01-01-2016 മുതല്‍ പാന്‍ നിര്‍ബന്ധമാക്കിയിട്ടുള്ള ഇടപാടുകള്‍
01-01-2016 മുതല്‍ പാന്‍ നിര്‍ബന്ധമാക്കിയിട്ടുള്ള ഇടപാടുകള്‍
Monday, February 8, 2016 10:44 PM IST
നികുതിലോകം/ ബേബി ജോസഫ് (ചാര്‍ട്ടേഡ് അക്കൌണ്ടന്റ്)

30-12-2015ല്‍ ആദായനികുതി വകുപ്പ് ഇറക്കിയ വിജ്ഞാപനം 95/2015 പ്രകാരം പല ഇടപാടുകള്‍ക്കും പാന്‍ (പെര്‍മനന്റ് അക്കൌണ്ട് നമ്പര്‍) നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത് 01-01-2016 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇടപാടുകള്‍ നടത്തുന്നത് മൈനര്‍ ആവുകയും മൈനറിന് നികുതി വിധേയമായ വരുമാനം ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസരങ്ങളില്‍ മാതാപിതാക്കളില്‍ ആരുടെയെങ്കിലും പാന്‍ നല്കിയാല്‍ മതി.

പാന്‍ ഇല്ലാതിരിക്കുകയും പ്രസ്തുത ഇടപാടുകളില്‍ ഏര്‍പ്പെടുകയും ചെയ്താല്‍ ഫോം നമ്പര്‍ 60 പൂരിപ്പിച്ച് ഒപ്പിട്ട് നല്കിയാല്‍ മതി. ഈ ഫോം, 01-01-2016 മുതല്‍ പരിഷ്ക്കരിച്ചിട്ടുണ്ട്. പുതിയ ഫോമില്‍ ജനനതീയതി, പിതാവിന്റെ പേര്, ഇടപാടുകളുടെ വിവരം, ഇടപാടുകളുടെ രീതി, ആധാര്‍ നമ്പര്‍ എന്നിവ ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടാതെ കൃഷിയില്‍നിന്നു വരുമാനം ഉണ്െടങ്കില്‍ അതും അല്ലാത്ത വരുമാനവും പ്രസ്തുത ഫോമില്‍ സൂചിപ്പിക്കണം. പ്രസ്തുത ഫോം നമ്പര്‍ - 60 വാങ്ങുന്ന ആള്‍ ഇത് ആറു വര്‍ഷത്തേക്ക് സൂക്ഷിച്ചു വയ്ക്കണം. മേല്‍ വിവരങ്ങള്‍ ഫോം നമ്പര്‍ 61ല്‍, ഇലക്ട്രോണിക് ആയി ഏപ്രില്‍ 30നു മുമ്പും (ഒക്ടോബര്‍ 1 മുതല്‍ 31 മാര്‍ച്ച് വരെയുള്ള വിവരങ്ങള്‍) ഒക്ടോബര്‍ 31നു മുമ്പായും (ഏപ്രില്‍ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള വിവരങ്ങള്‍) ആദായനികുതി വകുപ്പ് മുമ്പാകെ സമര്‍പ്പിക്കണം.

പാന്‍ നിര്‍ബന്ധമാക്കിയുള്ള ഇടപാടുകള്‍ താഴെ പറയുന്നു.

1) മോട്ടോര്‍ വാഹനങ്ങളുടെ ഇടപാടുകള്‍

മോട്ടോര്‍ വെഹിക്കിള്‍ ആക്ടില്‍ വകുപ്പ് 2(28)ല്‍ സൂചിപ്പിച്ചിരിക്കുന്ന തരം വാഹനങ്ങള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുമ്പോള്‍ പാന്‍ നിര്‍ബന്ധമായും സൂചിപ്പിക്കണം. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് അനുസരിച്ച് മേല്‍ വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍, എന്‍ജിന്‍ കപ്പാസിറ്റി 250 സിസിയില്‍ കുറഞ്ഞതും നാലു ചക്രങ്ങളില്‍ കുറഞ്ഞതുമായ വാഹനങ്ങള്‍ക്ക് ഇത് ആവശ്യമില്ല.

