91.65 കോടി രൂപയുടെ കേര പദ്ധതികള്‍ക്ക് അനുമതി
91.65 കോടി രൂപയുടെ കേര പദ്ധതികള്‍ക്ക് അനുമതി
Saturday, February 6, 2016 10:55 PM IST
കൊച്ചി: കേരോത്പന്ന നിര്‍മാണവും സംസ്കരണവും ഗവേഷണവും വിപണനവും പ്രോത്സാഹിപ്പിക്കാന്‍ നാളികേര ടെക്നോളജി മിഷന്‍ പദ്ധതിയുടെ പ്രോജക്ട് അപ്രൂവല്‍ കമ്മിറ്റി 91.65 കോടി രൂപയുടെ 58 പദ്ധതികള്‍ക്ക് അനുമതി നല്‍കി. ഇവയ്ക്കായി 13.09 കോടി രൂപയുടെ സബ്സിഡിയും അനുവദിച്ചു. നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ. ജോസിന്റെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗമാണു തീരുമാനമെടുത്തത്.

കേരളത്തില്‍ പ്രതിദിനം 23,000 ലിറ്റര്‍ നീര ഉത്പാദിപ്പിക്കുന്ന മൂന്ന് നീര പ്രോസസിംഗ് യൂണിറ്റ്, പ്രതിദിനം 40,000 നാളികേരം സംസ്കരിക്കുന്ന രണ്ട് വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ യൂണിറ്റുകള്‍, പ്രതിദിനം 5,000 നാളികേരം സംസ്കരിച്ച് ഫ്ളേവേഡ് കോക്കനട്ട് ജ്യൂസുണ്ടാക്കുന്ന യൂണിറ്റ്, പ്രതിദിനം 5,000 ലിറ്റര്‍ കരിക്കിന്‍ വെള്ളം സംസ്കരിച്ചു പായ്ക്ക് ചെയ്യുന്ന യൂണിറ്റ്, പ്രതിദിനം 10,000 നാളികേരം സംസ്കരിക്കാന്‍ ശേഷിയുള്ള ഡെസിക്കേറ്റഡ് കോക്കനട്ട് യൂണിറ്റ്, പ്രതിദിനം 3,08,000 നാളികേരം സംസ്കരിക്കാന്‍ ശേഷിയുള്ള അഞ്ച് വെളിച്ചെണ്ണ യൂണിറ്റുകള്‍, 2.24 ലക്ഷം നാളികേരം സംസ്കരിക്കാന്‍ ശേഷിയുള്ള 23 കൊപ്ര ഡ്രയര്‍ യൂണിറ്റുകള്‍ക്കുമാണ് അനുമതി ലഭിച്ചത്.

കര്‍ണാടകയില്‍ പ്രതിദിനം 25,000 നാളികേരം സംസ്കരിക്കാന്‍ ശേഷിയുള്ള 10 ഡെസിക്കേറ്റഡ് കോക്കനട്ട് യൂണിറ്റുകളും, 9,000 നാളികേരം സംസ്കരിക്കുന്ന വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ യൂണിറ്റുമാണ് അനുവദിച്ചത്. തമിഴ്നാട്ടില്‍ പ്രതിദിനം 1.20 ലക്ഷം നാളികേരം സംസ്കരിക്കാന്‍ ശേഷിയുള്ള രണ്ട് ഡെസിക്കേറ്റഡ് കോക്കനട്ട് യൂണിറ്റുകള്‍ക്കും, പ്രതിദിനം 49,000 നാളികേരം സംസ്കരിക്കുന്ന രണ്ട് വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ യൂണിറ്റുകള്‍ക്കും പ്രതിദിനം 17 മെട്രിക് ടണ്‍ ആക്ടിവേറ്റഡ് കാര്‍ബണ്‍ ഉത്പാദിപ്പിക്കുന്ന മൂന്നു യൂണിറ്റുകള്‍ക്കുമാണ് അനുമതി നല്‍കിയത്. ആന്ധ്രപ്രദേശില്‍ പ്രതിദിനം 26,000 നാളികേരം സംസ്കരിക്കുന്ന വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ യൂണിറ്റിനും പ്രതിവര്‍ഷം 14 ലക്ഷം നാളികേരം സംസ്കരിക്കാന്‍ ശേഷിയുള്ള രണ്ട് ബോള്‍ കൊപ്ര നിര്‍മാണ യൂണിറ്റുകള്‍ക്കുമാണ് അനുമതി നല്‍കിയത്.


കായംകുളം സിപിസിആര്‍ഐ റീജണല്‍ സ്റേഷന്‍ മേധാവി ഡോ. വി. കൃഷ്ണകുമാര്‍, മൈസൂര്‍ സിഎഫ്ടിആര്‍ഐയിലെ ശാസ്ത്രജ്ഞന്‍ ഡോ.പി. വിജയരാജ്, തിരുവനന്തപുരം നബാര്‍ഡ് റീജണല്‍ ഓഫീസിലെ അസിസ്റന്റ് ജനറല്‍ മാനേജര്‍ ഡോ.കെ. ഉഷ, കൊച്ചി ഡിഎംഐ മാര്‍ക്കറ്റിംഗ് ഓഫീസര്‍ ഡോ. ഭീമാരയ, കൊച്ചി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് റീജണല്‍ ഓഫീസ് എജിഎം വസന്തകുമാര്‍, നാളികേര വികസന ബോര്‍ഡ് ചീഫ് കോക്കനട്ട് ഡവലപ്മെന്റ് ഓഫീസര്‍ രാജീവ് പി. ജോര്‍ജ്, ഡപ്യൂട്ടി ഡയറക്ടര്‍ ആര്‍. ജ്ഞാനദേവന്‍, നാളികേര വികസന ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ.എം. അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ പ്രോജക്ട് അപ്രൂവല്‍ കമ്മിറ്റിയില്‍ വിദഗ്ധ അംഗങ്ങളായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.