സിയാലിന്റെ വാർഷിക വരുമാനം 1000 കോടി രൂപയാകും
സിയാലിന്റെ വാർഷിക വരുമാനം 1000 കോടി രൂപയാകും
Friday, May 20, 2016 11:48 AM IST
നെടുമ്പാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (സിയാൽ) വാർഷിക വരുമാനം 2023ൽ 1000 കോടി രൂപയാകുമെന്ന് അധികൃതർ വ്യക്‌തമാക്കി. വർഷം തോറുമുള്ള വളർച്ചയുടെ ഷെഡ്യൂൾ തയാറാക്കിയിട്ടുണ്ട്. വ്യോമയാനേതര വരുമാനം വൻതോതിൽ വർധിപ്പിക്കാനുള്ള പദ്ധതികൾ സിയാൽ നടപ്പിലാക്കിവരികയാണ്.

15 ലക്ഷം ചരുത്രശ്ര അടി വിസ്തീർണമുള്ള പുതിയ അന്താരാഷ്ട്ര ടെർമിനൽ പ്രവർത്തനക്ഷമമാകുന്നതോടെ ഫ്ളൈറ്റുകളുടെ എണ്ണം പതിന്മടങ്ങ് വർധിക്കും. നിലവിൽ അറുപതിനായിരത്തോളം ഫ്ളൈറ്റുകളാണ് ഇവിടെനിന്ന് സർവീസ് നടത്തുന്നത്. 2023–ഓടെ ഇത് അഞ്ചിരട്ടിയാകുമെന്നാണ് കണക്കാക്കുന്നത്. യാത്രക്കാരുടെ എണ്ണം 70 ലക്ഷത്തിൽനിന്ന് 350 ലക്ഷം ആകുമെന്നാണ് പ്രതീക്ഷ.


സിയാലിന്റെ വരുമാനത്തിൽ 30 ശതമാനത്തിലധികം ലഭിക്കുന്നത് ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്നാണ്. ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ വിസ്തൃതി വർധിപ്പിക്കുന്നതോടെ വരുമാനം ഗണ്യമായി വർധിക്കും. സിയാൽ സൗരോർജ ഉത്പാദനത്തിൽ രാജ്യത്തിന് മാതൃകയാണ്. വിമാനത്താവളവും അനുബന്ധ സ്‌ഥാപനങ്ങളും സൗരോർജത്തിലാണ് പ്രവർത്തിക്കുന്നത്. ഇതിനു പുറമെ ഹൈഡ്രൽ വൈദ്യുതി നിലയങ്ങളും ആരംഭിക്കുന്നുണ്ട്. ആദ്യത്തെ പ്രോജക്ടിന്റെ നിർമാണം തുടങ്ങി. നിലവിൽ സിയാലിന്റെ വാർഷിക വരുമാനം 500 കോടി രൂപയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.