ക്ഷീരമേഖലയില്‍ ശ്രദ്ധേയ മാറ്റങ്ങളുണ്ടായി: മന്ത്രി കെ.സി. ജോസഫ്
ക്ഷീരമേഖലയില്‍ ശ്രദ്ധേയ മാറ്റങ്ങളുണ്ടായി: മന്ത്രി കെ.സി. ജോസഫ്
Monday, February 8, 2016 10:44 PM IST
കൊച്ചി: രാജ്യത്ത് കാര്‍ഷിക രംഗത്തുള്‍പ്പടെ ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടായപ്പോഴും കേരളത്തിലെ ക്ഷീരമേഖലയില്‍ ശ്രദ്ധേയ മാറ്റങ്ങളാണ് സംഭവിച്ചതെന്ന് മന്ത്രി കെ.സി. ജോസഫ്. കഴിഞ്ഞ നാലരവര്‍ഷവും നിശ്ചിത വില ലഭിച്ചതും ക്ഷീരമേഖലയ്ക്കായിരുന്നു. സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ഏഴരലക്ഷം ലിറ്റര്‍ പാല്‍ അന്യസംസ്ഥാനനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്നെങ്കില്‍ ഇന്നത് ഒന്നരലക്ഷം ലിറ്ററായി ചുരുങ്ങി. രാജ്യത്ത് തന്നെ ഏറ്റവും വളര്‍ച്ച രേഖപ്പെടുത്തിയ ക്ഷീരവ്യവസായ മേഖല കേരളത്തിലേതാണെന്നും അദ്ദേഹം പറഞ്ഞു. മില്‍മയുടെ ഇടപ്പള്ളിയിലെ വിപുലീകരിച്ച ഡയറി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഈ സര്‍ക്കാര്‍ വന്നശേഷം നടപ്പാക്കിയ മൂന്നു വിലവര്‍ധനയുടെ ഗുണഫലം ലഭിച്ചത് ക്ഷീരമേഖലയിലെ സംരംഭകനാണ്. 13 രൂപയാണ് മൂന്നുഘട്ടത്തിലായി വര്‍ധിപ്പിച്ചത്. ഇതുള്‍പ്പടെയുള്ള ഗുണപരമായ മാറ്റങ്ങളാണ് കേരള ക്ഷീരമേഖലയെ 34 ശതമാനം വളര്‍ച്ചയിലേക്കെത്തിച്ചത്. ഈവര്‍ഷം അവസാനത്തോടെ പുറത്തു നിന്ന് പാല്‍ കൊണ്ടുവരുന്നത് ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.


ക്ഷീരവ്യവസായം അഭിവൃദ്ധിപ്പെടണമെങ്കില്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ദേശീയ ഡയറി വികസന ബോര്‍ഡ് ചെയര്‍മാന്‍ ടി. നന്ദകുമാര്‍ ആമുഖപ്രഭാഷണത്തില്‍ പറഞ്ഞു.

ക്ഷീരവികസന ഡയറക്ടര്‍ കെ.ടി. സരോജിനി, തിരുവനന്തപുരം മില്‍മ ചെയര്‍മാന്‍ കല്ലട രമേശ്, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ ജേക്കബ് വള്ളക്കാലില്‍, മില്‍മ ഡയറക്ടര്‍മാരായ ടി.പി. മാര്‍ക്കോസ്, പി.എസ്. സെബാസ്റ്യന്‍, എം.ടി. ജയന്‍, ജോണ്‍ തെരുവത്ത്, മില്‍മ ഫെഡറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ സ്വാഗത് ഭണ്ഡാരി രണ്‍വീര്‍ചന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.