2) ബാങ്കില്‍ അക്കൌണ്ട് തുടങ്ങുന്നതിന്

ബേസിക് സേവിംഗ്സ് അക്കൌണ്ടും, ടൈം ഡെപ്പോസിറ്റും ഒഴികെയുള്ള എല്ലാ അക്കൌണ്ടുകളും തുടങ്ങുന്നതിന് പാന്‍ നിര്‍ബന്ധമാണ്.

3) ഒരു ദിവസം 50,000 രൂപയില്‍ കൂടുതല്‍ ബാങ്കില്‍ ക്യാഷ് ആയി ഡെപ്പോസിറ്റ് ചെയ്യുന്നതിന് പാന്‍ ആവശ്യമാണ്.

50,000 രൂപയില്‍ താഴെ ഒരേ ദിവസം തന്നെ പല പ്രാവശ്യം ഡെപ്പോസിറ്റ് ചെയ്യുകയാണെങ്കിലും മൊത്തം തുക 50,000 രൂപയില്‍ കൂടുതല്‍ വന്നാല്‍ പാന്‍ നിര്‍ബന്ധമാണ്.

4) സെബി നിയമപ്രകാരമുള്ള ഓഹരി ഇടപാടുകള്‍ക്കായി ഡീമാറ്റ് അക്കൌണ്ട് തുടങ്ങുന്നതിന് പാന്‍ ആവശ്യമാണ്.

5) 50,000 രൂപയ്ക്കു മുകളിലുള്ള ഹോട്ടല്‍ ബില്ലുകള്‍ കാഷ് ആയി നല്കുകയാണെങ്കില്‍ പാന്‍ ആവശ്യമാണ്.

എന്നാല്‍, ഒരേ ദിവസം തന്നെ 50,000 രൂപയില്‍ താഴെയുള്ള ബില്ലുകള്‍ പല തവണ അടക്കുകയാണെങ്കില്‍ മൊത്തം തുക 50,000 രൂപയില്‍ കൂടിയാലും പാന്‍ നിര്‍ബന്ധമില്ല. അതുപോലെ പല ബില്ലുകള്‍ ഒരുമിച്ച് അടയ്ക്കുമ്പോള്‍ 50,000 രൂപയില്‍ കൂടുതല്‍ വരികയാണെങ്കില്‍ അത് പണം ആയിട്ടാണ് നല്കുന്നതെങ്കിലും, പാന്‍ നിര്‍ബന്ധമാണ്.


6) വിദേശ യാത്ര നടത്തുമ്പോള്‍ 50,000 രൂപയ്ക്കു മുകളില്‍ പണം കാഷ് ആയി നല്കി ഫോറിന്‍ കറന്‍സി വാങ്ങുകയാണെങ്കില്‍ പാന്‍ ആവശ്യമാണ്.

7) 50,000 രൂപയ്ക്ക് മുകളില്‍ മ്യൂച്വല്‍ ഫണ്ടില്‍നിന്നു യൂണിറ്റുകള്‍ വാങ്ങുകയാണെങ്കില്‍ പാന്‍ സമര്‍പ്പിക്കണം.



8) കമ്പനികള്‍ പുറപ്പെടുവിക്കുന്ന കടപ്പത്രങ്ങളും ബോണ്ടുകളും 50,000 രൂപയ്ക്കു മുകളില്‍ വാങ്ങുകയാണെങ്കില്‍ പാന്‍ നിര്‍ബന്ധമാണ്.

9) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച ബോണ്ടുകള്‍ 50,000 രൂപയ്ക്കു മുകളില്‍ വാങ്ങുന്നതിന് പാന്‍ സമര്‍പ്പിക്കണം.

10) ബാങ്കുകളില്‍ നിന്നും 50,000 രൂപയ്ക്ക് മുകളില്‍ ഡ്രാഫ്റ്റുകള്‍/പേ ഓര്‍ഡറുകള്‍/ബാങ്കേഴ്സ് ചെക്ക് എന്നിവ വാങ്ങുന്നതിന് പണം ക്യാഷ് ആയി നല്കുകയാണെങ്കില്‍ പാന്‍ ആവശ്യമാണ്.

11) ബാങ്കില്‍ 50,000 രൂപയ്ക്ക് മുകളില്‍ സ്ഥിരനിക്ഷേപം നടത്തുമ്പോഴും അല്ലെങ്കില്‍ ഒരു വര്‍ഷത്തില്‍ പല അവസരങ്ങളിലായി ഒരേ വ്യക്തി 500,000 രൂപയില്‍ കൂടുതല്‍ സ്ഥിര നിക്ഷേപം നടത്തുന്നതിനും പാന്‍ ആവശ്യമാണ്.

