എസ്ബിടി പ്രവർത്തന ലാഭത്തിൽ 31% വർധന
എസ്ബിടി പ്രവർത്തന ലാഭത്തിൽ 31% വർധന
Wednesday, April 27, 2016 12:27 PM IST
തിരുവനന്തപുരം: 2016 മാർച്ച് 31 ന് അവസാനിച്ച വർഷത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ മുൻവർഷത്തെ 1372 കോടിയെ അപേക്ഷിച്ച് 31 ശതമാനം വർഷാനുവർഷ വളർച്ചയോടെ 1798 കോടി രൂപ പ്രവർത്തനലാഭം രേഖപ്പെടുത്തി. മുൻവർഷം സമാന കാലയളവിലെ 335.53 കോടിയുടെ സ്‌ഥാനത്ത് അറ്റാദായം 337.73 കോടി രൂപയായി. ബാങ്കിന്റെ ഡയറക്ടർ ബോർഡ് 10 രൂപ മുഖവിലയുള്ള ഓഹരിക്ക് അഞ്ചു രൂപ (50%) ലാഭവിഹിതം പ്രഖ്യാപിച്ചു.

അസൽ പലിശവരുമാനത്തിൽ 12 ശതമാനവും ഫീ വരുമാനത്തിൽ 28 ശതമാനവും ഉയർച്ചയുണ്ടായതിനാൽ പ്രവർത്തന ലാഭത്തിൽ വളർച്ചയുണ്ടായി. മുൻ സാമ്പത്തിക വർഷത്തിലെ സമാന ത്രൈമാസികവുമായി താരതമ്യം ചെയ്യുമ്പോൾ മാർച്ച് ത്രൈമാസികത്തിൽ പ്രവർത്തന ലാഭത്തിൽ 16.88 ശതമാനം വർധന രേഖപ്പെടുത്തി.

പലിശച്ചെലവു ചുരുക്കുന്നതിനായി ചെലവുകൂടിയ നിക്ഷേപങ്ങൾക്കും വൻ നിക്ഷേപങ്ങൾക്കും പകരം ബാങ്ക ്തുടർച്ചയായി ചില്ലറ നിക്ഷേപങ്ങൾക്ക് സ്‌ഥാനം നൽകിവരുന്നു. ചെലവുകൂടിയ വൻകിട നിക്ഷേപങ്ങൾ 13.24 ശതമാനത്തിൽനിന്ന് 9.34 ശതമാനമായി കുറഞ്ഞതായി മാനേജിംഗ് ഡയറക്ടർ ജീവൻദാസ് നാരായണൻ പറഞ്ഞു.


നടപ്പുവർഷത്തിൽ ബാങ്ക് നിക്ഷേപങ്ങളിൽ 100,000 കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ടു. 2015 മാർച്ച് 31 ലെ 91,077 കോടിയുടെ സ്‌ഥാനത്ത് 2016 മാർച്ച് 31ന് 11.03 ശതമാനം വളർച്ചയോടെ നിക്ഷേപം 101119 കോടി രൂപയായി. പ്രവാസിനിക്ഷേപങ്ങൾ വർഷാനുവർഷ വളർച്ചയുടെ ആക്കം നിലനിർത്തി. 6014 കോടി ഉയർന്ന് 2016 മാർച്ചിൽ 35622 കോടിയിലെത്തി. ബാങ്കിന്റെ നിക്ഷേപച്ചെലവുകൾ 2015 മാർച്ച് 31 ലെ 7.32 ശതമാനത്തിൽ നിന്ന് 6.94 ശതമാനത്തിലേക്കു താഴ്ന്നു.

2015 മാർച്ച് 31 ലെ 69,907 കോടിയുടെ സ്‌ഥാനത്ത് 2016 മാർച്ച് 31 ന് ബാങ്കിന്റെ മൊത്തം വായ്പകൾ 67,004 കോടിയായി. 2016 മാർച്ച് അന്ത്യത്തിൽ ബാങ്കിന്റെ മൊത്തം ബിസിനസ് 1,68,123 കോടിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.