സൂചികയിൽ ചാഞ്ചാട്ടസാധ്യത നല്കി മേയ് സീരിസ് സെറ്റിൽമെന്റ്
സൂചികയിൽ ചാഞ്ചാട്ടസാധ്യത നല്കി മേയ് സീരിസ് സെറ്റിൽമെന്റ്
Sunday, May 22, 2016 12:02 PM IST
<ആ>ഓഹരി അവലോകനം / സോണിയ ഭാനു

മുംബൈ: ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസിൽ മേയ് സീരീസ് സെറ്റിൽമെന്റ് അടുത്തതോടെ സൂചികയിൽ വൻ ചാഞ്ചാട്ടങ്ങൾക്കുള്ള സാധ്യത തെളിയുകയാണ്. എട്ടു ദിവസം നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് നിഫ്റ്റിക്ക് 7,800–7,900 റേഞ്ചിൽനിന്ന് പുറത്തു കടക്കാനായത്. വിപണി പുതിയ ദിശ കണ്ടെത്തിയ സാഹചര്യത്തിൽ ഓപ്പറേറ്റർമാർ പൊസിഷനുകൾ ജൂൺ സീരീസിലേക്ക് റോൾ ഓവറിനും നീക്കം നടത്താം.

ഫോറെക്സ് മാർക്കറ്റിൽ പ്രമുഖ കറൻസികൾക്കു മുന്നിൽ യുഎസ് ഡോളർ കരുത്തു കാണിച്ചു. ഡോളറിന്റെ മികവിനു മുന്നിൽ രൂപയ്ക്കു വീണ്ടും മൂല്യശോഷണം. വിനിമയവിപണിയിലെ ചലനങ്ങൾ കണക്കിലെടുത്താൽ നിക്ഷേപം തിരിച്ചുപിടിക്കാൻ ഫണ്ടുകൾ നീക്കം നടത്താം. അടുത്ത വായ്പാ അവലോകന യോഗത്തിൽ യുഎസ് ഫെഡ് റിസർവ് പലിശനിരക്ക് വർധിപ്പിക്കുമെന്ന വിലയിരുത്തലുകൾക്ക് ശക്‌തിയേറി. പുതിയ സാഹചര്യത്തിൽ വിദേശ ഫണ്ടുകൾ സ്വീകരിക്കുന്ന നിലപാടുകൾ നിർണായകമാവും. പിന്നിട്ടവാരം ബോംബെ സെൻസെക്സ് 187 പോയിന്റും നിഫ്റ്റി 65 പോയിന്റും കുറഞ്ഞു.

മൺസൂൺ ഒരാഴ്ചയോളം വൈകുമെന്ന വിലയിരുത്തലുകളും പാർട്ടിസിപ്പേറ്ററി, പി–നോട്ടിനെ കുറിച്ചുള്ള ആശങ്കകളും നിക്ഷേപകരിൽ ആശങ്ക ജനിപ്പിച്ചു. ഡെറിവേറ്റീവ് മാർക്കറ്റിൽ വ്യാഴാഴ്ചയാണ് സെറ്റിൽമെന്റ്. വിദേശ ഫണ്ടുകൾ പിന്നിട്ടവാരത്തിലും നിക്ഷേപത്തിനുത്സാഹിച്ചു. 1,973 കോടി രൂപയുടെ ഓഹരികളാണ് അവർ അഞ്ച് ദിവസങ്ങളിലായി വാങ്ങിക്കൂട്ടിയത്. വിദേശ നിക്ഷേപത്തിനിടയിലും ഫോറെക്സ് മാർക്കറ്റിൽ യുഎസ് ഡോളർ കാഴ്ചവച്ച മുന്നേറ്റം രൂപയുടെ വിനിമയനിരക്ക് ഇടിച്ചു. ഒരു ശതമാനം നഷ്ടം നേരിട്ട രൂപ 66.76ൽനിന്ന് 67.44ലേക്ക് താഴ്ന്നു.