12) റിസര്‍വ് ബാങ്ക് നിയമം അനുസരിച്ച് ബാങ്കുകള്‍ ഇറക്കിയിട്ടുള്ള പ്രീ പെയ്ഡ് ഇന്‍സ്ട്രുമെന്റ്സ് 50,000 രൂപയ്ക്ക് മുകളില്‍ ആണ് വാങ്ങുന്നതെങ്കില്‍ പാന്‍ നല്കിയിരിക്കണം. ഇതിന് കാഷ് എന്നോ, ചെക്ക് എന്നോ, ഡ്രാഫ്റ്റ് എന്നോ ഉള്ള വ്യത്യാസങ്ങളില്ല.

13) ഒരു വര്‍ഷത്തെ ഇന്‍ഷുറന്‍സ് പ്രീമിയം 50,000 രൂപയ്ക്ക് മുകളില്‍ വരികയാണെങ്കില്‍ പാന്‍ ആവശ്യമാണ്.

14) സെക്യൂരിറ്റീസ് കോണ്‍ട്രാക്ട് ആക്ടില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സെക്യുരിറ്റീസിന്റെ ഇടപാടുകള്‍ 1,00,000 രൂപയ്ക്ക് മുകളില്‍ ഉള്ളവയാണെങ്കില്‍ പാന്‍ ആവശ്യമാണ്.

15) സ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ് ചെയ്യപ്പെടാത്ത കമ്പനികളിലെ ഓഹരികള്‍ 1,00,000 രൂപയ്ക്ക് മുകളില്‍ വാങ്ങുകയാണെങ്കില്‍ പാന്‍ നല്കിയിരിക്കണം.

16) 10,00,000 രൂപയ്ക്ക് മുകളില്‍ സ്ഥാവര വസ്തുക്കള്‍ വാങ്ങുകയാണെങ്കില്‍ പാന്‍ സമര്‍പ്പിച്ചിരിക്കണം. വാങ്ങുന്നത് കൃഷി ഭൂമി ആണെങ്കിലും ഒഴിവുകള്‍ നല്കിയിട്ടില്ല.

17) 2,00,000 രൂപയ്ക്ക് മുകളില്‍ നടത്തുന്ന എല്ലാ ഇടപാടുകള്‍ക്കും (കാഷ് എന്നോ ചെക്ക് എന്നോ വേര്‍തിരിവില്ലാതെ) പാന്‍ ആവശ്യമാണ്. മുന്‍കാലങ്ങളില്‍ 5,00,000 രൂപയ്ക്ക് മുകളില്‍ സ്വര്‍ണ്ണാഭരണങ്ങളോ 2,00,000 രൂപയ്ക്ക് മുകളില്‍ ബുള്ള്യണോ വാങ്ങുന്നതിന് മാത്രമായിരുന്നു ഈ നിബന്ധന ഉണ്ടായിരുന്നത്.

പാന്‍ ഇല്ലാത്ത സാഹചര്യങ്ങളില്‍ ഫോം നമ്പര്‍ 60 വാങ്ങുമ്പോള്‍ വ്യക്തികളുടെ തിരിച്ചറിയല്‍ രേഖകളും അഡ്രസ്സിനുള്ള തെളിവുകളും ആവശ്യമാണ്. എന്നാല്‍, പാന്‍ കാര്‍ഡിന് അപേക്ഷ നല്കിയിട്ടുള്ളവര്‍ക്ക് അക്നോളഡജ് മെന്റ് നമ്പറും, ആധാര്‍ നമ്പറും നല്കിയാല്‍ മതി.

ഒന്നില്‍ കൂടുതല്‍ വ്യക്തികള്‍ കൂട്ടായി ഇടപാടുകള്‍ നടത്തുകയാണെങ്കില്‍ എല്ലാ വ്യക്തികളുടെയും വിവരങ്ങളും ആകെയുള്ള തുകയും ഈ ഫോമില്‍ നല്കേണ്ടതാണ്.

നികുതി സംബന്ധമായ സംശയനിവാരണത്തിനു ബന്ധപ്പെടുക: മേഃ@റലലുശസമ.രീാ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.