സാമ്പത്തിക മാന്ദ്യഭീതിയില്‍ കമ്പോളങ്ങള്‍ ഇടിഞ്ഞു
സാമ്പത്തിക മാന്ദ്യഭീതിയില്‍ കമ്പോളങ്ങള്‍ ഇടിഞ്ഞു
Wednesday, February 10, 2016 11:45 PM IST
ലണ്ടന്‍/മുംബൈ: ഒരു സാമ്പത്തികമാന്ദ്യം ആസന്നമാണെന്ന ആശങ്കയില്‍ ആഗോള കമ്പോളങ്ങള്‍ തകര്‍ന്നടിഞ്ഞു. ജപ്പാനിലെടോക്കിയോ ഓഹരിവിപണിയുടെ നിക്കൈ സൂചിക 5.4 ശതമാനം ഇടിഞ്ഞു. മറ്റ് ഏഷ്യന്‍ വിപണികള്‍ക്കൊപ്പം ഇന്ത്യന്‍ വിപണിയും ഇടിഞ്ഞു.

മുംബൈ ഓഹരിവിപണിയുടെ സെന്‍സെക്സ് ഒരവസരത്തില്‍ 23919.47 വരെ താണിട്ട് 24020.98ല്‍ ക്ളോസ് ചെയ്തു. 266.44 പോയിന്റ് നഷ്ടം. ഈ താഴ്ചയോടെ സെന്‍സെക്സിന്റെ ഏറ്റവും ഉയര്‍ന്ന നില യായ 30,025-ല്‍ നിന്ന് 20 ശതമാനം താഴെയാണ് ഇപ്പോള്‍. 20 ശതമാനം താഴ്ച കരടിവിപണിയെ കുറിക്കു ന്നെന്നാണ് നിരീക്ഷകര്‍ പറയുന്ന ത്.നിഫ്റ്റി 7300 പോയിന്റിന്റെ താങ്ങും തകര്‍ത്ത് 7298.2 ല്‍ ക്ളോസ് ചെയ്തു. നരേന്ദ്രമോദി അധികാരത്തില്‍ കയറിയതിനു ശേഷമുള്ള ഉയര്‍ച്ചയെല്ലാം സൂചികകള്‍ക്കു നഷ്ടമായി.

ചൈനീസ് സമ്പദ്ഘടനയിലെ മാന്ദ്യമടക്കമുള്ള വിഷയങ്ങള്‍ യൂറോപ്പിലെ ഓഹരികളും ഗണ്യമായി ഇടിയാന്‍ കാരണമായി. മിക്ക സൂചികകളും രണ്ടരശതമാനം താണു. ഇതോടെ ഫിനാന്‍ഷ്യല്‍ ടൈംസ് സൂചിക അടക്കം പ്രധാന സൂചികകള്‍ മൂന്നുവര്‍ഷം മുന്‍പത്തെ നിലയിലായി. അമേരിക്കന്‍ ഓഹരികളും താഴെപ്പോയി.

ഇതിനിടെ ജര്‍മനിയിലെ ഏറ്റവും വലിയ ബാങ്കായ ഡോയിച്ച് ബാങ്കിനെപ്പറ്റി വിപണിയില്‍ അപവാദങ്ങള്‍ പരന്നു. തിങ്കളാഴ്ച ബാങ്കിന്റെ ഓഹരിവില ഒന്‍പതുശതമാനം ഇടിഞ്ഞു. ഇന്നലെ വ്യാപാരം തുടങ്ങി രണ്ടുമണിക്കൂറിനകം മൂന്നരശതമാനംകൂടി താഴോട്ടുപോയി. ലീമാന്‍ ബ്രദേഴ്സ് തകര്‍ന്ന ശേഷമുള്ള ആഴ്ചകളിലെ നിലയിലായി ഡോയിച്ച് ഓഹരി. ബാങ്കിന്റെ ഓഹരികള്‍ പുസ്തകമൂല്യത്തിലും കുറഞ്ഞ വിലയിലാണിപ്പോള്‍. ബാങ്കിനെപ്പറ്റി ആശങ്കയ്ക്കു കാര്യമില്ലെന്നു ജര്‍മന്‍ ധനമന്ത്രി ഷയൂബിള്‍ ഇന്നലെ പറഞ്ഞു. എല്ലാം ഭദ്രമാണെന്നു ബാങ്ക് മേധാവികളും പറഞ്ഞു.


ഇതിനിടെ പലിശനിരക്ക് പൂജ്യത്തിനു താഴെയായിട്ടും ജപ്പാന്റെ കറന്‍സി യെന്നിനു വില കൂടി. പലിശ താഴ്ത്തും മുന്‍പ് ഡോളറിന് 120 യെന്‍ വേണ്ടിയിരുന്നത് ഇന്നലെ 114 ആയി. ഇങ്ങനെ മൂല്യം കയറുന്നതു ജപ്പാന്റെ പണനയ നീക്കങ്ങള്‍ക്കു തിരിച്ചടിയാണ്. നാണയം വില കുറച്ചുനിര്‍ത്തി കയറ്റുമതി കൂട്ടാനാണ് ജപ്പാന്‍ ശ്രമിച്ചത്.

സ്വര്‍ണവില ഔണ്‍സിന് (31.1 ഗ്രാം) 1200 ഡോളറിലേക്കു നീങ്ങുകയാണ്. കഴിഞ്ഞദിവസം 1200-ല്‍ എത്തിയിട്ട് 1186 -ലേക്കു തിരിച്ചുപോയിരുന്നു.

ക്രൂഡ്ഓയില്‍ വില ചാഞ്ചാട്ടം തുടര്‍ന്നു. ബ്രെന്റ് ഇനം 32.54 ഡോളറായപ്പോള്‍ ഡബ്ള്യുടിഐ 29.44-ലേക്കു താണു.

രൂപയും ഇന്നലെ ചാഞ്ചാടി. ഡോളര്‍ 68.22 രൂപവരെ കയറിയിട്ട് നാലു പൈസ നഷ്ടത്തില്‍ 67.90-ല്‍ അവസാനിച്ചു. കേരളത്തില്‍ ഇന്നലെ സ്വര്‍ണവില പവന് 320 രൂപ കയറി. മുംബൈയില്‍ സ്റാന്‍ഡാര്‍ഡ് സ്വര്‍ണം പത്തുഗ്രാമിന് 220 രൂപ കയറി 27995 രൂപയായി. വെള്ളിവില കിലോഗ്രാമിന് 785 രൂപ കയറി 37175 രൂപയായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.