നിഫ്റ്റി 7,939ൽനിന്നുള്ള തളർച്ചയിൽ 7,736 വരെ ഇടിഞ്ഞ ശേഷം വാരാന്ത്യം 7,749ലാണ്. ഈ വാരം സൂചികയ്ക്ക് 7,677ൽ ആദ്യ താങ്ങു പ്രതീക്ഷിക്കാം. ഇതു നഷ്ടപ്പെട്ടാൽ സൂചിക 7,605–7,474ലേക്ക് പരീക്ഷണങ്ങൾക്കു മുതിരാം. അതേസമയം അനുകൂല വാർത്തകൾ നേട്ടമാക്കിയാൽ നിഫ്റ്റി 7,880–8,011ൽ പ്രതിരോധം നേരിടാൻ ഇടയുണ്ട്.


നിഫ്റ്റി അതിന്റെ 200 ദിവസങ്ങളിലെ ശരാശരിയായ 7,799ലെ സപ്പോർട്ട് നഷ്ടപ്പെട്ട അവസ്‌ഥയിലാണ്. സൂചികയുടെ മറ്റു സാങ്കേതിക വശങ്ങൾ കണക്കിലെടുത്താൽ പാരാബോളിക് എസ്എആർ ബുള്ളിഷ് ട്രൻഡ് നിലനിർത്തി. അതേസമയം എംഎസിഡി, ആർഎസ്ഐ –14 എന്നിവ ന്യൂട്ടറൽ റേഞ്ചിലാണ്. സ്ലോ സ്റ്റോക്കാസ്റ്റിക്, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക് എന്നിവ സെല്ലിംഗ് മൂഡിലേക്കു തിരിഞ്ഞു.

ബോംബെ സെൻസെക്സ് വാരത്തിന്റെ തുടക്കത്തിൽ 25,921 റേഞ്ചിലേക്ക് കയറിയെങ്കിലും ഈ അവസരത്തിലെ വില്പന സമ്മർദം മൂലം 25,259 വരെ താഴ്ന്നു. വാരാന്ത്യം സൂചിക 25,301ലാണ്. ഈ വാരം സൂചികയ്ക്ക് 25,066–24,831ൽ താങ്ങും 25,728–26,155ൽ പ്രതിരോധവുമുണ്ട്.

മുൻനിരയിലെ പത്തു കമ്പനികളിൽ അഞ്ച് എണ്ണത്തിന്റെ വിപണിമൂല്യത്തിൽ കഴിഞ്ഞവാരം 21,458.26 കോടി രൂപയുടെ ഇടിവ്. ആർഐഎലിന് 14,229.24 കോടിയുടെ മൂല്യനഷ്ടം. ഇൻഫോസിസ്, സൺ ഫാർമ, കോൾ ഇന്ത്യ, എച്ച്യു എൽ എന്നിവയ്ക്കു തിരിച്ചടിനേരിട്ടു. അതേസമയം ടിസിഎസ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഒഎൻജിസി എന്നിവ മികവു കാണിച്ചു.

ഏഷ്യൻ മാർക്കറ്റുകൾ പലതും വാരാന്ത്യം നേട്ടത്തിലാണ്. ജപ്പാൻ, ഹോങ്കോംഗ്, ചൈനീസ് സൂചികകൾ ഉയർന്നാണ് വ്യാപാരം അവസാനിച്ചത്. ജർമ്മൻ, ഫ്രാൻസ് തുടങ്ങിയ യൂറോപ്യൻ വിപണികളും മുന്നേറി. അമേരിക്കയിൽ ഡൗ ജോൺസ്, നാസ്ഡാക്, എസ് ആൻഡ് പി 500 ഇൻഡക്സുകളും തിളങ്ങി.

ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില നാലു ശതമാനം ഉയർന്ന് ബാരലിന് 47.75 ഡോളറായി. ഡോളർ സൂചികയുടെ മികവിൽ ഫണ്ടുകൾ സ്വർണത്തിൽ വില്പനയ്ക്ക് ഉത്സാഹിച്ചതോടെ നിരക്ക് ട്രോയ് ഔൺസിന് 1,252 ഡോളറായി താഴ്ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.