഡയറക്ടര്‍ക്കും മുഴുവന്‍ സമയ ഡയറക്ടര്‍മാര്‍ക്കും നല്കുന്ന സ്റോക്ക് ഓപ്ഷനും സേവനനികുതിക്കു വിധേയമല്ല. ഇതും ജോലിയുടെ പ്രതിഫലം മാത്രമാണ്. മറ്റു ഡയറക്ടര്‍മാര്‍ക്ക് സ്റോക്ക് ഓപ്ഷന്‍ സേവനനികുതിക്കു വിധേയമാണ്. എന്നാല്‍, ചെലവുകളുടെ തിരിച്ചടവിന് (റീ ഇമ്പേഴ്സ്മെന്റ്) ഡയറക്ടര്‍മാര്‍ സേവനനികുതി നല്കേണ്ടതില്ല.

നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ക്കു കൊടുക്കുന്ന പ്രതിഫലം സര്‍വീസ് ടാക്സ് ഉള്‍പ്പടെയാണ് എന്ന വാദം നിലനില്ക്കില്ല. ഉദാഹരണത്തിന്, ഡയറക്ടറുടെ സേവനത്തിന് 1000 രൂപ പ്രതിഫലം പറഞ്ഞിരിക്കുന്നെങ്കില്‍ 1000 രൂപ ഡയറക്ടര്‍ക്കും 145 രൂപ ഗവണ്‍മെന്റിനും കമ്പനി നല്കണം.


ഡയറക്ടര്‍മാര്‍ക്ക് നല്കുന്ന പ്രതിഫലത്തിനു സേവനനികുതി പിടിക്കേണ്ടതും അടയ്ക്കേണ്ടതും കമ്പനിതന്നെ ആണ്. കമ്പനി അടച്ചില്ലെങ്കിലും ബാധ്യത ഡയറക്ടറുടെ മേല്‍ ഉണ്ടാവില്ല.

കമ്പനി നല്കുന്ന പ്രതിഫലം ഒരു ലക്ഷം രൂപയില്‍ താഴെ ആണെങ്കിലും ചെറുകിട സേവനദായകര്‍ക്ക് ലഭിക്കുന്ന പത്തു ലക്ഷം രൂപയുടെ ആനുകൂല്യം കമ്പനിക്ക് ലഭിക്കില്ല. കാരണം റിവേഴ്സ് ചാര്‍ജ് മെക്കാനിസം മൂലമാണ് കമ്പനിക്കു സേവനനികുതിയുടെ ബാധ്യത വന്നിരിക്കുന്നത്. അതിനു നോട്ടിഫിക്കേഷന്‍ പ്രകാരംമുള്ള കിഴിവിന് അര്‍ഹതയില്ല, അതിനാല്‍ കമ്പനിതന്നെ ബാധ്യത നിറവേറ്റിയേ സാധിക്കുകയുള്ളൂ.

ഒരു നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കമ്പനിക്കു നല്കിയ കണ്‍സള്‍ട്ടന്‍സിയുടെ ബില്‍ തുകയ്ക്ക് റിവേഴ്സ് ചാര്‍ജ് മെക്കാനിസം ബാധകമല്ല. എന്തുകൊണ്ടാണ് എന്നു ചോദിച്ചാല്‍ ഈ സേവനം ഡയറക്ടര്‍ എന്ന സ്ഥാനത്ത് ഇരുന്നതുകൊണ്ടല്ല, മറിച്ച് കണ്‍സള്‍ട്ടന്റ് എന്ന നിലയിലാണ് കാണേണ്ടത്. ഡയറക്ടറുടെ ടാലന്റ് അല്ല ഇവിടെ ഉപയോഗിച്ചത് മറിച്ച് ഒരു കണ്‍സള്‍ട്ടന്റ് എന്ന ലെവലിലാണ് സേവനം നല്കിയത്. സേവനനികുതിയുടെ ബാധ്യത വരുന്നത് കണ്‍സള്‍ട്ടന്റിനു മാത്രമാണ്.

കമ്പനി ഡയറക്ടര്‍മാരുടെ സേവനനികുതിയില്‍ റിവേഴ്സ് ചാര്‍ജ് മെക്കാനിസം 7-8-12ല്‍ ആണ് പ്രാബല്യത്തില്‍ വന്നത്. 1-7-12 മുതല്‍ 7-8-12നും ഇടയ്ക്ക് നല്കിയ സേവനത്തിന്റെ പ്രതിഫലത്തുകയ്ക്കുള്ള സേവന നികുതിയുടെ ബാധ്യത ഡയറക്ടര്‍മാര്‍ക്ക് മാത്രമാണ്, കമ്പനിക്കല്ല.

ഡയറക്ടര്‍മാരുടെ സേവനനികുതി അടയ്ക്കാന്‍ കമ്പനിയുടെ സെന്‍വാറ്റ് ക്രെഡിറ്റ് ഉപയോഗിക്കാമോ?

കമ്പനിക്ക് അധികമായി സെന്‍വാറ്റ് ക്രെഡിറ്റ് ഉണ്െടങ്കിലും ഇതുപയോഗിച്ച് ഡയറക്ടര്‍മാരുടെ സേവനനികുതി അടയ്ക്കുവാന്‍ സാധ്യമല്ല. സെന്‍വാറ്റ് ക്രെഡിറ്റ് റൂള്‍സ് അനുസരിച്ച് സേവനദാതാവ് എന്ന നിലയില്‍ മാത്രമേ സെന്‍വാറ്റ് ക്രെഡിറ്റ് ഉപയോഗിക്കാവൂ. ഇവിടെ സേവനസ്വീകര്‍ത്താവിന്റെ സ്ഥാനത്താണ് കമ്പനി നികുതി അടയ്ക്കേണ്ടത്. അതിനാല്‍ സെന്‍വാറ്റ് ക്രെഡിറ്റ് ലഭ്യമല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.