കയറ്റുമതി പ്രതീക്ഷയില്‍ കുരുമുളക്; സ്വര്‍ണ വിപണി ബുള്ളിഷ്
Monday, February 8, 2016 10:45 PM IST
വിപണി വിശേഷം /കെ.ബി. ഉദയഭാനു

കൊച്ചി: റബര്‍ കയറ്റുമതി നിയന്ത്രിക്കാന്‍ മുഖ്യഉത്പാദക രാജ്യങ്ങള്‍ തീരുമാനിച്ചത് വരും മാസങ്ങളില്‍ വില തകര്‍ച്ചയെ തടയും. കൊപ്രയുടെ താങ്ങ് വില വര്‍ധന സീസണിലെ വില ഇടിവിനെ പിടിച്ചുനിര്‍ത്തും. ലൂണാര്‍ ന്യൂ ഇയര്‍ ആഘോഷങ്ങളിലേക്ക് വിയറ്റ്നാം തിരിഞ്ഞത് അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന വിപണിയില്‍ ഇന്ത്യയ്ക്ക് അവസരം ഒരുക്കുമോ? കയറ്റുമതി സമൂഹം കുരുമുളകിന് പുതിയ ഓര്‍ഡറുകള്‍ ഉറപ്പിക്കാനാവുമെന്ന പ്രതീക്ഷയില്‍. സ്വര്‍ണ വിപണി ബുള്ളിഷ്, ഇനി കാത്തിരുന്നാല്‍ പവന്‍ കത്തിക്കയറാം.

കുരുമുളക്

വിയറ്റ്നാം രാജ്യാന്തര കുരുമുളക് വിപണിയില്‍ നിന്ന് താത്ക്കാലികമായി അകന്നു. ചൈനീസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായാണ് വിയറ്റ്നാമിലെ ചൈനീസ് വംശജരായ സുഗന്ധവ്യഞ്ജന കയറ്റുമതിക്കാര്‍ രംഗം വിട്ടത്. വിയറ്റ്നാമിന്റെ പിന്മാറ്റം യൂറോപ്യന്‍ രാജ്യങ്ങളെ ഇന്ത്യയിലേക്ക് തിരിക്കാം. ഇന്ത്യന്‍ കുരുമുളക് വില ടണ്ണിന് 9,300 ഡോളറാണ്. രുപയുടെ വിനിമയമൂല്യം മെച്ചപ്പെട്ടാല്‍ ആകര്‍ഷകമായ ഓഫറുമായി ഇറക്കാനാവുമെന്നാണ് ഒരു വിഭാഗം കയറ്റുമതിക്കാരുടെ കണക്കുകൂട്ടല്‍.

ഇടുക്കി, വയനാട്, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള പുതിയ കുരുമുളകിന്റെ വരവ് തുടരുന്നു. ഒട്ടുമിക്ക ഭാഗങ്ങളിലും വിളവെടുപ്പ് സജീവമാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഉത്പാദനം കുറഞ്ഞതിനാല്‍ നിരക്ക് ഉയരുമെന്നാണ് കര്‍ഷകരുടെ പക്ഷം. കര്‍ണാടകത്തില്‍ നിന്നുള്ള ചരക്ക് വില്പനയ്ക്ക് ഇറങ്ങി. കേരളത്തിലെ നിരക്കിനെക്കാള്‍ താഴ്ത്തിയാണ് അവര്‍ മുളക് വില്പന നടത്തുന്നത്. കൊച്ചിയില്‍ കുരുമുളകിന് പോയവാരം 800 രൂപ കുറഞ്ഞ് 63,400 രൂപയായി.

റബര്‍

ആഗോള റബര്‍ കര്‍ഷകരെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാന്‍ മുഖ്യഉത്പാദക രാജ്യങ്ങള്‍ കൈകോര്‍ക്കുന്നു. മാര്‍ച്ച് മുതല്‍ ആറുമാസ കാലയളവില്‍ റബര്‍ കയറ്റുമതിയില്‍ 6.15 ലക്ഷം ടണ്‍ റബറിന്റെ കയറ്റുമതി നിയന്ത്രിക്കാനാണ് തായ്ലന്‍ഡ്, ഇന്തോനേഷ്യ, മലേഷ്യ സഖ്യം തീരുമാനിച്ചത്. ലോകവിപണിയില്‍ ലഭ്യത കുറയുന്നത് വിപണിയുടെ തിരിച്ചുവരവിന് സാഹചര്യം ഒരുക്കുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. ഇതിന് പുറമേ ഒരു ലക്ഷം ടണ്‍ റബര്‍ കര്‍ഷകരില്‍ നിന്ന് സംഭരിക്കാനുള്ള പദ്ധതിയും നേരത്തെ തായ്ലന്‍ഡ് ആവിഷ്കരിച്ചു.


