കുടിശികയ്ക്കു മുന്നിൽ പൊതുമേഖലയും
Wednesday, April 27, 2016 12:27 PM IST
ന്യൂഡൽഹി: രാജ്യത്തെ വലിയ വായ്പാകുടിശികക്കാരിൽ പൊതുമേഖലാ സ്‌ഥാപനങ്ങൾ മുൻ നിരയിൽ. വലിയ കടക്കാരിൽനിന്നു കൂടുതൽ പണം കിട്ടാനുള്ളതു പൊതുമേഖലാ ബാങ്കുകൾക്കും ഇൻഷ്വറൻസ് കമ്പനികൾക്കും.
ന്യൂസ് ലോൺഡ്രി ഡോട് കോം എന്ന വെബ്സൈറ്റ് പുറത്തുവിട്ടതാണ് ഈ വിവരം. റിസർവ് ബാങ്ക് തയാറാക്കിയ പട്ടികയിൽനിന്നുള്ള വിവരങ്ങളാണു സൈറ്റ് പുറത്തുവിട്ടത്.

2015 ഡിസംബർ 24–ലെ നിലവച്ച് കുടിശികയായ വായ്പകൾ അഞ്ചുലക്ഷം കോടിയിലേറെ രൂപയുടേതാണ്. ഇതിൽ 1.08 ലക്ഷം കോടി മനഃപൂർവം കുടിശിക വരുത്തിയതായി കണക്കാക്കുന്നു. പട്ടികയിലുള്ള ആദ്യത്തെ പത്തു കമ്പനികൾ മൊത്തം കുടിശികയാക്കിയത്. 56,197 കോടി രൂപയാണ്. പല കമ്പനി പട്ടികയിൽ ഒന്നാമത് ഉള്ളതു സ്റ്റീൽ കമ്പനി ഉഷാ ഇസ്പാത് ആണ്. 16,911 കോടി രൂപ കുടിശിക. അതിൽ 5093 കോടി മനഃപൂർവം വരുത്തിയതാണത്രെ. ഇതിൽ എൽഐസിക്കു കിട്ടാനുള്ളത് 8619 കോടി. 2007–ൽ കമ്പനിയുടെ ഓഹരിവ്യാപാരം നിർത്തി. ഉഷ ഇന്ത്യ ഗ്രൂപ്പിലെ വിനയ്റായിയായിരുന്നു സാരഥി. ഇപ്പോൾ പൂട്ടിക്കിടക്കുന്നു.

ലോയ്ഡ്സ് സ്റ്റീൽ നൽകാനുള്ളത് 9478 കോടി. ഇതിൽ 6724 കോടി ബാങ്ക് ഓഫ് ഇന്ത്യക്കു കിട്ടണം. ഉത്തംഗൽവ ഗ്രൂപ്പ് കമ്പനിയെ ഏറ്റെടുത്തെങ്കിലും കടം തീർന്നിട്ടില്ല.


ടെലികോം കേബിൾ നിർമിച്ചിരുന്ന പൊതുമേഖലാ കമ്പനിയായ ഹിന്ദുസ്‌ഥാൻ കേബിൾസ് നൽകാനുള്ളത് 4917 കോടി. 2439 കോടി ബാങ്ക് ഓഫ് ഇന്ത്യയുടേത്. കമ്പനി അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്നു.

അടച്ചുപൂട്ടിയ പൊതുമേഖലാ സ്‌ഥാപനമായ ഹിന്ദുസ്‌ഥാൻ ഫോട്ടോ ഫിലിംസ് നൽകാനുള്ളത് 3929 കോടി. ഇതിൽ 1781 കോടി എൽഐസിയുടേതാണ്.

റിയൽ എസ്റ്റേറ്റ് കമ്പനി സൂം ഡെവലപ്പേഴ്സ് 3843 കോടി നൽകാനുണ്ട്. സ്റ്റീൽ–വൈദ്യുതി മേഖലകളിലുള്ള പ്രകാശ് ഇൻഡസ്ട്രീസ് 3665 കോടി നൽകണം. 2171 കോടി രൂപ എൽഐസിക്കു കിട്ടാനുണ്ട്.

ഐടി രംഗത്തുള്ള ക്രെയ്ൻസ് സോഫ്റ്റ് വേർ. 3580 കോടി രൂപ നൽകാനുണ്ട്. സിന്തറ്റിക് വസ്ത്രനിർമാണ ശാലയായ പ്രാഗ് ബോസിമി സിന്തറ്റിക്സ് 3558 കോടി രൂപ കുടിശികയിലാണ്. കമ്പനിയെ ഈയിടെ ഗവൺമെന്റ് ഏറ്റെടുത്തു. ഒമ്പതാം സ്‌ഥാനത്താണു വിജയ് മല്യയുടെ കിംഗ് ഫിഷർ എന്നു പട്ടികയിൽ പറയുന്നു. 3259 കോടിയാണു കുടിശികയായി പട്ടികയിൽ പറയുന്നത്. കമ്പനി പൂട്ടിക്കിടക്കുന്നു. 3057 കോടി നൽകാനുള്ള മാളവിക സ്റ്റീൽ പൂട്ടിയെങ്കിലും സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യ അതിനെ ഏറ്റെടുത്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.