ആറു കേരോത്പാദക കമ്പനികള്‍ക്ക് മൂന്നു കോടിയുടെ മൂലധനസഹായം
Tuesday, February 9, 2016 11:40 PM IST
കൊച്ചി: നീര കര്‍ഷകര്‍ക്കു കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ വഴി മൂന്നു കോടി രൂപ മൂലധനസഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.

നാളികേര വികസന ബോര്‍ഡ് ശിപാര്‍ശ ചെയ്ത ആറു കമ്പനികള്‍ക്കാണു 50 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുള്ളത്. നീര കര്‍ഷകര്‍ക്കായി 32 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ വകയിരുത്തിയിരുന്നത്. ഇതില്‍ ഓഹരി മൂലധനത്തിനു നല്‍കാന്‍ ബജറ്റില്‍ വകയിരുത്തിയിരുന്ന 10 കോടി രൂപയില്‍ നിന്നാണ് കര്‍ഷകര്‍ സ്വയം കണ്െടത്തുന്ന തുകയുടെ 25 ശതമാനം മൂലധനസഹായമായി അനുവദിച്ചിട്ടുള്ളത്. നീര ഉത്പാദക കമ്പനികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷയും ആശ്വാസവും നല്‍കുന്നതാണ് ഈ പദ്ധതിയെന്ന് കൈപ്പുഴ നാളികേര ഉത്പാദക കമ്പനിക്ക് അനുവദിച്ച 50 ലക്ഷം രൂപയുടെ ചെക്ക് കൈപ്പറ്റിക്കൊണ്ട് നാളികേര ഉത്പാദക കമ്പനികളുടെ കണ്‍സോര്‍ഷ്യം ചെയര്‍മാന്‍ ഷാജഹാന്‍ കാഞ്ഞിരവിളയില്‍ പറഞ്ഞു. നാളികേര കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കിയതില്‍ കേരളത്തിലെ നാളികേര ഉത്പാദക കമ്പനികളെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്‍സോര്‍ഷ്യം ചെയര്‍മാന്‍ അഭിനന്ദനം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.