ഏറ്റവും കൂടുതല്‍ റബര്‍ ഇറക്കുമതി നടത്തുന്ന ചൈന ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി ഹോളിഡേ മൂഡിലാണ്. ചൈനീസ് വ്യവസായികള്‍ രംഗത്ത് തിരിച്ചെത്തിയാല്‍ ഷീറ്റുവിലയില്‍ അനക്കം കണ്ടുതുടങ്ങാം. മുഖ്യഉത്പാദക രാജ്യങ്ങളില്‍ ടാപ്പിംഗ് സീസണ്‍ അവസാനഘട്ടത്തിലാണ്.

കേരളത്തിലും ടാപ്പിംഗ് നിലച്ച അവസ്ഥയിലാണ്. രൂക്ഷമായ വിലത്തകര്‍ച്ച മൂലം നടപ്പുവര്‍ഷം ഒട്ടുമിക്ക തോട്ടങ്ങളിലും ടാപ്പിംഗ് കാര്യമായി നടന്നില്ല. ആര്‍എസ്എസ് നാലാം ഗ്രേഡ് വാരാന്ത്യം ക്വിന്റലിന് 9,100 രൂപയിലാണ്. ലാറ്റക്സ് കിലോ 75 രൂപയില്‍ തുടരുന്നു.

വെളിച്ചെണ്ണ

ദക്ഷിണേന്ത്യയില്‍ നാളികേര വിളവെടുപ്പ് ഊര്‍ജിതം. പുതിയ ചരക്കുവരവ് വില ഇടിവിന് കാണമായി. അതേ സമയം കര്‍ഷകരുടെ പ്രതിസന്ധിക്ക് പരിഹാരം കണ്െടത്താന്‍ കേന്ദ്രം കൊപ്രയുടെ താങ്ങ് ക്വിന്റലിന് 400 രൂപ ഉയര്‍ത്തി. മില്ലിംഗ് കൊപ്രയ്ക്ക് 5,950 രൂപയും ഉണ്ട കൊപ്രയ്ക്ക് 6,240 രൂപയുമാണ്.

കൊച്ചിയില്‍ കൊപ്ര 5,725 രൂപയിലാണ്. വിപണി വില താങ്ങ് വിലയെക്കാള്‍ താഴ്ന്ന സാഹചര്യത്തില്‍ നാഫെഡ് കൊപ്ര സംഭരണത്തിന് നീക്കം തുടങ്ങാം. മാസാരംഭമെങ്കിലും പ്രദേശിക വിപണികളില്‍ വെളിച്ചെണ്ണയ്ക്ക് അന്വേഷണങ്ങള്‍ ചുരുങ്ങി. കൊപ്രയുടെ താങ്ങ് വില പുതുക്കിയ സാഹചര്യത്തില്‍ താഴ്ന്ന വിലയ്ക്ക് വെളിച്ചെണ്ണ കൈമാറാന്‍ മില്ലുകാര്‍ തയാറാവില്ല. വാരാന്ത്യം എണ്ണ 8,350 രൂപയിലാണ്.

സ്വര്‍ണം

ആഭരണ വിപണികളില്‍ പവന്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്നറേഞ്ചില്‍. 20,160 രൂപയില്‍ വില്പന ആരംഭിച്ച പവന് മൊത്തം 520 രൂപ ഉയര്‍ന്ന് ശനിയാഴ്ച്ച 20,680 ലേക്ക് കയറി.

ഒരു ഗ്രാമിന്റെ വില 2,585 രൂപ. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം 200 ദിവസത്തെ ശരാശരി വിലയ്ക്ക് മുകളിലാണ്. ന്യൂയോര്‍ക്കില്‍ ട്രോയ് ഔണ്‍സിന് 1,175 ഡോളറില്‍.

ഏലക്കാ

കയറ്റുമതിക്ക് അനുയോജ്യമായ വലിപ്പം കൂടിയ ഇനം ഏലക്കായുടെ ലഭ്യത ചുരുങ്ങിയെന്ന് കയറ്റുമതി സമൂഹം. ഉത്പാദന മേഖലകളിലെ വരണ്ട കാലാവസ്ഥ വിളവിനെ ബാധിച്ചു.

വിദേശ വ്യാപാരങ്ങള്‍ ഉറപ്പിച്ചവര്‍ വലിപ്പം കൂടിയ ഇനങ്ങള്‍ക്കായി ലേല കേന്ദ്രങ്ങളില്‍ തമ്പടിച്ചിട്ടുണ്ട്. പിന്നിട്ടവാരം വിവിധ ലേലങ്ങളില്‍ മികച്ചയിനങ്ങള്‍ക്ക് കിലോ 798 രൂപ മുതല്‍ 948 രൂപ വരെ ലഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.