കെഎൽഎം ഇനി കെഎൽഎം ആക്സിവ ഫിൻവെസ്റ്റ്
കെഎൽഎം ഇനി കെഎൽഎം ആക്സിവ ഫിൻവെസ്റ്റ്
Friday, April 29, 2016 12:14 PM IST
കൊച്ചി: പ്രമുഖ ധനകാര്യ സേവനദാതാക്കളായ കെഎൽഎം തങ്ങളുടെ ഫ്ളാഗ്ഷിപ്പ് കമ്പനിയുടെ ബ്രാൻഡ് ഐഡന്റിറ്റി മാറ്റുന്നു. ഇനി മുതൽ കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് എന്ന പേരിൽ അറിയപ്പെടും. കമ്പനിയുടെ ലോഗോ കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ചടങ്ങിൽ നടി ഇഷാ തൽവാർ പ്രകാശനംചെയ്തു.

പുതിയ പേരു സ്വീകരിക്കാൻ റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചതായി ചെയർമാൻ ഷിബു തെക്കുംപുറം പത്രസമ്മേളനത്തിൽ അറിയിച്ചു. ലോഗോയിലും പരിഷ്കാരങ്ങൾ വരുത്തി. കമ്പനിയുടെ മുന്നോട്ടുള്ള വളർച്ചയെ കാണിക്കുന്നതാണു പുതിയ ലോഗോ.

2017–18ൽ ഓഹരി വിപണിയിലിറങ്ങാനാണു കമ്പനി ലക്ഷ്യമിടുന്നത്. കമ്പനിയുടെ പ്രവർത്തനശൈലിയിലും മാറ്റം വരും. ദേശീയ സാന്നിധ്യമാകാനാണു കമ്പനി ബ്രാൻഡിംഗിലൂടെ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷം കെഎൽഎം ഗ്രൂപ്പ് വൻ വളർച്ച രേഖപ്പെടുത്തിയെന്ന് എം.ഡി ജോസ്കുട്ടി സേവ്യർ പറഞ്ഞു. കഴിഞ്ഞ വർഷം കമ്പനി നേടിയത് 400 കോടിയുടെ വിറ്റുവരവാണ്. അതിനു ആനുപാതികമായ വളർച്ച അറ്റാദായത്തിലുമുണ്ടായി.


തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലേക്കും കമ്പനിയുടെ പ്രവർത്തനം വിപുലീകരിച്ചു. ഈ വർഷം 200 ശാഖകളായി കൂട്ടാനാണ് കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ ലക്ഷ്യം.

കമ്പനി പ്രവർത്തന മേഖല ഇൻഷ്വറൻസ് രംഗത്തേക്കും വ്യാപിപ്പിക്കും. പുതിയ ഇൻഷ്വറൻസ് സ്കീമുകൾ ഉടൻ പ്രഖ്യാപിക്കും. മുൻ മന്ത്രിയും കർണാടക ചീഫ് സെക്രട്ടറിയുമായിരുന്ന ഡോ. ജെ. അലക്സാണ്ടർ, കാർഷിക സർവകലാശാലാ വൈസ് ചാൻസലറും എറണാകുളം ജില്ലാ കളക്ടറുമായിരുന്ന കെ.ആർ. വിശ്വംഭരൻ എന്നിവരെ കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ ഡയറക്ടർ ബോർഡിലേക്ക് എടുത്തു. പത്രസമ്മേളനത്തിൽ അവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.