സ്വർണക്കുതിപ്പ്, പവന് 22,560 രൂപ
സ്വർണക്കുതിപ്പ്, പവന് 22,560 രൂപ
Saturday, April 30, 2016 12:03 PM IST
കൊച്ചി: സ്വർണവില രണ്ടുവർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ. കേരളത്തിൽ ഇന്നലെ പവന് 22560 രൂപയായി.
ഇന്നലെ രണ്ടു തവണ 80 രൂപ വീതം വർധിക്കുകയായിരുന്നു. 2014 മേയ് ഏഴിന് 22680 രൂപയായിരുന്നു സ്വർണവില. അതിനുശേഷമുള്ള ഏറ്റവും കൂടിയ നിരക്കാണ് ഇന്നലത്തേത്.

രാജ്യാന്തര വിപണിയിൽ സ്വർണവില കയറിയതാണ് ഇവിടെ വില കൂട്ടിയത്. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ബോർഡ് (ഫെഡ്) പലിശ നിരക്കു കൂട്ടാതിരുന്നതിനെ തുടർന്നു വില പെട്ടെന്നു കൂടി. ഔൺസിന് (31.1 ഗ്രാം) 1242 ഡോളറിൽ ചൊവ്വാഴ്ച ക്ലോസ് ചെയ്ത സ്വർണം വെള്ളിയാഴ്ച 1289.2 ലാണു ക്ലോസ് ചെയ്തത്. ചൊവ്വാഴ്ച കേരളത്തിൽ 22080 രൂപയായിരുന്നു പവന്. നാലുദിവസം കൊണ്ട് 480 രൂപ (2.17 ശതമാനം) കൂടി. ഏപ്രിൽ നാലിന് 21200 രൂപയായിരുന്നു വില. അതിനുശേഷം കൂടിയത് 1360 രൂപ (6.42 ശതമാനം).


ജനുവരി ഒന്നിന് 18840 രൂപയായിരുന്നു പവനു വില. അവിടെനിന്നു നാലുമാസം കൊണ്ട് 3720 രൂപ (19.75 ശതമാനം) വർധനയുണ്ടായി. സമീപ വർഷങ്ങളിൽ സ്വർണത്തിന് ഏറ്റവും മെച്ചപ്പെട്ട ഉയർച്ച ഉണ്ടായ നാലുമാസമാണു കടന്നുപോയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.