കേരള ബജറ്റ്: വാണിജ്യമേഖലയില്‍ സമ്മിശ്ര പ്രതികരണം
Saturday, February 13, 2016 11:16 PM IST


നിരാശാജനകം: ജ്വല്ലേഴ്സ് ഫെഡറേഷന്‍

കോഴിക്കോട്: വ്യാപാര മേഖലയെ സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നവതരിപ്പിച്ച ബജറ്റ് തീര്‍ത്തും നിരാശാജനകമാണെന്ന് കേരള ജ്വല്ലേഴ്സ് ഫെഡറേഷന്‍.

കോമ്പൌണ്ടിംഗ് നികുതി സമ്പ്രദായത്തിന്റെ അശാസ്ത്രീയത പരിഹരിക്കാനുള്ള ഒരു നിര്‍ദേശവും ഈ ബജറ്റില്‍ ഇല്ല. നികുതി വെട്ടിപ്പ് തടയാനും നികുതി ശേഖരണം കാര്യക്ഷമമാക്കാനും ഇ-ഗവര്‍ണന്‍സ് പോലുള്ള ആധുനിക സമ്പ്രദായം നടപ്പില്‍ വരുത്താനുള്ള കേവല ആലോചനപോലും ഈ ബജറ്റില്‍ കാണുന്നില്ല എന്നത് നിരാശാജനകമാണെന്നു ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എം.പി.അഹമ്മദ് പ്രസ്താവനയില്‍ പറഞ്ഞു.

ബജറ്റ് വ്യാപാരി വിരുദ്ധം: വ്യാപാരി വ്യവസായി ഏകോപന സമിതി

തൃശൂര്‍: ബജറ്റ് നിരാശാജനകവും വ്യാപാരിവിരുദ്ധവുമാണെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. അത്യന്തം സങ്കീര്‍ണമായ വിഷയങ്ങളില്‍ പരാമര്‍ശം പോലും ബജറ്റില്‍ ഇല്ല. നികുതി ഇല്ലാത്ത കാര്‍ഷിക വിളകള്‍ക്കു നികുതി ഇളവു പ്രഖ്യാപിച്ചു കാര്‍ഷിക മേഖലയെ ആക്ഷേപിക്കുകയാണു ചെയ്തിരിക്കുന്നത്.

വ്യാപാരികള്‍ക്കു ജോലിസ്ഥിരത ലഭിക്കാന്‍ സഹായിക്കുന്ന വാടക - കുടിയാന്‍ നിയമത്തിന്റെ ഒരു വരിപോലും ബജറ്റില്‍ പ്രതിപാദിച്ചിട്ടില്ലെന്നും സമിതി കുറ്റപ്പെടുത്തി.

ജനപ്രിയ ബജറ്റ്: കേരള മര്‍ച്ചന്റ്സ് ചേംബര്‍ ഓഫ് കൊമേഴ്സ്


കൊച്ചി: ബജറ്റ് ജനപ്രിയവും വികസനോന്മുഖവുമാണെന്നു കേരള മര്‍ച്ചന്റ്സ് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് വി.എ. മുഹമ്മദ് അഷ്റഫ് പത്രക്കുറിപ്പില്‍ അറിയിച്ചു. കൊച്ചി കാന്‍സര്‍ സെന്ററിനു 20 കോടിയും സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിനു 100 കോടിയും വകയിരുത്തിയതു ബജറ്റിനെ ജനപ്രിയമാക്കുന്നു. ജീവന്‍ രക്ഷാ മരുന്നുകള്‍ക്കു നികുതി ഒഴിവാക്കി എല്ലാവര്‍ക്കും പ്രയോജനം കിട്ടുന്ന സംവിധാനം ഒരുക്കണമെന്നും കേരള മര്‍ച്ചന്റ്സ് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് വി.എ. മുഹമ്മദ് അഷ്റഫ് പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

വ്യാപാരി മേഖലയ്ക്ക് അവഗണന: സമിതി

തൃശൂര്‍: വാണിജ്യ വ്യവസായ മേഖലയെ അവഗണിച്ച സംസ്ഥാന ബജറ്റ് നിരാശാജനകമാണെന്നു വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടിയും സെക്രട്ടറി ഇ.എസ്. ബിജുവും പറഞ്ഞു. ബജറ്റിനു മുന്നോടിയായി വ്യാപാരി സംഘടനകള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍ ഒന്നുപോലും സര്‍ക്കാര്‍ പരിഗണിച്ചില്ല. ഓണ്‍ലൈന്‍ വ്യാപാരത്തിനു നികുതി ഈടാക്കുക, വാണിജ്യ മേഖലയില്‍ ഓംബുഡ്സ്മാന്‍ രൂപീകരിക്കുക, ചെക്ക് പോസ്റുകളെ സുതാര്യമാക്കുക, വ്യാപാരി ക്ഷേമബോര്‍ഡിലെ കുടിശിക കൊടുത്തുതീര്‍ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അവഗണിച്ചിരിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.