പുറത്താക്കും മുമ്പ് മല്യ എംപിസ്‌ഥാനം രാജിവച്ചു
പുറത്താക്കും മുമ്പ് മല്യ എംപിസ്‌ഥാനം രാജിവച്ചു
Monday, May 2, 2016 12:11 PM IST
ന്യൂഡൽഹി: വായ്പക്കേസിൽ വിദേശത്തേക്കു മുങ്ങിയ മദ്യവ്യവസായി വിജയ് മല്യ രാജ്യസഭാംഗത്വം രാജിവച്ചു. മല്യയുടെ രാജ്യസഭയിൽനിന്നു പുറത്താക്കണമെന്ന് എത്തിക്സ് കമ്മിറ്റി ഇന്നു നിർദേശം നൽകാനിരിക്കെയാണ് ഇന്നലെ ഫാക്സ് സന്ദേശമായി മല്യയുടെ രാജിക്കത്ത് രാജ്യസഭ ചെയർമാൻ ഹമീദ് അൻസാരിക്കു ലഭിച്ചത്.
തന്റെ പദവിയും പേരും ഇനിയും ചെളിക്കുണ്ടിലിട്ട് വലിച്ചിഴയ്ക്കുന്നതിൽ താത്പര്യമില്ലെന്ന് മല്യ കത്തിൽ പറയുന്നു. നീതിയുക്‌തമായ വിചാരണയോ യഥാർഥ നീതിയോ തനിക്കു ലഭിക്കില്ലെന്ന് അടുത്തിടെയുണ്ടായ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നതിനാൽ രാജ്യസഭാംഗത്വം രാജിവയ്ക്കുകയാണെന്ന് കത്തിൽ വിശദീകരിച്ചിരിച്ചിട്ടുണ്ട്.

ഏപ്രിൽ 25ന് ചേർന്ന രാജ്യസഭാ എത്തിക്സ് കമ്മിറ്റി ഐക്യകണ്ഠ്യേനയാണ് മല്യയെ രാജ്യസഭയിൽനിന്നു പുറത്താക്കണമെന്ന് തീരുമാനിച്ചത്. ഇതുസംബന്ധിച്ച് കമ്മിറ്റി ചെയർമാൻ കരൺ സിംഗ് മല്യക്കു കത്തയച്ചിരുന്നു. ഈ കത്തിനു മറുപടി നൽകിയെന്നാണ് മല്യ രാജിക്കത്തിൽ പറഞ്ഞത്. മല്യ രണ്ടാം തവണയാണു രാജ്യസഭാംഗമായത്. ഇതിന്റെ കാലാവധി ജൂലൈ ഒന്നിന് അവസാനിക്കുമായിരുന്നു.


കിംഗ്ഫിഷർ എയർലൈൻസ് ഉടമയായ മല്യ 9431.65 കോടിരൂപയാണ് 13 ബാങ്കുകൾക്കായി കൊടുക്കാനുള്ളത്. ഇതിൽ 1687.04 കോടി രൂപ ഐഡിബിഐ ബാങ്കിനാണ്. പഞ്ചാബ് നാഷണൽ ബാങ്കിനാണു രണ്ടാം സ്‌ഥാനം. 1223 കോടിരൂപ. വായ്പ തിരിച്ചടക്കാത്തതിന്റെ പേരിൽ ബാങ്കുകൾ നടപടികൾ ആരംഭിച്ച സാഹചര്യത്തിൽ മാർച്ച് രണ്ടിനാണു ബ്രിട്ടീഷ് പൗരത്വമുള്ള മല്യ ഇന്ത്യ വിട്ടത്. കുടുംബത്തോടൊപ്പം ഇപ്പോൾ ബ്രിട്ടനിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.