വിപണിയില്‍ തരംഗമാകാന്‍ കയറിലെ ത്രിമാന വോള്‍ പാനലുകള്‍
വിപണിയില്‍ തരംഗമാകാന്‍ കയറിലെ ത്രിമാന വോള്‍ പാനലുകള്‍
Saturday, February 6, 2016 10:54 PM IST
ആലപ്പുഴ: വീടുകളിലും ഓഫീസുകളിലും തീയറ്ററുകളിലും ഉപയോഗിക്കുന്ന സിന്തറ്റിക് അക്കൌസ്റിക് ഡിസൈന്‍ ഉത്പന്നങ്ങള്‍ക്കു പകരമായി കയറില്‍ തീര്‍ത്ത ജൈവ ബദല്‍ ഉത്പന്നം. ചൂടും ശബ്ദവും വലിച്ചെടുക്കുന്ന ഈ കയര്‍ അധിഷ്ഠിത പാനലിംഗ് സംവിധാനം മേല്‍ത്തരവും ചെലവു കുറഞ്ഞതുമാണ്. കയര്‍ കേരളയില്‍ സ്വകാര്യ എന്‍ജിനിയറിംഗ് ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത ഈ ത്രിമാന കയര്‍ വോള്‍ പാനലുകള്‍.

ചൂടുള്ള കാലാവസ്ഥയായാലും ഈര്‍പ്പമുള്ള കാലാവസ്ഥയായാലും വീടുകളിലും, ശബ്ദമുഖരിതമായ സിനിമാ തീയറ്ററുകളിലും റിക്കാര്‍ഡിംഗ് സ്റുഡിയോകളിലും ഫലപ്രദമായി ഇവ ഉപയോഗപ്പെടുത്താം.

ശബ്ദവും താപവും 50 ശതമാനം വലിച്ചെടുക്കാന്‍ കയറിനു കഴിയുന്നതിനാല്‍ മുറികള്‍ക്കു ശബ്ദത്തില്‍നിന്നും താപത്തില്‍നിന്നും പ്രതിരോധം തീര്‍ക്കാന്‍ ഫലപ്രദമായ മാര്‍ഗമാണിത്. അതിനാല്‍ പ്ളാസ്റിക്കിനും തടിക്കും ടൈല്‍സിനും പകരം വോള്‍ പാനലിംഗിന് ഇതു നന്നായി ഉപകരിക്കും.

കയര്‍ നാരുകള്‍കൊണ്ടുള്ള ഷീറ്റില്‍ ഫിനൊളിക് റെസിന്‍ തളിച്ച് അതിന് അഗ്നിയേയും ജലത്തേയും പ്രതിരോധിക്കാനുള്ള ശേഷി നല്‍കുന്നു. ഈ ഷീറ്റ് ഉണക്കി, 120 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ 100 ടണ്‍ ഹോട്ട്പ്രസില്‍ മര്‍ദം പ്രയോഗിച്ച്, ഉപഭോക്താവിന് ആവശ്യമായ ഏതു വലുപ്പത്തിലും ആകൃതിയിലുമാക്കി രൂപപ്പെടുത്തി നല്‍കാനാകും. ഈ ഉത്പന്നം പൂര്‍ണമായും കയറാണ്. ജൈവ ഉത്പന്നം വേണമെന്നു നിര്‍ബന്ധമുള്ളവര്‍ക്ക് ഇതു മാത്രമേ ലഭ്യമായിട്ടുള്ളൂ. തടി ഇതു പോലെ പാകപ്പെടുത്തി എടുക്കാനാവില്ല. പ്ളാസ്റിക് ആണെങ്കില്‍ പ്രകൃതിയില്‍ അഴുകി ചേരില്ലെന്നും ഇഎംഎസ് സ്റേഡിയത്തിലെ ഇന്റര്‍നാഷണല്‍ പവലിയനില്‍ 2എം എന്‍ജിനീയേഴ്സ് ഗ്രൂപ്പിന്റെ സ്റാളിനു മേല്‍നോട്ടം വഹിച്ച പ്രേം കിരണ്‍ പറഞ്ഞു.


ഒന്നര അടി വീതം നീളവും വീതിയുമുള്ള ആറെണ്ണത്തിനു 300 ഗ്രാം മാത്രമേ ഭാരമുള്ളൂ. ഉപഭോക്താവിന്റെ ആവശ്യപ്രകാരം നിര്‍ദിഷ്ട വലിപ്പത്തില്‍ പ്ളൈവുഡ് പ്രതലത്തില്‍ വോള്‍ പാനല്‍ തറയ്ക്കുക മാത്രം ചെയ്താല്‍ മതി. മുറിയിലെ സാധാരണ ചൂടിലും തണുത്ത കാലാവസ്ഥയിലും മാത്രമല്ല അല്പം വെള്ളമൊഴിച്ചു കഴുകിയാലും അതിന്റെ രൂപഭംഗിയില്‍ മാറ്റമുണ്ടാകില്ല. ഉപഭോക്താവ് നിര്‍ദേശിക്കുന്ന ഏതു ഡിസൈനിലും ഇതു ലഭ്യമാക്കാം. ചിതലിനെയും കീടങ്ങളെയും ചെറുക്കുകയും ചെയ്യും. വാട്ടര്‍പ്രൂഫ് ആയതിനാല്‍ പതിവായി ഇതു ശുചിയാക്കാനുമാകും. ഒരു ചതുരശ്ര അടി വരുന്ന പാനലിന് (നാല് പീസ്) 110 രൂപ മാത്രമാണ് വില.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.