ഇന്ത്യന്‍ ഓഹരികളുടെ തകര്‍ച്ച സര്‍വകാല റിക്കാര്‍ഡില്‍
ഇന്ത്യന്‍ ഓഹരികളുടെ തകര്‍ച്ച സര്‍വകാല റിക്കാര്‍ഡില്‍
Saturday, February 13, 2016 11:14 PM IST
മുംബൈ: 2009 ജൂലൈക്കു ശേഷം ഇന്ത്യന്‍ ഓഹരിവിപണികള്‍ കണ്ട ഏറ്റവും വലിയ തകര്‍ച്ചയാണ് ഈ ആഴ്ച കണ്ടത്. നിക്ഷേപകരുടെ ഭയവും ആഗോള കമ്പോളങ്ങളിലെ പ്രതിസന്ധിയും ഇന്ത്യന്‍ മാര്‍ക്കറ്റുകളെ പിടിച്ചുലച്ചു. ആഴ്ചയിലെ അവസാന ഇടപാടു ദിനമായ ഇന്നലെ ഇരു വിപണികളും നേരിയ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 34.29 പോയിന്റ് ഉയര്‍ന്ന് 22,986.12ലും നിഫ്റ്റി 4.6 പോയിന്റ് ഉയര്‍ന്ന് 6,980ലുമാണ് ക്ളോസ് ചെയ്തത്.

വ്യാഴാഴ്ചത്തെ വന്‍ തകര്‍ച്ചയ്ക്കുശേഷം ലോകകമ്പോളങ്ങള്‍ ചൈനയെയാണ് ഉറ്റുനോക്കുന്നത്. ചാന്ദ്രവര്‍ഷപ്പിറവി പ്രമാണിച്ച് ചൈനീസ് ഓഹരിവിപണി നീണ്ട അവധിയിലായതിനാല്‍ കമ്പോളങ്ങള്‍ ആകാംക്ഷയിലാണ്. തിങ്കളാഴ്ച ചൈനീസ് വിപണികള്‍ വ്യാപാരം തുടങ്ങുമ്പോള്‍ എന്താകും അവസ്ഥയെന്നുള്ള ഭീതിയിലാണ് നിക്ഷേപകര്‍.

ഏഷ്യന്‍ വിപണികള്‍ നിലവില്‍ തകര്‍ച്ചയിലാണ്. എണ്ണവില ചാഞ്ചാടി നില്‍ക്കുന്നതിനാല്‍ കേന്ദ്ര ബാങ്കുകളുടെ നയതീരുമാനങ്ങളില്‍ ലോകം ശ്രദ്ധിക്കുന്നുണ്ട്. അമേരിക്കന്‍ സൂചിക ഡൌ ജോണ്‍സ് ശരാശരി 250 പോയിന്റ് താഴ്ന്നു. അമേരിക്കന്‍ വളര്‍ച്ചയെ സഹായിക്കാന്‍ ഫെഡ് കാര്യമായ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. അമേരിക്കയിലെ തൊഴിലില്ലാത്തവരുടെ എണ്ണം 2,69,000 ആയി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഇത് 2,85,000 ആയിരുന്നു.

ഇന്നലെ യൂറോപ്യന്‍ വിപണികള്‍ക്കു നേട്ടമായിരുന്നു. കൊമേഴ്സ്ബാങ്കിന്റെ പിന്തുണയും എണ്ണവിലയിലെ ഉയര്‍ച്ചയും നേരത്തെയുണ്ടായ നഷ്ടങ്ങളില്‍നിന്നു പിടിച്ചു കയറാന്‍ യൂറോപ്യന്‍ ഓഹരികളെ സഹായിച്ചു. എഫ്ടിഎസ്ഇ 1.4 ശതമാനം ഉയര്‍ന്നു. വ്യാഴാഴ്ച 3.7 ശതമാനമായിരുന്നു എഫ്ടിഎസ്ഇയുടെ നഷ്ടം.


ഇന്ത്യന്‍ വിപണികളേപ്പോലെ ജപ്പാന്റെ നിക്കിയും വന്‍ തകര്‍ച്ചയിലാണ്. ഇന്നലെ മാത്രം നിക്കി 4.8 ശതമാനം തകര്‍ന്നു. ഈ ആഴ്ചയിലെ നഷ്ടം 11.1 ശതമാനം. 2008നു ശേഷം ഒരു വാരം നിക്കി നേരിടുന്ന ഏറ്റവും വലിയ തകര്‍ച്ചയാണിത്. ഡോളറിനെതിരേ ജാപ്പനീസ് യെന്നിന്റെ വിനിമയനിരക്ക് 15 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലായതും നിക്ഷേപകര്‍ ഓഹരികള്‍ പിന്‍വലിക്കാന്‍ മത്സരിച്ചതുമാണ് നിക്കിയെ തളര്‍ത്തിയത്. വാഹന നിര്‍മാതാക്കളുടെ ഓഹരികളിലും തകര്‍ച്ച പ്രകടമായി. ടൊയോട്ടയുടെ ഓഹരികള്‍ 6.8 ശതമാനവും ഹോണ്ടയുടേത് 5.5 ശതമാനവും ഇടിഞ്ഞു.

ഫെഡറല്‍ റിസര്‍വ് ചെയര്‍പേഴ്സണ്‍ ജാനറ്റ് എലന്‍ പലിശനിരക്ക് ഉയര്‍ത്തുമെന്ന സൂചന നല്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ചാഞ്ചാടി നിന്നിരുന്ന എണ്ണവിലയില്‍ മാറ്റം വന്നിട്ടുണ്ട്. ബ്രന്റ് ഇനം ക്രൂഡ് ഓയിലിന്റെ വില ബാരലിന് 8.78 ശതമാനം ഉയര്‍ന്ന് 32.70 ഡോളറും ഡബ്ള്യുടിഐ ഇനം ക്രൂഡിന് 10.72 ശതമാനം ഉയര്‍ന്ന് 29.02 ഡോളറുമായി. ഉത്പാദനം കുറയ്ക്കാനുള്ള കാര്യത്തില്‍ മറ്റ് ഉത്പാദകരുമായി ഒപെക് ചര്‍ച്ച നടത്തുമെന്ന് യുഎഇ ഉര്‍ജമന്ത്രി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.