ആർബിഐയിൽ പ്രതീക്ഷയർപ്പിച്ചു നിക്ഷേപകർ; വിപണികൾക്കു നേട്ടം
ആർബിഐയിൽ പ്രതീക്ഷയർപ്പിച്ചു നിക്ഷേപകർ; വിപണികൾക്കു നേട്ടം
Sunday, April 24, 2016 12:35 PM IST
<ആ>ഓഹരി അവലോകനം / സോണിയ ഭാനു

മുംബൈ: ഓഹരിസൂചിക രണ്ടാം വാരവും മികവിൽ. ആർബിഐ പലിശനിരക്കിൽ ഇളവുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിൽ നിക്ഷേപകർ വിപണിയിലേക്കടുത്തത് സെൻസെക്സിനും നിഫ്റ്റിക്കും നേട്ടമായി. ജാപ്പനീസ് കേന്ദ്രബാങ്കും യുഎസ് ഫെഡ് റിസർവും അടുത്ത ദിവസങ്ങളിൽ പുതിയ വായ്പാനയം പ്രഖ്യാപിക്കും. സാമ്പത്തികരംഗത്തെ പുതിയ ചലനങ്ങളെ നിരീക്ഷിക്കുകയാണ് വിദേശഫണ്ടുകൾ.

രാജ്യം കടുത്ത വരൾച്ചയിൽ അകപ്പെട്ടതിനാൽ നാണയപ്പെരുപ്പം കുതിക്കാനിടയുണ്ട്. ഇതിനു തടയിടാൻ ആർബിഐ വിപണിക്ക് അനുകൂലമായ പ്രഖ്യാപനങ്ങൾ നടത്താം. മൺസൂൺ പതിവുസമയത്തുതന്നെ രംഗപ്രവേശനം നടത്തുമെന്ന കാലാവസ്‌ഥാ പ്രവചനങ്ങൾക്കിടയിലും ജൂൺ ആദ്യപകുതിയിലും രാജ്യത്തെ വരൾച്ചാ സ്‌ഥിതിഗതികളിൽ കാര്യമായ മാറ്റത്തിനിടയില്ല.

വിദേശഫണ്ടുകൾ നിക്ഷേപകരാണ്. ഏപ്രിലിൽ ഓഹരി വിപണിയിൽ അവർ 6,734 കോടി രൂപയും കടപ്പത്രത്തിൽ 6,236 രൂപയും നിക്ഷേപിച്ചു. മൊത്തം 12,970 കോടി രൂപയാണ് ഈ മാസം 22 വരെയുള്ള കണക്കുകൾ. ബുള്ളിഷ് ട്രൻഡിൽ വിദേശ ഓപ്പറേറ്റർമാർ വിശ്വാസം നിലനിർത്തുകയാണ്. പിന്നിട്ട വാരം അവർ 1,894.37 കോടി രൂപയുടെ ഓഹരി വാങ്ങി. അതേസമയം, ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 716.23 കോടി രൂപയുടെ വില്പന നടത്തി.

ബോംബെ സെൻസെക്സ് 211 പോയിന്റും നിഫ്റ്റി 48 പോയിന്റും കഴിഞ്ഞ വാരം ഉയർന്നു. മഹാവീര ജയന്തി പ്രമാണിച്ച് ചൊവ്വാഴ്ച അവധിയായിരുന്നു. സെൻസെക്സും നിഫ്റ്റിയും അതിന്റെ 200 ദിവസങ്ങളിലെ ശരാശരിക്കു മുകളിലാണ്. സാഹചര്യങ്ങൾ അനുകൂലമെങ്കിലും ഈ വാരം ഡെറിവേറ്റീവ് മാർക്കറ്റിൽ ഏപ്രിൽ സീരീസ് സെറ്റിൽമെന്റാണ്.

നിഫ്റ്റി സൂചിക 7,849ൽനിന്ന് 7,975 വരെ കയറി. വാരാന്ത്യം സൂചിക 7,899ലാണ്. ഈ വാരം ആദ്യപ്രതിരോധം 7,966ലാണ്. ഇത് മറികടന്നാൽ വാരമധ്യം 8,033ലേക്കും സെറ്റിൽമെന്റിനു ശേഷം 8,092ലേക്കും ഉയരാം. അതേസമയം ലോംഗ് കവറിംഗിന് ഓപ്പറേറ്റർമാർ മത്സരിച്ച് ഇറങ്ങിയാൽ 7,840ൽ ആദ്യ സപ്പോർട്ടുണ്ട്. ഇതു നഷ്ടപ്പെട്ടാൽ വിപണി 7,781–7,714 റേഞ്ചിലേക്ക് പരീക്ഷണം നടത്താം.

