സൈബർ കുറ്റവാളികൾക്കു പ്രിയം ഇന്ത്യൻ സംരംഭങ്ങൾ; പിന്തുണ സോഷ്യൽ മീഡിയ
സൈബർ കുറ്റവാളികൾക്കു പ്രിയം ഇന്ത്യൻ സംരംഭങ്ങൾ; പിന്തുണ സോഷ്യൽ മീഡിയ
Saturday, April 23, 2016 12:10 PM IST
ന്യൂഡൽഹി: സൈബർ കുറ്റവാളികൾക്ക് പ്രിയം ഇന്ത്യൻ സംരംഭങ്ങൾ. ലോകത്തിൽ സൈബർ ആക്രമണങ്ങൾക്കിരയാകുന്ന കമ്പനികളുടെ എണ്ണത്തിൽ ആറാം സ്‌ഥാനത്താണ് ഇന്ത്യ. സീമൻടെക് പുറത്തുവിട്ട ഇന്റർനെറ്റ് സുരക്ഷാഭീഷണി റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ. കുറഞ്ഞത് രണ്ടു തവണെയെങ്കിലും കമ്പനികൾ സൈബർ ആക്രമണങ്ങൾക്കിരയായിട്ടുണ്ട്.

പ്രധാനമായും പൊതുമേഖലയിലുള്ളതും ധനകാര്യകമ്പനികളുമാണ് സൈബർ അക്രമികൾ ലക്ഷ്യം വയ്ക്കുന്നത്. രാജ്യത്ത് ആകെയുള്ള കമ്പനികളിൽ പകുതിയും കഴിഞ്ഞ വർഷം കുറഞ്ഞത് ഒരു തവണ ആക്രമണങ്ങൾക്കിരയായിട്ടുണ്ട്.

രാജ്യത്തെ ബാങ്കിംഗ്, ഫിനാൻഷൽ സർവീസ് ഇൻഷ്വറൻസ് മേഖലയിലെ 40 ശതമാനം സ്‌ഥാപനങ്ങളും ഒരു തവണയെങ്കിലും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ആഗോളമായി ഫിനാൻഷൽ ട്രോജൻ ആക്രമണങ്ങൾ നടക്കുന്നതിൽ മൂന്നാം സ്‌ഥാനം ഇന്ത്യക്കാണെന്ന് ഫിനാൻഷൽ സൈബർ ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിൽ സീമൻടെക് ചൂണ്ടിക്കാട്ടി.

വലിയ സംരംഭങ്ങളിലെ സൈബർ ആക്രമണം 30 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 2014ൽ ഇത് 60 ശതമാനമായിരുന്നു. ചെറിയ കമ്പനികളെ അപേക്ഷിച്ച് ആറിരട്ടി അധിക സൈബർ ആക്രമണങ്ങളാണ് വൻകിട കമ്പനികൾക്കെതിരേ നടക്കുന്നത്.


പ്രതിദിനം നടക്കുന്ന സൈബർ ആക്രമണങ്ങളുടെ എണ്ണം ഇരട്ടിയിലധികമായി വർധിച്ചുവെന്ന് സീമൻടെക് ഡയറക്ടർ തരുൺ കൗറ പറഞ്ഞു. 2014ൽ ദിവസം 24 ആക്രമണങ്ങൾ ആയിരുന്നെങ്കിൽ 2015ൽ ഇത് 54 ആയി വർധിച്ചിട്ടുണ്ട്.

മാൽവെയറുകൾ വർധിക്കുന്നതാണ് മറ്റൊരു രീതി. കഴിഞ്ഞ വർഷം 43 കോടി പുതിയ മാൽവെയറുകളാണ് പുതുതായി തിരിച്ചറിഞ്ഞത്. മാൽവെയറുകളുടെ വർഷമായാണ് 2015 അറിയപ്പെടുക. സോഷ്യൽ മീഡിയയും ആക്രമണങ്ങളിൽ ഒട്ടും പിന്നിലല്ല. സോഷ്യൽ മീഡിയ വഴിയുള്ള തട്ടിപ്പ് കഴിഞ്ഞ വർഷം 156 ശതമാനമാണ് ഉയർന്നിട്ടുള്ളത്.

ഇന്ത്യയിൽ വികസിപ്പിക്കുന്ന സൈബർ വൈറസുകളുടെ എണ്ണം കുറഞ്ഞിരിക്കുന്നു എന്നത് ആശ്വസിക്കാൻ വക നല്കുന്നുണ്ട്. 2014ൽ ആറാം സ്‌ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോൾ 18–ാം സ്‌ഥാനത്താണ്. വൈറസ് മെയിലുകളുടെ അളവിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.