ഡൽഹിയിലെ ഡീസൽ ടാക്സി നിരോധനം: ബിസിനസിനെ ബാധിക്കുമെന്ന് ഐടി കമ്പനികൾ
ഡൽഹിയിലെ ഡീസൽ ടാക്സി നിരോധനം: ബിസിനസിനെ ബാധിക്കുമെന്ന് ഐടി കമ്പനികൾ
Thursday, May 5, 2016 11:38 AM IST
ന്യൂഡൽഹി: ഡൽഹിയിലെ ഡീസൽ ടാക്സികൾ നിരോധിച്ചാൽ രണ്ടര ലക്ഷം ഐടി ജീവനക്കാരെ ബാധിക്കുമെന്നും 7.5 കോടി ഡോളറിന്റെ വരുമാനം ഇല്ലാതാകുമെന്നും ചൂണ്ടിക്കാട്ടി വ്യവസായ ലോബി രംഗത്ത്. സർക്കാരിൽ സമ്മർദം ചെലുത്തി സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണ് ശ്രമം.

ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയം, ഗതാഗത മന്ത്രാലയം, ഇലക്ട്രോണിക്സ്–ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, പരിസ്‌ഥിതി മന്ത്രാലയം എന്നിവയ്ക്കയച്ച കത്തുകളിൽ സിഎൻജി സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് വ്യവസായ സംഘടനയായ നാസ്കോം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ പ്രധാനമായും രണ്ടു കാര്യങ്ങളാണ് ഊന്നിപ്പറഞ്ഞിട്ടുള്ളത്. വനിതാ ജോലിക്കാരുടെ സുരക്ഷയും മതിയായ സിഎൻജി വാഹനങ്ങളുടെ കുറവും. ഇത് വ്യവസായമേഖലയെ, പ്രത്യേകിച്ച് ഐടി കമ്പനികളെ പ്രതികൂലമായി ബാധിക്കുമെന്ന് കത്തിൽ പറയുന്നു.

വിദേശ കമ്പനികൾക്കുവേണ്ടി ജോലിചെയ്യുന്ന ഡൽഹിയിലെ വനിതാ ഐടി ജീവനക്കാരാണ് ടാക്സികളെ പ്രധാനമായും ആശ്രയിക്കുന്നത്. തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിക്കുന്ന നാസ്കോമിന് എല്ലാ മേഖലയിൽനിന്നും പൂർണ പിന്തുണയുമുണ്ട്.

അന്തരീക്ഷ മലിനീകരണം വർധിച്ചതോടെ സിഎൻജി വാഹനങ്ങൾ ഒഴികെയുള്ള ടാക്സികൾ ഈ മാസം ഒന്നു മുതൽ സുപ്രീംകോടതി നിരോധിച്ചു. ഇതേത്തുടർന്ന് 40,000 ടാക്സികൾ നിരത്തിൽനിന്നൊഴിഞ്ഞു. രാജ്യതലസ്‌ഥാന മേഖലയിലും ഡൽഹിയിലും സീസൺ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യുന്നവർക്ക് ഇത് വലിയ തിരിച്ചടിയായിട്ടുണ്ട്. തലസ്‌ഥാനത്ത് ഏറ്റവും വലിയ തിരിച്ചടി കിട്ടിയത് ഐടി മേഖലയയ്ക്കാണ്. ഏറ്റവുമധികം കാബ് സർവീസ് നടക്കുന്നത് ഐടി മേഖലയ്ക്കുവേണ്ടിയായിരുന്നു. പ്രത്യേകിച്ച് രാത്രി വൈകി ജോലികഴിഞ്ഞ് വീട്ടിലേക്കു പോകുന്ന ഐടി ജീവനക്കാർക്കുവേണ്ടി.

