ഇസാഫ് മൈക്രോഫിനാന്‍സിനു മികച്ച റേറ്റിംഗ്
Wednesday, December 2, 2015 11:53 PM IST
തൃശൂര്‍: ഇന്ത്യയിലെ പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ ബ്രിക്വര്‍ക്ക്സ് റേറ്റിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഇസാഫ് മൈക്രോഫിനാന്‍സിന്റെ റേറ്റിംഗ് ബിഡബ്ള്യുആര്‍ എ മൈനസ് ആക്കി ഉയര്‍ത്തി. രാജ്യത്തെ പ്രമുഖ മൈക്രോഫിനാന്‍സ് സ്ഥാപനമായ ഇസാഫ് മൈക്രോഫിനാന്‍സ് പുറത്തിറക്കിയ കടപ്പത്രങ്ങളിന്‍മേലാണ് ഈ റേറ്റിംഗ് നല്‍കിയിരിക്കുന്നത്.

ബ്രിക്വര്‍ക്ക്സിന്റെ ഈ റേറ്റിംഗ് നിക്ഷേപകര്‍ക്കിടയിലും ബാങ്കുകള്‍ക്കിടയിലും കമ്പനിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കുമെന്നും ഇനിയും കുറഞ്ഞ പലിശനിരക്കുകളില്‍ ബാങ്കുകളില്‍നിന്നു വായ്പകള്‍ സ്വരൂപിക്കുവാന്‍ സഹായിക്കുമെന്നും ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ.പോള്‍ തോമസ് അറിയിച്ചു.

സാമ്പത്തിക വര്‍ഷത്തെ രണ്ടാംപാദത്തില്‍ മുന്‍വര്‍ഷത്തെക്കാള്‍ 47 ശതമാനം വര്‍ധനവോടുകൂടെ ഇസാഫ് മൈക്രോഫിനാന്‍സ് 130 കോടി രൂപയുടെ വരുമാനം നേടിയിരുന്നു. അടുത്തിടെ രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ സിഡ്ബി വെന്‍ച്വര്‍ കാപ്പിറ്റല്‍ ഇസാഫ് മൈക്രോഫിനാന്‍സില്‍ 25 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു.


റിസര്‍വ് ബാങ്ക് സ്മോള്‍ ഫിനാന്‍സ് ബാങ്ക് തുടങ്ങുന്നതിനു തത്വത്തില്‍ അനുമതി നല്‍കിയ കേരളത്തില്‍നിന്നുള്ള ഏക സ്ഥാപനമായ ഇസാഫ് നിര്‍ദിഷ്ട സമയപരിധിക്കുള്ളില്‍തന്നെ ബാങ്ക് ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ്.

ഇസാഫ് മൈക്രോഫിനാന്‍സ് 10 സംസ്ഥാനങ്ങളിലെ 74 ജില്ലകളില്‍ എട്ടു ലക്ഷത്തിലധികം ഗ്രാമീണ സ്ത്രീകള്‍ക്ക് 225 ബ്രാഞ്ചുകളിലൂടെ സാമ്പത്തിക സേവനം നല്‍കിവരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.