ഫെഡ്ബുക് സെൽഫി – ജനാധിപത്യത്തിന് ഒരു വോട്ട്: കാഷ് ബാക് ഓഫറുമായി ഫെഡറൽ ബാങ്ക്
ഫെഡ്ബുക് സെൽഫി – ജനാധിപത്യത്തിന് ഒരു വോട്ട്:  കാഷ് ബാക് ഓഫറുമായി ഫെഡറൽ ബാങ്ക്
Monday, May 16, 2016 11:42 AM IST
കൊച്ചി: വോട്ടു രേഖപ്പെടുത്തിയശേഷം ഫെഡ്ബുക് സെൽഫി അക്കൗണ്ട് തുറക്കുന്നവർക്ക് 100 രൂപയുടെ കാഷ് ബാക് വാഗ്ദാനം ചെയ്യുന്ന ഫെഡ്ബുക് സെൽഫി ജനാധിപത്യത്തിന് ഒരു വോട്ട് പദ്ധതി ഫെഡറൽ ബാങ്ക് പ്രഖ്യാപിച്ചു. കേരളം, തമിഴ്നാട്, പോണ്ടിച്ചേരി, ആസാം സംസ്‌ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജനങ്ങളെ ജനാധിപത്യത്തെപ്പറ്റിയും വോട്ടു ചെയ്യേണ്ടതിനെപ്പറ്റിയും ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബാങ്കിന്റെ ഈ നൂതന സംരംഭം. സെൽഫി എടുത്തും ആധാർ കാർഡ് സ്കാൻ ചെയ്തും ഇന്ത്യയിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുറക്കാൻ സൗകര്യമൊരുക്കുന്ന മൊബൈൽ ആപ്പാണ് ഫെഡ്ബുക് സെൽഫി. ഫെഡ്ബുക് സെൽഫി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തശേഷം, വോട്ട് ചെയ്തതിന്റെ അടയാളം രേഖപ്പെടുത്തിയ വിരൽ ഉൾപ്പെടെയുള്ള സെൽഫി ഫോട്ടോ ഉപയോഗിച്ച് അക്കൗണ്ട് തുറക്കുകയും നെഫ്റ്റ്, ആർടിജിഎസ്, ഐഎംപിഎസ് എന്നിവയിലേതെങ്കിലും വഴി കുറഞ്ഞത് 1,000 രൂപ പ്രാരംഭനിക്ഷേപമായി അക്കൗണ്ടിലിടുകയും ചെയ്താണ് ഈ ആനുകൂല്യം ലഭ്യമാക്കേണ്ടത്. ഇന്നലെ മുതൽ 22 വരെയാണ് ഇതു ലഭ്യമാകുക.


സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് മൊബൈൽ ആപ്ലിക്കേഷനുമായി രംഗത്തെത്തിയ ആദ്യത്തെ ബാങ്കാണ് ഫെഡറൽ ബാങ്ക് എന്ന് ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിംഗ് മേധാവി കെ.എ. ബാബു പറഞ്ഞു. ഫെഡ്ബുക് സെൽഫി ഉപയോഗിച്ച് ഇടപാടുകാർക്ക് എപ്പോൾ, എവിടെ വേണമെങ്കിലും തങ്ങളുടെ സൗകര്യാനുസരണം അക്കൗണ്ട് തുറക്കാം. ഇന്ത്യൻ സാഹചര്യങ്ങൾക്ക് തികച്ചും അനുയോജ്യമായ ഈ ആപ്ലിക്കേഷൻ വഴി അക്കൗണ്ട് തുറക്കാൻ ആധാർ കാർഡ് മാത്രം കൈവശമുണ്ടായാൽ മതി. നാല് എംബി മാത്രമാണ് ഇതിന്റെ വലുപ്പം. പണക്കാരിലും പാവപ്പെട്ടവരിലും ഗ്രാമീണരിലും നാഗരികരിലും ചെറുപ്പക്കാരിലും പ്രായമായവരിലും തുല്യമായ രീതിയിലാണ് ഫെഡ്ബുക് സെൽഫി എത്തിച്ചേർന്നിരിക്കുന്നത്. ജനാധിപത്യത്തോടും ഡിജിറ്റൽ ഇന്ത്യയോടുമുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഫെഡ്ബുക് സെൽഫി പ്രചാരണമെന്ന് അദ്ദേഹം വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.