ഓൺലൈൻ കാർ വായ്പയ്ക്ക് സൗകര്യമൊരുക്കി ഫെഡറൽ ബാങ്ക്
ഓൺലൈൻ കാർ വായ്പയ്ക്ക് സൗകര്യമൊരുക്കി ഫെഡറൽ ബാങ്ക്
Wednesday, May 18, 2016 11:07 AM IST
കൊച്ചി: ബാങ്ക് ശാഖയിൽ പോകാതെ ഓൺലൈനായി കാർ വായ്പ ലഭ്യമാക്കുന്ന “ബി യുവർ ഓൺ മാസ്റ്റർ’ (ബിവൈഒഎം) ഡിജിറ്റൽ കാർ വായ്പാ പദ്ധതി ഫെഡറൽ ബാങ്ക് അവതരിപ്പിച്ചു. ഏതു കാർ വാങ്ങണം, ഏതു ഡീലറിൽനിന്നു വേണം, വായ്പതുക എത്ര എന്നീ കാര്യങ്ങൾ തീരുമാനിക്കാനും ഓൺലൈനായിത്തന്നെ വായ്പ അനുവദിച്ചുകിട്ടാനും ഡീലറിൽനിന്ന് നേരിട്ട് കാർ സ്വീകരിക്കാനും ഇതിലൂടെ സാധിക്കും. ആദ്യഘട്ടത്തിൽ കൊച്ചിയിലെയും മുംബൈയിലെയും മുൻ അംഗീകാരമുള്ള ഇടപാടുകാർക്കാണ് ഈ സൗകര്യം ലഭ്യമാകുക.

ബിവൈഒഎമ്മിനു കീഴിൽ ഏർപ്പെടുത്തുന്ന രണ്ടാമത്തെ ഡിജിറ്റൽ വാഗ്ദാനമാണ് ഓൺലൈൻ കാർ വായ്പ. നിക്ഷേപത്തിന്മേൽ ഓൺലൈനായി വായ്പ ലഭ്യമാക്കുന്ന ഫെഡ് ഇ ക്രെഡിറ്റ് ആയിരുന്നു ആദ്യത്തേത്.


ഇടപാടുകാർക്ക് മറ്റെങ്ങുമില്ലാത്ത സൗകര്യങ്ങൾ ഡിജിറ്റൽ ഉത്പന്നങ്ങളിലൂടെയും സുഗമമായ പ്രവർത്തനത്തിലൂടെയും ലഭ്യമാക്കാൻ ഫെഡറൽ ബാങ്ക് പ്രതിജ്‌ഞാബദ്ധമാണെന്നും ബിവൈഒഎം കാർ ഈ ദിശയിലുള്ള മറ്റൊരു നൂതന കാൽവയ്പാണെന്നും ഡിജിറ്റൽ ബാങ്കിംഗ് മേധാവി കെ.എ. ബാബു പറഞ്ഞു. കാർ വായ്പയ്ക്കായി ബാങ്കിന്റെ ശാഖയിൽ പോകേണ്ട എന്നതിനാൽ ബിവൈഒഎം കാറിന് ഇടപാടുകാരെ അദ്ഭുതപ്പെടുത്താനാകുമെന്നുറപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലുടനീളം ഈ സൗകര്യം വ്യാപിപ്പിക്കും. കടലാസുരഹിത ഓൺലൈൻ വ്യക്‌തിഗത വായ്പാ സൗകര്യവും ഫെഡറൽ ബാങ്ക് വൈകാതെ നടപ്പിൽവരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.