ബിടുബി മീറ്റില്‍ വിറകിനു പകരക്കാരനായി ബ്രിക്കറ്റ്
ബിടുബി മീറ്റില്‍ വിറകിനു പകരക്കാരനായി ബ്രിക്കറ്റ്
Sunday, February 7, 2016 12:00 AM IST
കൊച്ചി: ബിസിനസ് ടു ബിസിനസ് മീറ്റില്‍ തടിവ്യവസായങ്ങള്‍ക്കുള്ള പവലിയനിലെ സ്റാളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബ്രിക്കറ്റ് ശ്രദ്ധേയമാകുന്നു. വിറകിനു പകരക്കാരനായാണു ബ്രിക്കറ്റിന്റെ രംഗപ്രവേശം. അറക്കപ്പൊടി ഉണക്കി നിര്‍മിക്കുന്നതാണു ബ്രിക്കറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന പുതുതലമുറ വിറക്. സംസ്ഥാന വ്യവസായവാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന കേരള ബി ടു ബി മീറ്റില്‍ ഏറ്റവുമധികം അന്വേഷണങ്ങള്‍ വന്ന സ്റാളുകളിലൊന്നാണു കാസര്‍ഗോഡുകാരന്‍ സാലിഹിന്റേത്.

ബ്രിക്കറ്റ് കത്തുമ്പോള്‍ ലഭിക്കുന്ന ചൂട് വിറകിന്റെ ഇരട്ടിയാണ്. അറക്കപ്പൊടി ഉണക്കി, അതിമര്‍ദമുള്ള യന്ത്രത്തിലൂടെ കയറ്റി സിലിണ്ടര്‍ രൂപത്തിലാക്കുന്നതാണു ബ്രിക്കറ്റ്. പുക ഒട്ടുമുണ്ടാകില്ല, ചൂട് ഇരട്ടി ലഭിക്കും എന്നതാണു വ്യവസായ ലോകത്തിനു ബ്രിക്കറ്റിനെ പ്രിയപ്പെട്ടതാക്കുന്നത്.

അതീവ താപനില ആവശ്യമുളള ഫര്‍ണസുകള്‍ പ്രവര്‍ത്തിപ്പിക്കാനാണു ബ്രിക്കറ്റ് വാങ്ങുന്നതെന്ന സാലിഹ് പറഞ്ഞു. ദിവസം 60 ടണ്‍ വരെ അറക്കപ്പൊടി വിറക് ഉത്പാദിപ്പിക്കാനാകും. ശരാശരി 40 ടണ്‍ എല്ലാ ദിവസവും വിറ്റു പോകുന്നുണ്െടന്നും അദ്ദേഹം പറഞ്ഞു. കിലോഗ്രാമിന് ആറു രൂപയാണു വില. കേരളത്തില്‍ മില്‍മയാണ് ഈ ന്യൂജെന്‍ വിറകിന്റെ പ്രധാന ഉപഭോക്താക്കള്‍.

ബെല്‍ജിയം, അമേരിക്ക, ഓസ്ട്രേലിയ, ശ്രീലങ്ക എന്നിവിടങ്ങളില്‍നിന്നാണ് സാലിഹിന് ഏറ്റവുമധികം അന്വേഷണങ്ങള്‍ ലഭിച്ചത്. ബെല്‍ജിയം, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍നിന്നുളള ബയേഴ്സുമായി വാണിജ്യകരാര്‍ യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയും ഇദ്ദേഹത്തിനുണ്ട്. അതേസമയം, കമ്പനിയുടെ യൂണിറ്റ് ശ്രീലങ്കയില്‍ തുടങ്ങാനുള്ള ക്ഷണവും സാലിഹിനു ലഭിച്ചു കഴിഞ്ഞു. രണ്ടു മാസത്തിനുളളില്‍ ശ്രീലങ്കയില്‍ പോകാന്‍ തയാറെടുക്കുകയാണ് ഈ യുവ വ്യവസായി.


തടി അധിഷ്ഠിത വ്യവസായത്തില്‍ ഫര്‍ണിച്ചറുകളാണു ബിടുബി മീറ്റിലെ മറ്റൊരു ആകര്‍ഷണം. പരമ്പരാഗത ശൈലിയിലുളള തടി ഉപകരണങ്ങള്‍ക്ക് ആവശ്യക്കാരേറെയായിരുന്നുവെന്നു പ്രൈം ഡെക്കറിന്റെ മാനേജര്‍ പ്രേം സാഗര്‍ പറഞ്ഞു. പരമ്പരാഗതമായ ഡിസൈനിലുള്ളവ ഓര്‍ഡര്‍ അനുസരിച്ച് ആവശ്യക്കാര്‍ക്കു നിര്‍മിച്ചു നല്‍കുകയാണു പതിവെന്നും അദ്ദേഹം പറഞ്ഞു.

ഫര്‍ണിച്ചര്‍ രംഗത്തെ ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ കാലത്തും തടി അധിഷ്ഠിത വ്യവസായങ്ങള്‍ കേരളത്തില്‍ നൂതന രീതി പരീക്ഷിക്കുന്നതു പ്രശംസനീയമാണെന്നു വ്യവസായവാണിജ്യ വകുപ്പ് ഡയറക്ടര്‍ പി.എം. ഫ്രാന്‍സിസ് ചൂണ്ടിക്കാട്ടി. തികച്ചും പരമ്പരാഗതമായ വ്യവസായത്തെ രാജ്യാന്തരതലത്തില്‍ എത്തിക്കാന്‍ സംരംഭകര്‍ കാണിക്കുന്ന താത്പര്യം പ്രതീക്ഷ നല്‍കുന്നുണ്െടന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.