പുതിയ മോഡലുകളുടെ ചിറകിലേറി കാർ നിർമാതാക്കൾ
പുതിയ മോഡലുകളുടെ ചിറകിലേറി കാർ നിർമാതാക്കൾ
Monday, May 16, 2016 11:42 AM IST
ന്യൂഡൽഹി: പുതുതായി വിപണിയിലിറക്കിയ കാർ മോഡലുകളുടെ വിപണി മുന്നേറ്റത്തിൽ കാർ നിർമാതാക്കൾക്കു നേട്ടം. 2015–16ലെ ആകെ കാർ വിപണിയിൽ 12 ശതമാനവും പുതിയ മോഡലുകളാണ്. 2014–15ൽ ഇത് 7.6 ശതമാനമായിരുന്നു.

2015–16ൽ 7.2 ശതമാനം പുതിയ മോഡൽ പാസഞ്ചർ കാറുകളിൽ വിറ്റു–27.8 ലക്ഷം കാറുകൾ. 2014–15ൽ 10 പുതിയ മോഡലുകളിൽനിന്നായി 1,97,260 കാറുകളാണ് നിരത്തിലിറങ്ങിയത്. 2015–16ൽ ഇത് 17 പുതിയ മോഡലുകളിൽനിന്നായി 3,33,000 കാറുകളായി ഉയർന്നു. ഈ വിവരങ്ങളിൽ ആഡംബര വാഹനങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല.

2015–16ൽ നിരത്തിലിറങ്ങിയ 17 പുതിയ മോഡലുകളിൽ എല്ലാം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല. ഹ്യുണ്ടായിയുടെ ക്രറ്റ, മാരുതി സുസുകിയുടെ ബലേനോ, റെനോയുടെ ക്വിഡ്, ഹോണ്ടയുടെ ജാസ് എന്നിവ മികച്ച രീതിയിൽ വിറ്റഴിക്കപ്പെട്ടു. 41,000 ജാസ്, 64,000 ക്രറ്റ എന്നിവ വിപണിയിൽ മുന്നിട്ടുനിന്നു.


മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ടിയുവി300, മാരുതി സുസുകി എസ്ക്രോസ് എന്നിവ 24,000ൽ അധികം എണ്ണം നിരത്തിലിറങ്ങി. പുതിയ സാമ്പത്തികവർഷം അവതരിപ്പിച്ച മാരുതി ബ്രസ്സ, മഹീന്ദ്ര നുവോ സ്പോട്ട്, ടാറ്റാ തിയാഗോ എന്നിവയുടെ സ്വാധീനം അടുത്ത വർഷം അറിയാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.