ബജറ്റ് ദിനങ്ങളെ അപേക്ഷിച്ച് സൂചിക 1,000 പോയിന്റ് മുന്നേറി. വീക്ക്ലി ചാർട്ടിൽ കാന്റിൽസ്റ്റിക് പാറ്റേൺ സെൽ സിഗ്നലിലാണ്. സെറ്റിൽമെന്റിനു മൂന്നു ദിവസം മാത്രം അവശേഷിക്കുന്നതിനാൽ ഒരു വിഭാഗം ഓപ്പറേറ്റർമാർ കവറിംഗിനു നീക്കം നടത്താം. മറ്റു സാങ്കേതിക വശങ്ങൾ വിലയിരുത്തിയാൽ പാരാബോളിക് എസ്എആർ, എംഎസി ഡി, ആർഎസ്ഐ– 14 എന്നിവ ബുള്ളിഷാണ്. സ്ലോ സ്റ്റോക്കാസ്റ്റിക്, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക് എന്നിവ ഓവർ ബോട്ടും.


ബോംബെ സെൻസെക്സ് 26,000ലെ പ്രതിരോധം ഭേദിച്ച് 26,066 വരെ കയറി. മാർക്കറ്റ് ക്ലോസിംഗിൽ 25,838ൽ നീങ്ങുന്ന സെൻസെക്സിന് ഈ വാരം 26,103–26,377ൽ തടസം നേരിടാം. ഇതു മറികടന്നാൽ സെൻസെക്സ് 26,688നെ ലക്ഷ്യമാക്കാം. തിരിച്ചടി നേരിട്ടാൽ 25,518–25,207ൽ താങ്ങ് പ്രതീക്ഷിക്കാം.

മുൻനിരയിലെ പത്തു കമ്പനികളിൽ അഞ്ച് എണ്ണത്തിന്റെ വിപണിമൂല്യത്തിൽ 38,969 കോടി രൂപയുടെ ഇടിവ്. ടിസിഎസിന്റെ വിപണിമൂല്യത്തിൽ 29,876.69 കോടി രൂപ കുറഞ്ഞു.

ഏഷ്യൻ മാർക്കറ്റുകൾ പലതും നേട്ടത്തിലാണ്. യെന്നിന്റെ മൂല്യം ഡോളറിനു മുന്നിൽ 110ലേക്കു നീങ്ങിയതിന്റെ ചുവടുപിടിച്ച് ജപ്പാനിൽ നിക്കൈ സൂചിക പതിനൊന്ന് ആഴ്ചകളിലെ ഏറ്റവും മികച്ച നിലവാരം ദർശിച്ചു. ചൈനയിൽ ഷാങ്ഹായ് സൂചികയും മുന്നേറി. എന്നാൽ, ഹോങ്കോംഗിൽ ഹാൻസെങ് സൂചിക തളർന്നു. യൂറോപ്യൻ ഇൻഡക്സുകൾ പ്രതിവാരനഷ്ടത്തിലാണ്. അമേരിക്കയിൽ ഡൗ ജോൺസ് സൂചിക വീണ്ടും 18,000 പോയിന്റിലേക്കുയർന്നു. എസ് ആൻഡ് പി, നാസ്ഡാക് സൂചികയും തിളങ്ങി.

ന്യൂയോർക്കിൽ ക്രൂഡ് ഓയിൽ ബാരലിന് 43.75 ഡോളറിലാണ്. ഫോറെക്സ് മാർക്കറ്റിൽ യെന്നിനും യുറോയ്ക്കും മുന്നിൽ ഡോളർ കൈവരിച്ച നേട്ടം ആഗോള തലത്തിൽ സ്വർണത്തിന്റെ തിളക്കത്തിനു മങ്ങലേൽപ്പിച്ചു. വിനിമയ വിപണിയിലെ ചലനങ്ങളെത്തുടർന്ന് അഞ്ച് ആഴ്ചകളിലെ ഉയർന്ന തലമായ 1,271 ഡോളറിൽനിന്ന് സ്വർണം 1232 ഡോളറിലേക്കു താഴ്ന്നു. യുഎസ് ഫെഡ് റിസർവ് നാളെയും ബുധനാഴ്ചയും വായ്പാ അവലോകനത്തിനായി ഒത്തുചേരും. പലിശ സംബന്ധിച്ച പുതിയ പ്രഖ്യാപനങ്ങൾക്കു കാതോർക്കുകയാണു നിക്ഷേപമേഖല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.