700 രൂപ മുതലുള്ള ഫോണുകളുമായി ഐടെൽ ഇന്ത്യയിലേക്ക്
700 രൂപ മുതലുള്ള ഫോണുകളുമായി ഐടെൽ ഇന്ത്യയിലേക്ക്
Monday, May 16, 2016 11:42 AM IST
ന്യൂഡൽഹി: ഹോങ്കോംഗ് ആസ്‌ഥാനമായുള്ള ട്രാൻഷൻ ഹോൾഡിംഗ്സ് തങ്ങളുടെ മൊബൈൽ ബ്രാൻഡായ ഐടെലുമായി ഇന്ത്യയിലേക്ക്. ആഫ്രിക്കയിലെ ഏറ്റവും വലിയ മൊബൈൽ ഹാൻഡ്സെറ്റ് നിർമാതാക്കളാണ് ട്രാൻഷൻ ഹോൾഡിംഗ്സ്. 2007 മുതൽ ഏഴു കോടി ഹാൻഡ്സെറ്റുകൾ വിറ്റഴിച്ചുവെന്നാണ് ട്രാൻഷൻ ഹോൾഡിംഗ്സിന്റെ അവകാശവാദം.

ഫീച്ചർ, സ്മാർട്ട്ഫോണുകളിലായി സാധാരണക്കാർക്കു വാങ്ങാൻ കഴിയുന്ന വിലയിൽ ഫോണുകൾ ഇന്ത്യയിൽ ഇറക്കാനാണ് ഐടെൽ ലക്ഷ്യമിടുന്നത്. 700 രൂപ മുതൽ 7,000 രൂപ വരെയുള്ള ഫോണുകളാവും ഐടെൽ ഇന്ത്യയിൽ അവതരിപ്പിക്കുക. ആദ്യഘട്ടത്തിൽ ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, പഞ്ചാബ്, ജമ്മു–കാഷ്മീർ, ഹരിയാന, ഗുജറാത്ത്, രാജസ്‌ഥാൻ, ഉത്തരാഖണ്ഡ് എന്നീ വടക്കേ ഇന്ത്യൻ സംസ്‌ഥാനങ്ങളിലെ വിപണിയിലായിരിക്കും ഐടെൽ എത്തുക.


ഏത് അന്താരാഷ്ട്ര കമ്പനിക്കും പ്രിയപ്പെട്ട മാർക്കറ്റാണ് ഇന്ത്യ. ഇന്ത്യയിലെ മൊബൈൽ മാർക്കറ്റിന് ഇനിയും പുതിയ കമ്പനികളെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. ഇതാണു തങ്ങളുടെ പ്രതീക്ഷയെന്ന് ഐടെൽ ഇന്ത്യ സിഇഒ സുധീർ കുമാർ പറയുന്നു.

സ്മാർട്ട് സെൽഫി, സ്മാർട്ട് പവർ, ഷൈൻ എന്നിങ്ങനെ മൂന്നു സീരിസ് ഫീച്ചർ ഫോണുകളാണിറക്കുക. കൂടാതെ 4ജി സപ്പോർട്ട് ചെയ്യുന്ന ആൻഡ്രോയിഡ് മാർഷ്മാലോയിലുള്ള ഐടി1511 സ്മാർട്ട് ഫോണും ഇറക്കും. 100 ദിവസത്തെ റീപ്ലേസ്മെന്റ് വാറണ്ടിയും 12 മാസത്തെ റിപ്പയർ വാറണ്ടിയുമാണ് കമ്പനി ഓഫർ ചെയ്യുന്നത്.

എയർടെൽ, വോഡഫോൺ, ഷാർപ്, സോണി, ഇന്റെൽ, സാംസംഗ്, ജാവ, ഫേസ്ബുക്ക് എന്നീ കമ്പനികളുമായി സഖ്യമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.