തിങ്കളാഴ്ച സുപ്രീംകോടതി ഈ കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഇക്കാര്യങ്ങൾ സൂചിപ്പിക്കുമെന്ന് കേന്ദ്ര ട്രാൻസ്പോർട്ട്–ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. സുപ്രീംകോടതി ഉത്തരവിനെ മാനിക്കുന്നെങ്കിലും പകരം സംവിധാനങ്ങളില്ലാതെ എങ്ങനെ ഇതു പ്രാവർത്തികമാകുമെന്നും സിഎൻജി സൗകര്യങ്ങൾ വളരെ വേഗം ഏർപ്പെടുത്തണമെന്നും നാസ്കോം സീനിയർ വൈസ് പ്രസിഡന്റ് സംഗീതാ ഗുപ്ത അഭിപ്രായപ്പെട്ടു. മാത്രമല്ല ഐടി മേഖലയിൽ രാത്രിജോലിക്ക് വനിതാ ജീവനക്കാർ ഒരുപാടു പേരുണ്ട്. സിഎൻജി ടാക്സികൾ ഇല്ലാതെ ഇവർക്ക് ജോലിചെയ്യാൻ നിലവിലെ സാഹചര്യത്തിൽ കഴിയുന്നില്ലെന്നും അവർ പറഞ്ഞു.


ആഗോളതലത്തിൽ പ്രശ്നം അത്ര രൂക്ഷമല്ലെങ്കിലും വിദേശ കമ്പനികളുടെ പ്രോജക്ടുകൾ ഏറ്റെടുത്തു നടത്തുന്ന ഇന്ത്യൻ കമ്പനികൾക്ക് ഇത് തിരിച്ചടിയാണ്. ടാക്സി സൗകര്യങ്ങൾ കുറഞ്ഞതിനാൽ ജീവനക്കാരും കമ്പനികളിൽ കുറവാണ്. സമയബന്ധിതമായി പ്രോജക്ടുകൾ തീർത്തു നല്കാൻ ഇപ്പോൾ പല കമ്പനികൾക്കും കഴിയുന്നില്ല. ഇത് വിദേശ കമ്പനികളെ ഇന്ത്യയിലേക്ക്, പ്രത്യേകിച്ച് ഡൽഹിയിലേക്ക് ആകർഷിക്കുന്നതു കുറയ്ക്കുമെന്നാണു വിലയിരുത്തൽ.

നാസ്കോമിന്റെ കണക്കനുസരിച്ച് 2500 കോടി ഡോളറാണ് ഇന്ത്യയിലെ ഐടി മേഖലയുടെ മൊത്തം വരുമാനം. ഏകദേശം 10 ലക്ഷം ജീവനക്കാരുമുണ്ട്. രാജ്യത്തെ മൊത്തം ഐടി വരുമാനത്തിൽ 30 ശതമാനവും രാജ്യ തലസ്‌ഥാനം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനികളിൽനിന്നാണ്. തലസ്‌ഥാനത്ത് മാത്രം രണ്ടര ലക്ഷം ഐടി കമ്പനി ജീവനക്കാരുണ്ട്. ഇവരിൽ 30–35 ശതമാനം സ്ത്രീകളുമാണ്.

ഡീസൽ വാഹനങ്ങളെ സിഎൻജിയിലേക്കു മാറ്റാനുള്ള സംവിധാനങ്ങൾ നിലവിൽ രാജ്യത്തില്ല. മാത്രമല്ല സിഎൻജി വാഹങ്ങളില്ലാത്തതുപോലെതന്നെ സിഎൻജി ഫില്ലിംഗ് സ്റ്റേഷനുകളില്ലാത്തതും വലിയ വെല്ലുവിളിയാണ്.
സുപ്രീംകോടതി വിധി പ്രാബല്യത്തിലായതോടെ വനിതാ ജീവനക്കാർക്കായി ചില കമ്പനികൾ ഫ്ളാറ്റ് സൗകര്യം നല്കിയിട്ടുണ്ട്. സിഎൻജി വാഹനങ്ങൾ ഇല്ലാത്തതിനാൽ സ്വന്തം വാഹനങ്ങളിൽ എത്താനും കമ്പനികൾ നിർദേശം നല്കിയിട്ടുണ്ട്. മതിയായ പാർക്കിംഗ് സൗകര്യമില്ലാത്തതാണ് ഇവിടെയും പ്രശ്നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.